ആനി ഗോവെന്‍
(വാഷിങ്ടണ്‍ പോസ്റ്റ്)
വൈകുന്നേരം ചൂടിന് അല്‍പം ശമനമുണ്ടായ നേരത്ത് ഇന്ത്യയിലെ ഭിന്ന ലിംഗക്കാരുടെ ഒരു ചെറുസമൂഹം നിറമുള്ള സാരിത്തലപ്പുകള്‍ കാറ്റില്‍ പറത്തി കുത്തനെയുള്ള പടികളിറങ്ങി. ഹിന്ദുക്കളുടെ പുണ്യനദിയിലൊന്നായ ഷിപ്രയില്‍ മുങ്ങിനിവര്‍ന്നു.
ട്രാഫിക് സിഗ്നലുകളിലും വിവാഹ വീടുകളിലും പാട്ടുപാടി പണം വാങ്ങുന്നവരായി കാണപ്പെടുന്ന ഇന്ത്യന്‍ ഹിജഡകള്‍ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗമാണ്. എന്നാല്‍ 2014ല്‍ ഭിന്നലിംഗക്കാരെ അംഗീകരിക്കുന്ന സുപ്രിം കോടതിയുടെ വിധി വന്നശേഷം പൊതുസമൂഹവുമായി ഇടകലരുന്ന കാര്യത്തില്‍ ഈ സമൂഹം വളരെ മുന്നോട്ടുപോയിക്കഴിഞ്ഞു.
ഇന്ത്യയിലെ ഹിന്ദു ആഘോഷങ്ങളില്‍ പ്രമുഖമായ കുംഭമേളയാണ് വെള്ളിയാഴ്ച ഹിജഡകള്‍ തുല്യതയ്ക്കുള്ള വേദിയാക്കിയത്. ലക്ഷക്കണക്കിനു സന്യാസികളും തീര്‍ത്ഥാടകരുമെത്തുന്ന ഒരുമാസത്തെ ആഘോഷം മനസും ശരീരവും ശുദ്ധമാക്കുമെന്നു വിശ്വസിക്കപ്പെടുന്ന പുണ്യസ്‌നാനത്തോടെയാണ് അവസാനിക്കുക.
സുപ്രിം കോടതിവിധിയോടെയാണ് കുംഭമേളയില്‍ സ്വന്തം സംഘവുമായെത്താന്‍ ഭിന്നലിംഗക്കാര്‍ ആലോചിച്ചതെന്ന് ആക്ടിവിസ്റ്റായ ലക്ഷ്മി നാരായന്‍ ത്രിപാഠി പറയുന്നു. ‘ സുപ്രിം കോടതിയുടെ വിധിക്കുശേഷം മതത്തില്‍ ഞങ്ങള്‍ക്കു നഷ്ടമായ സ്ഥാനം തിരിച്ചുപിടിക്കണമെന്ന് തോന്നലുണ്ടായി. അതിന് കുംഭമേളയെക്കാള്‍ യോജിച്ച വേദിയില്ല.’
മധ്യപ്രദേശിലെ ശാന്തമായ ചെറുപട്ടണമാണ് ഉജ്ജ്വൈന്‍. കുംഭമേളക്കാലത്ത് ക്യാംപ്‌സൈറ്റുകള്‍, താല്‍ക്കാലിക ആരാധന സ്ഥലങ്ങള്‍, വൈ ഫൈ ഹോട്ട് സ്‌പോട്ടുകള്‍, ഇ റിക്ഷകള്‍, പണക്കാരായ തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് കൂടാര റിസോര്‍ട്ടുകള്‍ തുടങ്ങി നാഗരികതയുടെ എല്ലാഭാവങ്ങളും ഇവിടെ വന്നുനിറയുന്നു. നദീശുദ്ധീകരണത്തിനായി ഒഴുകിനടക്കുന്ന ഫില്‍ട്ടറുകളും സജ്ജീകരിക്കപ്പെട്ടിട്ടുണ്ട്.
