X

ചാനല്‍ ചര്‍ച്ച: നടി പാര്‍വതിക്ക് നേരെ സംഘപരിവാര്‍

മലയാളികളുടെ അഭിപ്രായം പറയാന്‍ ആരാണ് പാര്‍വതിയെ ചുമതലപ്പെടുത്തിയത് തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളുമായാണ് ആക്രമണം

സിഎന്‍എന്‍ ന്യൂസ് ചാനലില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ബിജെപിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ അഭിനേത്രിയും സാമൂഹിക പ്രവര്‍ത്തകയുമായ മാലാ പാര്‍വതിക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ ആക്രമണം. ശ്രീനാരായണ ഗുരുവിനെ പോലുള്ള ആചാര്യന്മാരുടെ സ്വാധീനം ഇവിടെയുള്ളതിനാലാണ് മനുഷ്യനെ മനുഷ്യനായി കാണുന്ന സംസ്‌കാരം കേരളത്തിലുള്ളതെന്ന പാര്‍വതിയുടെ പരാമര്‍ശമാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്.

ഫേസ്ബുക്കിലും മെസെഞ്ചറിലുമായി പാര്‍വതിയ്ക്ക് നേരെ അസഭ്യവര്‍ഷമണ് നടക്കുന്നത്. മലയാളികള്‍ മുഴുവന്‍ ബിജെപിയെ എതിര്‍ക്കുന്നുവെന്ന് പാര്‍വതി പറഞ്ഞെന്ന് ആരോപിച്ചാണ് അസഭ്യവര്‍ഷം. മലയാളികളുടെ അഭിപ്രായം പറയാന്‍ ആരാണ് പാര്‍വതിയെ ചുമതലപ്പെടുത്തിയത് തുടങ്ങിയ തരത്തിലുള്ള ചോദ്യങ്ങളുമായാണ് ആക്രമണം. സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അനുവദിക്കില്ലെന്ന അവസ്ഥയിലേക്ക് കേരളം പോകുയാണെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് തനിക്ക് നേരെയുള്ള ഈ ആക്രമണമെന്ന് പാര്‍വതി അഴിമുഖത്തോട് പ്രതികരിച്ചു. സിഎന്‍എന്‍ തന്നെ ചര്‍ച്ചയ്ക്ക് വിളിച്ചത് എന്തിനാണെന്ന് ഇവര്‍ ചാനലുകാരോടാണ് ചോദിക്കേണ്ടത്. ചാനലില്‍ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആര്‍എസ്എസിനെ പ്രതിനിധീകരിക്കാത്തതിനാല്‍ ചര്‍ച്ചയില്‍ വിളിക്കരുതെന്ന് പറയണോയെന്ന് പാര്‍വതി ചോദിക്കുന്നു. ബിജെപിയ്ക്ക് വിരുദ്ധമായി ആരെങ്കിലും ഒരു അഭിപ്രായം രേഖപ്പെടുത്തിയാല്‍ വളഞ്ഞ് നിന്ന് ആക്രമിക്കുന്ന രീതിയിലേക്ക് കേരളം മാറുകയാണ്. ബിജെപിയ്‌ക്കെതിരെ എന്തെങ്കിലും സംസാരിച്ചാല്‍ സിപിഎമ്മിന്റെയും സുഡാപ്പികളുടെയും അടിമകളാണെന്ന രീതിയിലാണ് പ്രചരണം നടത്തുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെക്കാള്‍ വോട്ട് ഷെയര്‍ ഉള്ളത് ബിജെപ്പിക്കാണ്. ആ വോട്ട് ചെയ്തവര്‍ എല്ലാവരും മലയാളികളാണെന്നും തെളിഞ്ഞതാണ്. നേമത്ത് ഒ രാജഗോപാലിനെ വോട്ട് ചെയ്ത് ജയിപ്പിച്ച് വിട്ടത് മലയാളികളല്ലാതെ ചൈനക്കാരാണോ എന്നിങ്ങനെയാണ് ഒരാള്‍ ചോദിക്കുന്നത്. നിരവധി പേരാണ് ഇത്തരം പോസ്റ്റുകള്‍ക്ക് താഴെ വന്ന് പാര്‍വതിയെ അസഭ്യം പറയുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്. പാര്‍വതിയെ മര്‍ദ്ദിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന കമന്റുകളും ഇതോടൊപ്പമുണ്ട്.