X

തന്റെ ഭരണകാലത്ത് പീഡനവീരന്മാരെ കെട്ടിത്തൂക്കി മുറിവില്‍ ഉപ്പും മുളകും തേച്ചിരുന്നെന്ന് ഉമാഭാരതി

ഇതുകാണാന്‍ ഇരകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അനുവാദമുണ്ടായിരുന്നു

താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ലൈംഗിക അതിക്രമങ്ങളില്‍ പ്രതിയാകുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് നല്‍കിയിരുന്നതെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഇരയാകുന്ന സ്ത്രീകളോട് പൊട്ടിക്കരഞ്ഞ് മാപ്പിരക്കുന്നതുവരെ അതിക്രൂരമായ രീതിയിലാണ് പ്രതികളെ കൈകാര്യം ചെയ്തിരുന്നത്.

ലൈംഗിക അതിക്രമങ്ങള്‍ കാട്ടുന്നവരെ അതിക്രൂരമായി തന്നെ കൈകാര്യം ചെയ്യണമെന്നാണ് ഇപ്പോഴും തന്റെ നയമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ ദേശീയ പാതയിലൂടെ സഞ്ചരിച്ച കുടുംബത്തിലെ വീട്ടമ്മയെയും മകളെയും വാഹനം തടഞ്ഞ് മാനഭംഗപ്പെടുത്തിയ സംഭവത്തെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു അവര്‍. അതേസമയം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി ഒന്നും ചെയ്തില്ലെന്നും ഉമാഭാരതി വിമര്‍ശിച്ചു.

ഇത്തരം കേസുകളില്‍ പ്രതിയാകുന്നവരെ തല കീഴ്‌പ്പോട്ടാക്കി കെട്ടിത്തൂക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചിരുന്നെന്നും കുറ്റമേറ്റ് പറയുന്നതുവരെ മര്‍ദ്ദിക്കാനും ദേഹത്തെ മുറിവുകളില്‍ ഉപ്പും മുളകും തേയ്ക്കുകയും ചെയ്തിരുന്നെന്നും അവര്‍ വെളിപ്പെടുത്തി. ഇതുകാണാന്‍ ഇരകള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും അനുവാദമുണ്ടായിരുന്നു. ചെകുത്താനെ പോലെ പെരുമാറുന്നവരുടെ ശിരസ് രാവണന്റേത് പോലെ വെട്ടിക്കളയണമെന്നായിരുന്നു പോലീസുകാരോടുള്ള തന്റെ നിര്‍ദ്ദേശമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Related Post
Leave a Comment