ഇത്തവണ ഭിന്നലിംഗക്കാര്‍ക്ക് ക്യാംപിനായി സര്‍ക്കാര്‍ പ്രത്യേകസ്ഥലം അനുവദിച്ചു. എങ്കിലും പരമ്പരാഗതമായി മേളയില്‍ പങ്കെടുക്കുന്ന 13 അഖാരകളെ നയിക്കുന്ന മതപണ്ഡിതര്‍ ഹിജഡകളെ 14ാം അഖാരയായി അംഗീകരിക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു. അംഗീകാരത്തിനായി ശ്രമിക്കുന്ന വനിതാസംഘത്തിനും അനുമതി നല്‍കില്ലെന്നാണ് അവരുടെ നിലപാട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹിന്ദുപാരമ്പര്യത്തിനു വിരുദ്ധമാകും ഇതെന്നാണ് അവരുടെ വാദം.
‘ഭിന്നലിംഗക്കാരെ പൊതുസമൂഹത്തില്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അവരെ പുണ്യസ്‌നാനത്തിന് അനുവദിക്കാനാകില്ല. അത് ഹിന്ദുനിയമത്തിന് എതിരാണ്,’ ഓള്‍ ഇന്ത്യ അഖാര പരിഷദിന്റെ തലവന്‍ നരേന്ദ്ര ഗിരി പറയുന്നു. ‘ഏതു വ്യവസ്ഥയ്ക്കു വിധേയമാണെങ്കിലും ഞങ്ങള്‍ അവരെ അംഗീകരിക്കില്ല.’
ഭിന്നലിംഗക്കാര്‍ പുരാതന കാലം മുതല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഭാഗമാണെന്നും ഇന്ത്യന്‍ ക്ലാസിക്കുകളില്‍ അവരെപ്പറ്റി പരാമര്‍ശമുണ്ടെന്നും ത്രിപാഠിയും മറ്റുള്ളവരും വാദിക്കുന്നു. മുഗള്‍ രാജഭരണകാലത്ത് അവര്‍ രാജസഭാംഗങ്ങളുമായിരുന്നു. ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിനും അവരുടെ നീതിന്യായവ്യവസ്ഥയുടെ വരവിനും ശേഷമാണ് ഭിന്നലിംഗക്കാര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത കാലത്ത് നിയമസഭാംഗങ്ങളും മേയര്‍മാരും ആകുക വഴി ഭിന്നലിംഗക്കാര്‍ പൊതുസമൂഹത്തിലേക്ക് കടന്നുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടില്‍ ആദ്യത്തെ ഭിന്നലിംഗ പൊലീസ് ഓഫിസര്‍ സ്ഥാനമേറ്റിരുന്നു.
ഭിന്നലിംഗക്കാര്‍ക്ക് പീഡനത്തില്‍നിന്നും കുടിയൊഴിപ്പിക്കലില്‍നിന്നും സംരക്ഷണം നല്‍കാന്‍ ഉദ്ദേശിച്ച് കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം ഈയിടെ ഒരു ബില്ലിന് രൂപം കൊടുത്തിരുന്നു. വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ ഇവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താനും സാധ്യതയുണ്ട്.
സുപ്രിം കോടതി വിധിക്കുശേഷവും വിദ്യാഭ്യാസ, തൊഴില്‍ മേഖലകളില്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍ ഏറെയാണെന്ന് ഭിന്നലിംഗക്കാര്‍ പറയുന്നു.
‘സുപ്രിം കോടതി ഉത്തരവ് കടലാസില്‍ മാത്രമാണ്. യാഥാര്‍ത്ഥ്യമായിട്ടില്ല,’ ജയ്പൂരിലെ ഭിന്നലിംഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പുഷ്പ ഗിദ്വാനി പറയുന്നു. ജയ്പൂരിലെ അയ്യായിരത്തോളം വരുന്ന ഭിന്നലിംഗക്കാരില്‍ ആയിരം പേരെങ്കിലും അവരുടെ ഭിന്നലിംഗ സ്വഭാവം മറച്ചുപിടിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് അവരുടെ അഭിപ്രായം. സംഘത്തിലെ മിക്കവരും ഭിക്ഷ യാചിക്കുകയും ചെറുജോലികള്‍ ചെയ്തുമാണ് ജീവിക്കുന്നത്.
