X

കേരളവര്‍മ്മയില്‍ ഭക്ഷണപ്പൊതി ആര്‍.എസ്.എസിനെ ഏല്‍പ്പിക്കുമ്പോള്‍

ദീപക് ശങ്കരനാരായണന്‍

തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ കൂട്ടമായി ബീഫ് കഴിച്ച വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്രേ. കോളേജ് ക്ഷേത്രമാണത്രേ. ക്ഷേത്രത്തിന്റെ അകത്ത് ബീഫ് കയറ്റാന്‍ പാടില്ലത്രേ. ബീഫ് കഴിക്കല്‍ ഒരു പ്രതിഷേധമായി സംഘടിപ്പിച്ചതിന് വിദ്യാര്‍ത്ഥി യൂണിയന്റെ ഓഫീസ് തീവച്ചത്രേ. ഭക്ഷണം, വച്ച പാത്രമടക്കം, ചവുട്ടിത്തെറിപ്പിക്കാന്‍ ചെന്ന ആറെസ്സെസ്സുകാരനെ പിള്ളേരിട്ട് ചവുട്ടിക്കൂട്ടുന്ന ചിത്രം, “ചോദ്യം ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ടുതല്ലുന്നു” എന്ന് കുറിപ്പും വച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നു മലബാര്‍ സംഘികളുടെ പത്രം. ആംഗിളൊക്കെ കൃത്യമാണ്, ഫോട്ടോഗ്രാഫറുടെ പൊസിഷനും. മുന്‍കൂട്ടി പറഞ്ഞുവച്ച് സീനിലേക്ക് കൃത്യമായി എസ് എഫ് ഐ കുട്ടികള്‍ ചെന്നുകയറുകയായിരുന്നു എന്ന് ചിത്രം കണ്ടാലറിയാം. ആ ചവുട്ടിത്തെറിപ്പിച്ച ഭക്ഷണത്തിന്റെ ചിത്രമുണ്ടാക്കുമായിരുന്ന പൊളിറ്റിക്കല്‍ ഇംപാക്റ്റ് മനസ്സിലാക്കി മിണ്ടാതിരിക്കാനുള്ള നിഷ്കളങ്കതാനഷ്ടം, ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ, അവര്‍ക്കൊട്ട് സംഭവിച്ചിട്ടുമില്ല!

 

കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നീളത്തിലും ഗുജറാത്ത് അതിര്‍ത്തി മുതല്‍ ഏതാണ്ട് ബര്‍മ്മ വരെ വീതിയിലും സോഷ്യലിസ്റ്റ് മുതലാളി തട്ടിക്കളിച്ചിട്ടും വായതുറക്കാന്‍ പോയിട്ട് മൊയലാളിയെപ്പേടിച്ച് സീക്രട് ബാലറ്റുള്ള പത്രപ്രവര്‍ത്തക യൂണിയന്റെ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോലും ധൈര്യമില്ലാത്ത മാതൃഭൂമിയിലെ പത്ര’പ്രവര്‍ത്തക’പുലികള്‍ തങ്ങളെപ്പോലെയാണ് എല്ലാവരും എന്ന് കരുതിയേക്കരുത്, എല്ലാവരും അപമാനം സഹിക്കുന്നവരല്ല. മനുഷ്യന്റെ കാര്യം പോട്ടെ, ഏതെങ്കിലും ഒരു ജീവിയുടെ ഭക്ഷണം തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചുനോക്ക്, കിട്ടുന്നതന്താണെന്ന് ഒന്ന് കൊണ്ടറിയ്.

 

മുസ്ലീമിന്റെയും ക്രിസ്ത്യനിയുടെയും ദളിതന്റെയും പിന്നോക്കക്കാരന്റെയും ആദിവാസിയുടെയും മറ്റനേകം ബീഫ് തീനികളുടെയും ടാക്സ് പണമെടുത്ത് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ഒരു കോളേജ്, ക്ഷേത്രമാണെന്ന് പറയുന്നതും പോരാഞ്ഞ് അവിടെ വരുന്നവര്‍ എന്തൊക്കെ കഴിക്കണമെന്ന് ഇരുപത് ശതമാനത്തില്‍ താഴെ വരുന്ന ഹിന്ദു സവര്‍ണ്ണരിലെ റേസിസ്റ്റുകള്‍ തീരുമാനിക്കുമത്രേ. പോരാത്തതിന് തങ്ങള്‍ക്കിഷ്ടമുള്ള, നിയമവിധേയമായ, ഭക്ഷണം കഴിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യുകയും വേണം.

