X

സ്‌കൂള്‍ കലോല്‍സവത്തില്‍ ‘ഒട്ടകത്തെ തട്ടിക്കൊ’യില്‍ വിജയത്തുടക്കം; റഹ്മാനെതേടി 9ാം ക്ലാസുകാരന്റെ മദ്രാസ് യാത്ര

ഒമ്പതാം ക്ലാസുമുതല്‍ റഹ്മാനെ കാണാന്‍ മാത്രമായി പലവട്ടം അദ്ദേഹം ചെന്നൈ യാത്രകള്‍ നടത്തി.

എ ആര്‍ റഹ്മാന്‍ സംഗീതം ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ എല്ലാ യുവാക്കളെയും പോലെ ബാലഭാസ്‌കറിന്റെയും ആരാധനാ പുരുഷനായിരുന്നു. ബാലഭാസ്‌കറിന്റെ പ്രകടനങ്ങളില്‍ എന്നും ആ സ്വാധീനം പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിന്റെ തുടക്കം എന്നു പറയാവുന്ന പ്രകടനവും എ ആര്‍ റഹ്മാനിലൂടെ ആയിരുന്നു. 1994 ല്‍ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവേദിയില്‍ ഒന്നാം സ്ഥാനം നേടിയ ബാലഭാസകറും സംഘവും തിരഞ്ഞെടുത്തത് റഹ്മാന്റെ ഒട്ടകത്തെ തട്ടിക്കോ എന്ന ഗാനമാണ്. വൃന്ദവാദ്യത്തില്‍ ആ സംഘം അങ്ങനെ റഹമാന്‍ ഗാനങ്ങളിലൂടെ യാത്ര ആരംഭിച്ചു.

പിന്നീട് സംഗീത ലോകത്ത് പ്രശസ്തനായപ്പോഴും റഹ്മാന്‍ എന്ന പ്രതിഭയെ കാണാന്‍ പലവട്ട ബാലഭാസ്‌കര്‍ ശ്രമിച്ചിരുന്നു. ഒമ്പതാം ക്ലാസുമുതല്‍ ഇതിന് മാത്രമായി പലവട്ടം അദ്ദേഹം ചെന്നൈ യാത്രകള്‍ നടത്തി. പക്ഷേ ആ കൂടിക്കാഴ്ച മാത്രം അകലെയാരുന്നു. ഇക്കാലത്തും റഹമാന്റെ ഗാനങ്ങള്‍ തന്റെ വയലിനിലൂടെ ജനങ്ങളിലെത്തിച്ച് വിസ്മയമാവുകയായിരുന്നു അദ്ദേഹം.

എന്നാല്‍ സീതാകല്യാണം എന്ന സിനിമയുടെ ഓഡിയോ റിലീസിന് തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച. പരിപാടിയില്‍ സ്വാഗതം പറയാനും വയലിന്‍ വായിക്കാനും അദ്ദേഹത്തിനായി. പിന്നീട് ഹോട്ടല്‍ മുറിയിലേക്ക് വിളിപ്പിച്ച റഹമാന്‍ ആദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. നിങ്ങള്‍ വളരെ പോപ്പുലര്‍ ആണല്ലോ എന്നായിരുന്നു റഹ്മാന്റെ കമന്റ്. അന്ന് സന്തോഷം കൊണ്ട് ബാലഭാസ്‌കറിന് വാക്കുകളുണ്ടായിരുന്നില്ലെന്ന് കൂടെ ഉണ്ടായിരുന്നവര്‍ ഓര്‍മ്മിക്കുന്നു.

 

‘നിനക്കായ് തോഴി പുനര്‍ജനിക്കാം’ സംഗീതം പോലെ ബാലഭാസ്‌കറിന്റെ പ്രണയം

ബാലഭാസ്കര്‍, ഏത് വിഷാദത്തെയും അലിയിച്ചു കളയുന്ന മരുന്നാണ് നിങ്ങളുടെ സംഗീതം…

 

This post was last modified on October 2, 2018 10:34 am