X

നിങ്ങളുടെ ഊഴമെത്തുന്നതുവരെ മൗനം പാലിച്ചു കൊള്ളുക

അഴിമുഖം പ്രതിനിധി

മൂന്നുപേരെ ഞങ്ങള്‍ തീര്‍ത്തു. അടുത്തത് നിങ്ങളുടെ ഊഴമാണ്. എത്ര പൊലീസ് സംരക്ഷണം ഉണ്ടെങ്കിലും രക്ഷയില്ല. നിങ്ങളുടെ സമയം കഴിഞ്ഞിരിക്കുന്നു, ദിവസങ്ങള്‍ എണ്ണിക്കോളൂ…

കന്നഡ എഴുത്തുകാരനും യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായ കെ എസ് ഭഗവാനു ലഭിച്ച മരണസന്ദേശത്തിലെ വരികള്‍ ഇങ്ങനെയായിരുന്നു. മതത്തെ നിന്ദിക്കുന്നവന് മരണം വിധിക്കുന്നവരെഴുതുന്ന മുന്നറിയിപ്പ്.

ഒരു മതത്തെ, അതിന്റെ പുണ്യഗ്രന്ഥത്തെ അധിക്ഷേപിക്കുന്നവര്‍ക്ക് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷ വിധിക്കരുതെന്നാണ് ലോകത്തിന്റെ പുതിയ നീതി. ആ നൈതികതയുടെ ഇന്ത്യയിലെ നടത്തിപ്പുകാരാണ് ധബോല്‍ക്കറിനും പന്‍സാരേയ്ക്കും കല്‍ബുര്‍ഗിക്കുമെല്ലാം ശേഷം ഇപ്പോള്‍ ഭഗവാനും ‘ മോക്ഷം’ നല്‍കാന്‍ തയ്യാറെടുക്കുന്നത്.

അവര്‍ പറഞ്ഞതുശരിയാണ്; എത്ര സംരംക്ഷണം ഉണ്ടെങ്കിലും ചെയ്യേണ്ടത് അവര്‍ ചെയ്യും… ഏതൊരു അധോലോകത്തേക്കാള്‍ ശക്തമാണ് അവര്‍…ഇന്ത്യ ഭരിക്കുന്ന പുതിയ രാഷ്ട്രീയം അതിനവരെ തുണയ്ക്കുന്നുണ്ട്. ഭഗവാനാണ് ഹിന്ദു മതമൗലികവാദികളുടെ അടുത്ത ടാര്‍ഗറ്റെന്ന് സൂചന മുന്നേ കിട്ടിയിരുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് ഒരു ദിവസം പിന്നാലെ ദക്ഷിണ കര്‍ണാടകയിലുള്ളൊരു ബജറംഗ്ദള്‍ ലോക്കല്‍ നേതാവിന്റെ ട്വിറ്റര്‍ കുറിപ്പിലൂടെ. ഭഗവത്ഗീതയെ അപമാനിച്ചതിനുള്ള മുന്നറിയിപ്പായിരുന്നു അത്.

തനിക്കു വന്നിട്ടുള്ള ഭീഷണി കത്തുകളില്‍ മറ്റൊരെണ്ണമായി മാത്രമാണ് ഭഗവാന്‍ ഈ കത്തിനെയും കാണുന്നത്. അദ്ദേഹത്തിന്റെ കുടുംബം തങ്ങളുടെ ഭയം പൊലീസിനെ അറിയിക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഭയം തന്റെ പാതയുടെ വ്യതിചലനമായിരിക്കുമെന്ന നിലപാടിലാണ് ഭഗവാന്‍.

