X

‘വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ, ആ സംഗീതം മരിക്കുന്നില്ല’: മോഹൻലാൽ

ബാലഭാസ്കറിന്റെ അകാലവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ ലോകവും

ഇന്ന് പുലർച്ചെ അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മലയാള സിനിമ ലോകവും. ‘വിസ്മയം തീർത്ത മാന്ത്രിക വിരലുകൾ…. ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികൾ’ നടൻ മോഹൻലാൽ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു. മോഹൻലാലിൻറെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിൽ ഒന്നായ ‘ കണ്ണീർ പൂവിന്റെ’ എന്ന ഗാനത്തിന് ബാലഭാസ്കർ വയലിൻ പ്ലേയ് ചെയ്യുന്ന വീഡിയോ ഷെയർ ചെയ്ത് കൊണ്ടാണ് മോഹൻലാൽ തന്റെ അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത്.

യുവ താരം പൃഥ്വിരാജ് സുകുമാരനും ബാലഭാസ്കറിന്റെ അപ്രതീക്ഷിത നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. മരണം വളരെ നേരത്തേ ആയെന്നും അനീതിയാണെന്നും പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. മകള്‍ക്കൊപ്പം മറ്റൊരു ലോകത്ത് സുഖമായിരിക്കട്ടെ എന്നും പൃഥ്വി പറഞ്ഞു.

ബാലഭാസ്കറിന്റ വിയോഗത്തെ കുറിച്ച് ‘വാക്കുകളില്ല, കണ്ണീർ തുള്ളികൾ മാത്രം’ എന്നായിരുന്നു സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ പ്രതികരണം.

നടൻ ദിലീപ് ബാലഭാസ്കറിനെ കുറിച്ചുള്ള തന്റെ ഫെയ്സ്ബൂക് അനുശോചന കുറിപ്പിൽ ഇപ്രകാരം പറഞ്ഞു ” വാക്കുകൾകൊണ്ട്‌ മാത്രം വിടപറയാനാവില്ല,പ്രിയ സുഹൃത്തിന്‌…ഒരുപാട്‌ ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മഹനായ കലാകാരൻ കാലയവനികയ്ക്കുള്ളിലേക്ക്‌ മറയുന്നത്‌ അപ്രതീക്ഷിതമായാണ്‌.മറക്കാനാവുന്നില്ല,സഹിക്കാനാവുന്നില്ല,ഈ വേർപാട്‌, ആദരാഞ്ജലികൾ.”

നീണ്ട പതിനഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്‍മണിയുടെ മരണം അറിയാതെയും ഭാര്യ ലക്ഷ്മിയെ ആശുപത്രിയില്‍ തനിച്ചാക്കിയുമാണ് ബാലഭാസ്കറിന്‍റെ യാത്ര. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല അന്ന് തന്നെ മരിച്ചിരുന്നു.

‘നിനക്കായ് തോഴി പുനര്‍ജനിക്കാം’ സംഗീതം പോലെ ബാലഭാസ്‌കറിന്റെ പ്രണയം