X

1965 മാര്‍ച്ച് 02: സംഗീത നാടക സിനിമ ദ സൗണ്ട് ഓഫ് മ്യൂസിക് റിലീസ് ചെയ്തു

സൗണ്ട് ഓഫ് മ്യൂസിക് റിലീസ് ചെയ്തതോടെ ലോകം അതിനെ ഒരു കൊടുങ്കാറ്റായി ഏറ്റെടുത്തു. അഞ്ച് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ഈ ചിത്രം നേടിയത്. മികച്ച സംഗീതവും ഉദ്യോഗഭരിതമായ തിരക്കഥയും മൂലം കാഴ്ചക്കാര്‍ക്ക് ഈ ചിത്രം വ്യത്യസ്തമായ അനുഭവമായിരുന്നു

സൗണ്ട് ഓഫ് മ്യൂസിക് റിലീസ് ചെയ്തതോടെ ലോകം അതിനെ ഒരു കൊടുങ്കാറ്റായി ഏറ്റെടുത്തു. അഞ്ച് ഓസ്‌കാര്‍ പുരസ്‌കാരങ്ങളാണ് ഈ ചിത്രം നേടിയത്. മികച്ച സംഗീതവും ഉദ്യോഗഭരിതമായ തിരക്കഥയും മൂലം കാഴ്ചക്കാര്‍ക്ക് ഈ ചിത്രം വ്യത്യസ്തമായ അനുഭവമായിരുന്നു. ചിത്രം റിലീസ് ചെയ്തപ്പോള്‍ 1939ലെ ചിത്രമായ ഗോണ്‍ വിത്ത് വിന്‍ഡിന്റെ ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തരണം ചെയ്താണ് ചരിത്രം സൃഷ്ടിച്ചത്.

ഒരു ഹോളീവുഡ് സംഗീത നാടക ചിത്രത്തിന് ലഭിച്ച ഏറ്റവും വലിയ നേട്ടമാണ് ഇത്. 1959ല്‍ റിച്ചാര്‍ഡ് റോജേഴ്‌സും ഓസ്‌കാര്‍ ഹമ്മേഴ്‌സ്റ്റീനും രചിച്ച ബ്രോഡ്‌വേ സ്‌റ്റേജ് ഷോയില്‍ നിന്നുമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. റോബര്‍ട്ട് വൈസ് ആണ് ചിത്രം സംവിധാനം ചെയ്തത്. 20ത് സെഞ്ചുറി ഫോക്‌സ് പ്രസിഡന്റ് റിച്ചാര്‍ഡ് സി സനൂക്കും ഏണസ്റ്റ് ലേഹ്മാനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചന നിര്‍വഹിച്ചിരിക്കുന്നത്. മരിയ വോന്‍ ട്രാപ്പ് രചിച്ച സ്റ്റോറി ഓഫ് ദ ട്രാപ്പ് ഫാമിലി സിംഗേഴ്‌സ് എന്ന രചനയാണ് സംഗീത നാടകത്തിന്റെയും ചിത്രത്തിന്റെയും അടിസ്ഥാനം. വിഭാര്യനായ ഓസ്‌ടേലിയന്‍ നാവികന്റെ വീട്ടിലേക്ക് മരിയ എത്തുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. നാവികന്റെ ഏഴ് മക്കളെ നോക്കി വളര്‍ത്തുകയാണ് ഇവരുടെ ജോലി. കുട്ടികളുടെയും നാവികന്റെ പ്രീതി പിടിച്ചുപറ്റാന്‍ ഇവര്‍ക്ക് വളരെ വേഗത്തില്‍ തന്നെ സാധിക്കുന്നു. എന്നാല്‍ നാസികളുടെ ആക്രമണം ഇവരുടെ ജീവിതത്തെ തകര്‍ക്കുന്നു.

മരിയ ആയി ജൂലി ആന്‍ഡ്ര്യൂസ് ആണ് അഭിനയിച്ചത്. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത മേരി പോപ്പിന്‍സ് എന്ന ചിത്രത്തിലെ അഭിനയം കണ്ടാണ് ജൂലി ആന്‍ഡ്ര്യൂസ് ഈ ചിത്രത്തിലേക്ക് ക്ഷണിക്കപ്പെടുന്നത്. ഓസ്‌ട്രേലിയയിലും സാന്‍സ്ബര്‍ഗിലുമായി 70എംഎമ്മില്‍ ചിത്രീകരിച്ച ദൃശ്യങ്ങളുടെ മികവും ചിത്രത്തില്‍ എടുത്തുപറയേണ്ടതാണ്. ജൂലിയയുടെ മികച്ച ആലാപനവും ചിത്രത്തിന് നേട്ടം ചെയ്തു. മരിയ, ദ സൗണ്ട് ഓഫ് മ്യൂസിക്, മൈ ഫേവറൈറ്റ് തിംഗ്‌സ്, യു ആര്‍ സിക്സ്റ്റീന്‍ ഗോയിംഗ് ഓണ്‍ സെവന്റീന്‍, ക്ലിമ്പ് എവരി മൗണ്ടേയ്ന്‍, ഡു-റെ-മി, എഡെല്‍വീസ് എന്നീ ഗാനങ്ങള്‍ ആസ്വാദകര്‍ ഏറ്റെടുത്തു.

1965 മാര്‍ച്ച് രണ്ടിന് അമേരിക്കയിലാണ് ചിത്രം റിലീസ് ചെയ്തത്. ‘എല്ലാ ലോകത്തിലേക്കും ഏറ്റവും സന്തോഷകരമായ ശബ്ദം’ എന്നായിരുന്നു ചിത്രത്തിന്റെ വിപണന ക്യാപ്ഷനുകള്‍. 1965ല്‍ ഏറ്റവുമധികം പണം വാരിയ ചിത്രം നിരൂപക ശ്രദ്ധയും ആകര്‍ഷിച്ചു. ക്ലിയോപാട്ര എന്ന ചിത്രത്തിന്റെ പരാജയത്തോടെ 20ത് സെഞ്ചുറി ഫോക്‌സ് അടച്ചു പൂട്ടിയിരുന്നു. സൗണ്ട് ഓഫ് മ്യൂസിക് നേടിയ ലാഭത്തോടെ അവര്‍ വീണ്ടും രക്ഷപ്പെടുകയും ചെയ്തു. മികച്ച ചിത്രം, മികച്ച സംവിധായകന്‍ എന്നിവ ഉള്‍പ്പെടെയാണ് ഈ ചിത്രം അഞ്ച് ഓസ്‌കാര്‍ അവാര്‍ഡുകള്‍ നേടിയത്.

1998ല്‍ അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ദ സൗണ്ട് ഓഫ് മ്യൂസിക്കിനെ എക്കാലത്തെയും മികച്ച 55-ാം അമേരിക്കന്‍ ചിത്രമായും നാലാമത്തെ സംഗീത ചിത്രമായും തെരഞ്ഞെടുത്തു. 2001ല്‍ ചിത്രത്തിന് സാംസ്‌കാരികമായും ചരിത്രപരമായും സൗന്ദര്യാത്മകമായുമുള്ള പ്രാധാന്യങ്ങള്‍ പരിഗണിച്ച് അമേരിക്കന്‍ ലൈബ്രറി ഓഫ് കോണ്‍ഗ്രസ് ചിത്രം സംരക്ഷിക്കാനായി തെരഞ്ഞെടുത്തു.