എം എം കല്‍ബുര്‍ഗിയുടെ കൊലപാതകം നടന്ന് ആഴ്ചയൊന്നു പിന്നിട്ടിട്ടും അതിന്റെ കാരണക്കാരായവരെ പൊലീസിന് പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കര്‍ണാടക സര്‍ക്കാര്‍ കേസ് ഇപ്പോള്‍ സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നു. സര്‍ക്കാരും പൊലീസും ഇരുട്ടില്‍ തപ്പുമ്പോള്‍ വേട്ടക്കാര്‍ പരസ്യമായി പുറത്തിറങ്ങി മുന്നറിയിപ്പുകള്‍ കൊടുക്കുന്നു, ഇരകളെ ടാര്‍ഗറ്റ് ചെയ്യുന്നു, കൊല്ലുന്നു…

ഭഗവവത്ഗീതയെ അപമാനിച്ചു എന്നതാണ് ഭഗവാന് മേലുള്ള കുറ്റം. ഈ വര്‍ഷം മൈസൂരില്‍ സംഘടിപ്പിച്ചൊരു സെമിനാറില്‍ ഭഗവത്ഗീതയെ വിമര്‍ശനാത്മകമായി അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഹിന്ദു വര്‍ഗീയതയുടെ ദക്ഷിണേന്ത്യന്‍ കേന്ദ്രമായ കര്‍ണാടകയില്‍ ഇത്തരമൊരു ‘റിസ്ക് ‘ സ്വജീവിതം നഷ്ടമാക്കുന്നതിനെ ഉതകൂ എന്നറിയാത്തയാളല്ലായിരുന്നു കെ എസ് ഭഗവാന്‍. എന്നാല്‍ പറയേണ്ടതൊക്കെ പറയാനുള്ള ധൈര്യമുണ്ടായിരുന്നു.



ഈ ഭീഷണി കത്തുകള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. ഇത്തരത്തിലൊന്ന് ഇതാദ്യവുമല്ല. അജ്ഞാനികളാണ് ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത്. ഞാന്‍ എഴുതിയതൊന്നും തന്നെ, ഒരു പേജു പോലും വായിക്കാത്തവരാണവര്‍. ഞാനെന്ത് എഴുതുന്നോ അത് പഠിച്ചുമാത്രം ചെയ്യുന്നതാണ്. അതിനോട് അവര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അതുയര്‍ത്താം; സംസ്‌കാരത്തോടെ
– ഭഗവാന്‍ പുതിയ സാഹചര്യത്തോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു.

ഭഗവാന്‍ ഒരവാസനമല്ല. ഇനിയുമാരൊക്കെ മൗലികസ്വാതന്ത്ര്യത്തിന്റെ അഹങ്കാരത്തില്‍, തങ്ങള്‍ക്ക് അനിഷ്ടമായ കാര്യങ്ങള്‍ വിളിച്ചു പറയുന്നോ, തങ്ങള്‍ നിഷിദ്ധമെന്ന് പ്രഖ്യാപിച്ചവയോട് ഇഷ്ടം കൂടുന്നുവോ, അത്തരം മാലിന്യങ്ങളെയെല്ലാം നീക്കം ചെയ്ത് ഒരു സ്വച്ഛ് ഭാരതം സ്വപ്‌നം കാണുന്നവരാണ് മതത്തിന്റെ തുണി നെറ്റിയില്‍ വട്ടംകെട്ടി അട്ടഹാസം മുഴക്കുന്ന ഈ രാജ്യസ്‌നേഹികള്‍. അവരുടെ ഇഷ്ടവാക്ക് മാതാവ് എന്നതാണെങ്കിലും ആ വാക്കിലെ സഹിഷ്ണുത മനസ്സിലാക്കാന്‍ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്തവര്‍. ചോരയുടെ മറുപടി ശീലമാക്കിയവര്‍. അങ്ങനെയുള്ളവര്‍ കല്‍ബുര്‍ഗിമാര്‍ക്ക് പിന്തുടര്‍ച്ചക്കാരെ ഉണ്ടാക്കി കൊണ്ടേയിരിക്കും.

കര്‍ണാടകയില്‍ പൊലീസ് ഇപ്പോള്‍ സാംസ്‌കാരിക-സാഹിത്യ നായകര്‍ക്ക് സംരക്ഷണം ഒരുക്കുന്ന തിരക്കിലാണ്. ജ്ഞാനപീഠം അവാര്‍ഡ് ജേതാവായ ഗിരിഷ് കര്‍ണാട്, എസ് എല്‍ ബൈരപ്പ, ഇപ്പോള്‍ കെ എസ് ഭഗവാന്‍ എന്നിവരുടെയെല്ലാം സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മതേതരമെന്നും സാംസ്‌കാരികമെന്നും പുറംലോകങ്ങള്‍ക്കു മുന്നില്‍ വീമ്പിളക്കുന്നൊരു രാജ്യത്താണ് സര്‍ഗാത്മകപ്രവര്‍ത്തനം നടത്തേണ്ടവര്‍ക്ക് തോക്കിന്‍ കാവലില്‍ പേനയനക്കേണ്ടി വരുന്നതെന്നത് എത്ര അപഹാസ്യമാണ്!