ഉജ്ജ്വൈനിലെ ക്യാംപില്‍ ഈയാഴ്ച ഇന്ത്യയിലെമ്പാടും നിന്നുള്ള ഭിന്നലിംഗക്കാരെത്തി. വലിയൊരു ഹാളില്‍ ഹിജഡകളുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങാന്‍ ആളുകളുടെ നീണ്ട നിരയായിരുന്നു. മാസം മുഴുവന്‍ നീളുന്ന ഹോമങ്ങളും ഭക്തിഗാന പരിപാടികളുമാണ് അവര്‍ ഇവിടെ ആസൂത്രണം ചെയ്യുന്നത്.
കോടതി വിധി വന്നശേഷം ഹിജഡകളോടുള്ള സമൂഹത്തിന്റെ സമീപനത്തില്‍ വളരെ മാറ്റമുണ്ടെന്ന് രജിത് ഓജ എന്ന ബിരുദ വിദ്യാര്‍ത്ഥി പറയുന്നു.
‘അവരുടെ രൂപം സാധാരണ മനുഷ്യരെപ്പോലെയല്ല, ഒരു ദൈവത്തെപ്പോലെയാണ്. നമ്മെ അനുഗ്രഹിക്കാനായി സ്വര്‍ഗത്തില്‍ നിന്ന് അയക്കപ്പെട്ടവരാണവര്‍.’
വെള്ളിയാഴ്ച നദീതീരത്തെ തിരക്കേറിയ ഒരു പാലത്തില്‍ സംഘമായി പ്രത്യക്ഷപ്പെട്ട ഹിജഡകള്‍ നൂറ്റാണ്ടുകളായി അവര്‍ നടത്തിവരുന്ന വിവാഹാഘോഷങ്ങളെ അനുസ്മരിപ്പിച്ചു. വാദ്യമേളത്തിനൊപ്പം ഹിജഡകള്‍ ഒട്ടകപ്പുറത്തും പല്ലക്കുകളിലും എത്തി. ഇവിടെയും അനുഗ്രഹം വാങ്ങാനും അവരുടെ ചിത്രമെടുക്കാനും ആളുകളുടെ തിരക്കുണ്ടായി. ഇതിനുശേഷമാണ് അവര്‍ വെള്ളത്തിലേക്കിറങ്ങിയത്. ഇവിടെയും സന്തോഷത്തോടെ ചിത്രങ്ങള്‍ക്കുവേണ്ടി പോസ് ചെയ്യാന്‍ അവര്‍ മടിച്ചില്ല.
‘ഞാന്‍ അതീവ സന്തോഷവതിയാണ്,’ വെള്ളത്തില്‍ മുങ്ങിനിവര്‍ന്ന ഗിദ്വാനി പറഞ്ഞു.
‘ആരും ഞങ്ങള്‍ക്കെതിരെ വരുമെന്നു ഞങ്ങള്‍ കരുതുന്നില്ല. അങ്ങനെ ചെയ്താലും പ്രശ്‌നമില്ല. ഞങ്ങളുടെ യുദ്ധം ഞങ്ങള്‍ പൊരുതും. നല്ല പെണ്‍കുട്ടികള്‍ സ്വര്‍ഗത്തില്‍ പോകുന്നു. ചീത്ത പെണ്‍കുട്ടികള്‍ എല്ലായിടത്തും പോകുന്നു. എനിക്ക് എവിടെയും പോകാനാകുന്നതിലാണ് താല്‍പര്യം. ആളുകള്‍ക്ക് ഞങ്ങളോടുള്ള സ്‌നേഹമാണ് ഇതു കാണിക്കുന്നത്.’
This post was last modified on April 23, 2016 3:48 pm
Leave a Comment