ഫോട്ടോ കടപ്പാട്; മാതൃഭൂമി

കേരളവര്‍മ്മയില്‍ കാന്റീനിലോ ലേഡീസ് ഹോസ്റ്റലിലോ എന്ത് ഭക്ഷണം വിളമ്പരുതെന്ന് ആരോ എന്നോ കാലത്ത് തീരുമാനിച്ചിട്ടുണ്ട്. അതിന് കാരണം ഏതോ കാലത്ത് കാലന്‍ കൊണ്ടുപോയ ഏതോ ഒരു തമ്പുരാന്റെ ബാഡി ആ കൂറ്റന്‍ ക്യാമ്പസിന്റെ അകത്തെവിടെയോ കുഴിച്ചിട്ടിട്ടുണ്ടെന്നാണ്. (ക്ഷേത്രമൊക്കെ അടുത്ത കാലത്ത് വന്നതാണ്, ഞാന്‍ പഠിക്കുന്ന കാലത്താണ് അവിടത്തെ ഒരു പ്രകൃതിചികിത്സക്കാരന്‍ സംഘി അദ്ധ്യാപകന്‍ അങ്ങനൊരു സംഭവം തട്ടിക്കൂട്ടുന്നതിന് തുടക്കം കുറിക്കുന്നത്). അതിന്റെ പേരില്‍ പത്തറുപത്തഞ്ചുകൊല്ലമായി മഹാഭൂരിപക്ഷം വരുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ കണ്ണില്‍ വെറും പുല്ലും വൈക്കോലുമായ ഭക്ഷണം കഴിച്ചുതുടങ്ങിയിട്ട്. ഭരണഘടനാപരമായ ആഹാരസ്വാതന്ത്ര്യം ഇന്നേവരെ വിദ്യാര്‍ത്ഥികള്‍ക്ക് നിഷേധിച്ചതും പോരാഞ്ഞ് ഇപ്പോള്‍ സ്വന്തം നിലക്ക് കൊണ്ടുവരുന്ന ഭക്ഷണത്തിന്റെ പരിശോധന ആറെസ്സെസ്സുകാര്‍ക്ക് ഏല്‍പ്പിച്ചുകൊടുത്തിരിക്കുന്നു കോളേജ് മാനേജ്മെന്റ്!

 

ദേവസ്വം ബോര്‍ഡിനോ ഹിന്ദു സംഘടനകള്‍ക്കോ അത്ര ഖേദമുണ്ടെങ്കില്‍ സര്‍ക്കാര്‍ കൊടുക്കുന്ന ടാക്സ് പണം വേണ്ടെന്ന് വച്ച് ശമ്പളം നേരിട്ട് കൊടുത്ത് ഒരു കോളേജങ്ങ് തുടങ്ങി അതിനുള്ളില്‍ ബീഫ് നിരോധിക്കുകയോ ചാണകം തീറ്റിക്കുകയോ എന്താണെന്നുവച്ചാല്‍ ചെയ്യട്ടെ. എന്റെ അച്ഛന്‍ കാളയല്ലാത്തതുകൊണ്ട് (പശു അമ്മയാണെങ്കില്‍ കാളയായിരിക്കുമല്ലോ അച്ഛന്‍) കോളേജ് ക്ഷേത്രവുമല്ല. അത് അകാഡമിക് പ്രവര്‍ത്തികള്‍ക്കുള്ള പൊതു ഇടമാണ്. അതിന്റെ ഡെഫനിഷന്റെ അകത്തുനില്‍ക്കുന്ന പരിപാടിയേ അതിനകത്ത് നടക്കൂ.

 

ഭരണഘടനക്ക് വിധേയമാണ് ഓരോ ഇന്ത്യന്‍ പൗരെന്റെയും രാഷ്ട്രീയ നിലനില്‍പ്പ്. പൗരന് ബാധ്യത ഭരണഘടനയോടാണ്, അല്ലാതെ ഭരണഘടനക്ക് മോഹന്‍ ഭഗവത്തിനോടല്ല ബാധ്യത. പറ്റാവുന്നവര്‍ ഇന്ത്യയില്‍ നിന്നാല്‍ മതി. (പോകാന്‍ പറയാന്‍ സ്വന്തമായി ഒരു പാക്കിസ്ഥാന്‍ പോലുമില്ല ആര്‍ഷഭാരതിയര്‍ക്ക്!)

രാമരാജ്യം വരുന്നു മക്കളേ!

 

(ദീപക് ശങ്കരനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റ് – https://www.facebook.com/dsankaranarayanan/posts/10207588589773926)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on October 5, 2015 2:25 pm