മൗനം പ്രതിരോധമല്ല, കീഴടങ്ങലാണെന്ന് കര്‍ണാടകത്തിലെ സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം മനസ്സിലാക്കിയിരിക്കുന്നു. കല്‍ബുര്‍ഗിയുടെ ഘാതകരെ പിടികൂടുന്നതില്‍ കാലതാമസം വരുന്നതിനെതിരെ ശക്തമായ പ്രതിഷേധം ആ സംസ്ഥാനത്ത് ഉയരുന്നു. പലരും തങ്ങള്‍ക്ക് കിട്ടിയ ബഹുമതികള്‍ തിരികെ നല്‍കാനൊരുങ്ങി മോശമായൊരു രാജ്യനീതിയെ വെല്ലുവിളിക്കുന്നു. ഒരു വെടിയുണ്ട തങ്ങള്‍ക്കു വേണ്ടിയും എവിടെയോ ലോഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനസ്സിലാക്കിയിട്ടും അവര്‍ ശബ്ദം ഉയര്‍ത്തുകയാണ്. കാവി സദസിലെ വിദൂഷകരാകുന്നതിനേക്കാള്‍ മരണം ബഹുമതിയെന്നു കരുതുന്നവര്‍.

എന്നിട്ടുമെന്തേ ഈ കേരളത്തില്‍, സാംസ്‌കാരിക ലേബല്‍ നെറ്റിയിലൊട്ടിച്ച ഒരു നാട്ടില്‍ മൗനം എന്ന വിഷം കുടിച്ച് ഇവിടുത്തെ നായകന്മാര്‍ ചത്തു ജീവിക്കാന്‍ തീരുമാനിക്കുന്നത്? വെടിയുണ്ടകള്‍ തറച്ചില്ലെങ്കിലും ഇവിടെയും ബഷീറുമാര്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അടുത്തത് നിങ്ങളാണെന്ന് ഭയപ്പെടുത്തുന്ന സന്ദേശങ്ങള്‍ എഴുതപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതു മുന്‍കൂട്ടി കണ്ടിട്ടാണോ ഈ കീഴടങ്ങല്‍?

അവിടെയൊരു കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പലരുമുണ്ടായി. ഇവിടെയോ? ഒരു എന്‍ എസ് മാധവന്‍, അല്ലെങ്കിലൊരു കുരീപ്പുഴ; അതിനപ്പുറത്തേക്ക് വീണ്ടും മൗനം.

എതു തരം മതേരത്വമാണ് നമുക്കിനിയും പറയാനുള്ളത്? മഹാനായൊരു മനുഷ്യന്റെ പേരില്‍ ജീര്‍ണ ജിഹ്വകള്‍ നടത്തുന്ന പുലയാട്ടുകളെ ബ്രേക്കിംഗ് ന്യൂസുകളാക്കുന്ന മുഖ്യധാര മാധ്യമങ്ങളോ സോഷ്യല്‍ മീഡിയയിലെ ഒപ്പീനിയന്‍ മേക്കേഴ്‌സോ തെരുവില്‍ ഇറങ്ങി ചുംബിച്ചവരോ ആരും തന്നെ എന്തുകൊണ്ട് ഒരു സ്വതന്ത്ര ചിന്തകന്‍ പൊതുധാരയില്‍ നിന്ന് നിര്‍ബന്ധിതനായി ഉള്‍വലിയേണ്ടി വന്ന സാഹചര്യത്തെ ചര്‍ച്ചയാക്കി കൊണ്ടുവന്നില്ല. ഒരു ബഷീറില്‍ എല്ലാം അവസാനിച്ചെന്നാണോ? ഇതൊരു തുടക്കം മാത്രമാണെന്നു മനസ്സിലാക്കുക.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

This post was last modified on September 11, 2015 7:16 pm