X

ഏതാനും ദിവസം കൂടി കഴിഞ്ഞിരുന്നെങ്കില്‍ അനന്തു വിദേശത്തേക്ക് പറന്നേനെ

തട്ടിക്കൊണ്ട് പോയ വിവരം പോലീസില്‍ അറിയിച്ചിട്ടും കാര്യക്ഷമമായി ഇടപെടാന്‍ വൈകിയതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് അനന്തുവിന്റെ ബന്ധുക്കള്‍

കഴിഞ്ഞ ദിവസം കൈമനത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അനന്തുവിന്റെ മരണം വിദേശത്തേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ. ഇതിനായി കരമനയില്‍ പോയി ബയോഡാറ്റ തയ്യാറാക്കി തിരികെ വരുമ്പോഴാണ് തട്ടിക്കൊണ്ട് പോയത്. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ അനന്തു വിദേശത്ത് ജോലിയുള്ള ഒരു ബന്ധുവന്റെ സഹായത്തോടെ ജോലി നേടാനായിരുന്നു ശ്രമം.

ഇതിനുള്ള ബയോഡാറ്റ തയ്യാറാക്കുന്നതിനാണ് കരമനയില്‍ പോയത്. വീട്ടുകാരും ഇത് സ്ഥിരീകരിക്കുന്നു. കരമനയിലെ ബേക്കറിയ്ക്ക് സമീപത്തു നിന്നും അനന്തുവിനെ ബൈക്കിലെത്തിയ സംഘം കടത്തിക്കൊണ്ട് പോകുകയായിരുന്നു. അനന്തുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കൊഞ്ചിറവിള നിവാസികള്‍. ഓട്ടോ ഡ്രൈവറായ അച്ഛന്‍ ഗിരീശന്റെ വരുമാനത്തിലാണ് അനന്തുവിന്റെ കുടുംബം കഴിയുന്നത്. കുടുംബത്തിന് കൈത്താങ്ങാകാന്‍ വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നു. ഐടിഎയില്‍ നിന്നും പമ്പ് ഓപ്പറേറ്റര്‍ കോഴ്‌സ് പാസായ അനന്തുവിന് തൊഴില്‍ സാധ്യതകളുമുണ്ടായിരുന്നു. വിദേശ ജോലി ശരിയാകുന്നത് വരെ മില്‍മയില്‍ താല്‍ക്കാലിക ജോലിക്ക് അപേക്ഷിക്കാന്‍ കൂടിയാണ് ഇയാള്‍ കരമനയിലെത്തിയത്.

പണി പൂര്‍ത്തിയാകാത്ത വീട് മോടി പിടിപ്പിക്കണം, എട്ടാം ക്ലാസില്‍ പഠിക്കുന്ന അനുജന് മികച്ച വിദ്യാഭ്യാസം നല്‍കണം- ഇതെല്ലാമായിരുന്നു അനന്തുവിന്റെ സ്വപ്‌നങ്ങള്‍. ആ സ്വപ്‌നങ്ങളാണ് ലഹരി സംഘം തല്ലിയും വെട്ടിയും ഇല്ലാതാക്കിയത്. അനന്തുവിന്റെ വീട്ടിലെ അവസ്ഥ അതിദയനീയമാണ്. ഗിരീശന്‍ മരവിച്ച അവസ്ഥയിലാണ്. ആശ്വാസവാക്കുകളോടെല്ലാം മൂളല്‍ മാത്രമാണ് മറുപടി. അമ്മയും സഹോദരനും വീടിനുള്ളില്‍ തളര്‍ന്ന് കിടക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്നലെ തന്നെ അനന്തുവിന്റെ മൃതദേഹം സംസ്‌കരിച്ചു.

അതേസമയം അനന്തുവിനെ തട്ടിക്കൊണ്ട് പോയ വിവരം പോലീസില്‍ അറിയിച്ചിട്ടും കാര്യക്ഷമമായി ഇടപെടാന്‍ വൈകിയതാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് അനന്തുവിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കരമനയില്‍ നിന്നും അനന്തുവിനെ തട്ടിക്കൊണ്ട് പോയപ്പോള്‍ തന്നെ സുഹൃത്തുക്കള്‍ വിവരം ബന്ധുക്കളെയും പോലീസിനെയും അറിയിച്ചിരുന്നു. എന്നാല്‍ കുട്ടികളുടെ പരാതിയായി മാത്രമാണ് പോലീസ് ഇതിനെ എടുത്തത്. അസിസ്റ്റന്റ് കമ്മിഷണര്‍ തലത്തില്‍ ഇടപെടലുണ്ടായപ്പോഴാണ് പോലീസ് സജീവമായത്. എന്നാല്‍ കരമനയ്ക്ക് സമീപം ഇങ്ങനെയൊരു സ്ഥലം ഉള്ളതു പോലും പോലീസിന് അറിയില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്നിവളര്‍ത്തല്‍ കേന്ദ്രമായിരുന്ന ഇവിടം ഇപ്പോള്‍ ക്രിമിനല്‍ സംഘങ്ങളുടെ താവളമായിട്ട് പോലും പോലീസിന് ഇക്കാര്യം അറിയില്ലെന്നത് ഗുരുതരമായ വീഴ്ചയുടെ തെളിവാണ്.