X

ഭരിക്കുന്ന രാഷ്ട്രീയക്കാരന്റെ വീട്ടില്‍ നിന്നും കൊണ്ടുവരുന്നതല്ല ഈ അവാര്‍ഡ്‌: അലന്‍സിയര്‍

ആ പതിനൊന്ന് പേരൊഴികെ ബാക്കിയുള്ളവരെല്ലാം അത്ര മോശക്കാരാണെന്നാണോ ഇവര്‍ ചിന്തിച്ചുവച്ചിരിക്കുന്നത്

ദേശീയ അവാര്‍ഡ് വാങ്ങാതെ വന്നവര്‍ക്കൊപ്പമാണ് താനെന്ന് വ്യക്തമാക്കിയ നടന്‍ അലന്‍സിയര്‍ എന്തുകൊണ്ട് കലാകാരന്‍ അവാര്‍ഡ് സ്വീകരിക്കാതെ മടങ്ങേണ്ടി വരുന്നുവെന്നും പറയുന്നു. കലാകാരന്‍ നടത്തുന്നതും ഒരു വിപ്ലവമാണെന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തെളിയിച്ച ഒരു വ്യക്തിയാണ് അദ്ദേഹം. ഈ വിഷയത്തില്‍ അഴിമുഖത്തോട് നടത്തിയ പ്രതികരണത്തില്‍ നിന്നും.

രാഷ്ട്രം ഒരു കലാകാരന് കൊടുക്കുന്ന ആദരവ് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ വീട്ടില്‍ നിന്നും കൊണ്ടുപോയി കൊടുക്കുന്നതല്ല. ഞാനും നിങ്ങളും ഉള്‍പ്പെടുന്ന എല്ലാ ജനങ്ങളും കൊടുക്കുന്ന നികുതി പണത്തില്‍ നിന്നുമാണ് ഈ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നതും തുക നല്‍കുന്നതും. ഫഹദ് ഫാസില്‍ ഉള്‍പ്പെടെ ഒരു കലാകാരന്മാരും അവാര്‍ഡ് നിരസിച്ചിട്ടില്ല. അവര്‍ ആ ചടങ്ങ് ബഹിഷ്‌കരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതിന് അവര്‍ക്ക് അവരുടേതായ ന്യായമുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന പല പ്രശ്‌നങ്ങളോടുമുള്ള കലാകാരന്മാരുടെ പ്രതികരണം കൂടിയാണ് ഇത്. കരിങ്കൊടി ഉയര്‍ത്താനോ മൈക്കിലൂടെ ആരെയും കുറ്റം പറയാനോ അല്ല ആ കലാകാരന്മാര്‍ ശ്രമിച്ചത്. അവരുടെ പ്രതിഷേധം ഈ രീതിയില്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഒരു പോസ്റ്റുമാന്‍ കൊണ്ടുവന്ന് ഹോട്ടലിലെ മുറിയില്‍ കൊണ്ടുവന്ന് തന്നാല്‍ പോലും ഞങ്ങള്‍ കലാകാരന്മാര്‍ പുരസ്‌കാരം സ്വീകരിക്കും. അത് ഭരിക്കുന്ന ഏതെങ്കിലും മന്ത്രി തരുന്നതായതുകൊണ്ടല്ല സ്വീകരിക്കുന്നത്, പകരം രാഷ്ട്രം തരുന്നത് കൊണ്ടാണ്. ഇതുവരെയുമുള്ള പ്രൊട്ടോക്കോളിന്റെ ലംഘനം നടക്കുമ്പോള്‍ അത് വിശദീകരിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്.

അന്ന് രാവിലെ വരെയും പ്രസിഡന്റ് അവാര്‍ഡ് ദാനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ട് പെട്ടെന്ന് അതിലൊരു മാറ്റം വരുത്തുമ്പോള്‍ അത് എന്തുകൊണ്ടാണെന്ന് അറിയേണ്ടതല്ലേ? ദേശീയ അവാര്‍ഡിനെ നാം വിളിക്കുന്നത് തന്നെ പ്രസിഡന്റ്‌സ് അവാര്‍ഡ് എന്നാണ്. ശങ്കര്‍ദയാല്‍ ശര്‍മ്മയുടെയൊക്കെ കാര്യത്തില്‍ പ്രസിഡന്റ് തന്നെ അത് വിതരണം ചെയ്യുന്ന രീതിയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അപ്പോഴും കൃത്യമായ വിശദീകരണം ലഭിച്ചിട്ടുണ്ട്. അപ്പോഴും ഒന്നുകില്‍ ഉപരാഷ്ട്രപതി, അല്ലെങ്കില്‍ ഫാല്‍ക്കെ അവാര്‍ഡ് ജേതാവ് ആണ് പുരസ്‌കാരം സമ്മാനിച്ചത്. മന്ത്രിമാര്‍ക്ക് ഇവിടെ വലിയ റോള്‍ ഒന്നുമുണ്ടായിട്ടില്ല. എന്തുകൊണ്ട് ഇത്തവണയും ഉപരാഷ്ട്രപതിയെക്കൊണ്ട് ആ അവാര്‍ഡ് ദാനം നടത്തിയില്ല?

ആ പതിനൊന്ന് പേരൊഴികെ ബാക്കിയുള്ളവരെല്ലാം അത്ര മോശക്കാരാണെന്നാണോ ഇവര്‍ ചിന്തിച്ചുവച്ചിരിക്കുന്നത്. ഈ വിവേചനം എന്തിനാണെന്ന ചോദ്യമാണ് ഇപ്പോഴും ബാക്കി നില്‍ക്കുന്നത്. സ്മൃതി ഇറാനി സ്ത്രീയായത് കൊണ്ട് അവാര്‍ഡ് വാങ്ങിയില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ആ ആരോപണം ഒരു അസംബന്ധം ആണ്. പ്രതിഭ പാട്ടീല്‍ പ്രസിഡന്റായിരുന്ന കാലത്തും ഇവിടെ അവാര്‍ഡ് ജേതാക്കള്‍ ഉണ്ടായിട്ടുണ്ട്. അവാര്‍ഡ് സ്വീകരിച്ചിട്ടുമുണ്ട്.

പ്രോട്ടോക്കോള്‍ പ്രകാരം ഒരു മണിക്കൂര്‍ മാത്രമേ പ്രസിഡന്റിന് നില്‍ക്കാന്‍ പറ്റൂ എന്നുണ്ടെങ്കില്‍ എങ്ങനെയാണ് പാര്‍ലമെന്റില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കുക.