X

വനിതാ മതിലില്‍ പങ്കെടുക്കാന്‍ യാക്കോബായ സഭയും ബിഡിജെഎസും; ലക്ഷ്യം സ്ത്രീശാക്തീകരണം

എന്നാല്‍ ബിഡിജെഎസിലെ കീഴ്ഘടകങ്ങളില്‍ അയ്യപ്പജ്യോതിയും വനിതാ മതിലും സംബന്ധിച്ച വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ നല്‍കുന്ന വിവരം

വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് യാക്കോബായ സഭയും. സഭയുടെ വനിതാ സമാജം പ്രവര്‍ത്തകര്‍ മതില്‍ തീര്‍ക്കാന്‍ അണിനിരക്കും. സ്ത്രീശാക്തീകരണം മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ മുന്നേറ്റത്തിന് തങ്ങള്‍ പിന്തുണ നല്‍കുകയാണെന്നും വനിതാ മതിലില്‍ പങ്കെടുക്കുമെന്നുമാണ് യാക്കോബായ സഭ അറിയിച്ചിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടല്ല സര്‍ക്കാര്‍ വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്നാണ് തങ്ങളുടെ ഉറച്ച വിശ്വാസമെന്നും, വനിതാ ശാക്തീകരണമാണ് ലക്ഷ്യം എന്നതിനാല്‍ അതിനോടൊപ്പം നില്‍ക്കാന്‍ വനിതാ സമാജം പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കുകയുമായിരുന്നു എന്ന് യാക്കോബായ സഭ വക്താവ് മാര്‍ ബസലിയോസ് തിയോഫിലോസ് വ്യക്തമാക്കി.

വനിതാ സമാജം പ്രവര്‍ത്തകര്‍ സ്ത്രീശാക്തീകരണ സന്ദേശങ്ങളുയര്‍ത്തിയുള്ള വനിതാ മതിലില്‍ പങ്കെടുക്കണമെന്ന താത്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ അതിന് തങ്ങള്‍ അനുമതി നല്‍കുകയും ചെയ്തു. വനിതാ മതിലിനെ ശബരിമലയുമായി ബന്ധപ്പെട്ട കാര്യമായി കാണുന്നില്ല. ശബരിമലയുടെ കാര്യമാണെങ്കില്‍ അവിടെ വിശ്വാസികളുടെ കാര്യങ്ങള്‍ കൂടി പരിഗണിക്കുകയും, അവിടുത്തെ നിലനില്‍ക്കുന്ന കാര്യങ്ങള്‍ പരിഗണിക്കുകയും ചെയ്യേണ്ടതുണ്ട്. ശബരിമലയില്‍ നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കേണ്ടതുണ്ടെന്ന വിശ്വാസികളുടെ വികാരം തീര്‍ച്ചയായും മാനിക്കേണ്ടതുണ്ട്. ഞങ്ങള്‍ ക്രിസ്തീയസഭ എന്ന നിലയില്‍ പുറത്ത് നിന്ന് അഭിപ്രായം പറയുന്നത് ശരിയല്ലെങ്കിലും കോടതിവിധി പറയുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര പറഞ്ഞകാര്യങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടതുണ്ട്. വിശ്വാസപരമായ കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല. ആ വിധിയെ തുടര്‍ന്നുണ്ടായ ക്രൈസിസ് ആണ് ശബരിമലയില്‍ ഉള്ളത്. എന്നാല്‍ അത്തരം രാഷ്ട്രീയപരമായ കാര്യങ്ങളിലേക്ക് യാക്കോബായ സഭ ഇപ്പോള്‍ പ്രവേശിക്കുന്നില്ല. സ്ത്രീശാക്തീകരണം എന്ന പെര്‍സ്‌പെക്ടീവില്‍ വനിതാ മതിലിന് പിന്തുണ നല്‍കുന്നു.”

Also Read: തമ്മിലടിയും കൊലവിളിയും കാരണം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് 12 ദിവസം; യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം ഏത് വിശ്വാസത്തിന്റെ പേരില്‍?

വനിതാ മതിലില്‍ ബിഡിജെഎസ് അംഗങ്ങള്‍ പങ്കെടുക്കും. എസ്എന്‍ഡിപി എന്ന ബാനറില്‍ തന്നെ മതില്‍ തീര്‍ക്കാന്‍ ഇറങ്ങാനാണ് ശാഖാ യൂണിറ്റുകള്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ അയ്യപ്പ ജ്യോതിയില്‍ പങ്കെടുത്ത, ബിജെപിയോടും ആര്‍എസ്എസിനോടും അനുഭാവമുള്ള പ്രവര്‍ത്തകര്‍ പങ്കെടുക്കില്ലെന്നും ശാഖായോഗം ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ടല്ല വനിതാ മതില്‍ എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയും മതില്‍ സംഘാടകസമിതി കണ്‍വീനറുമായ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനാല്‍ മാത്രമാണ് വനിതാ മതിലില്‍ പങ്കെടുക്കുന്നതെന്നാണ് പല പ്രവര്‍ത്തകരുടേയും പക്ഷം. വനിതാ മതില്‍ ശബരിമല യുവതീ പ്രവേശനത്തിനു വേണ്ടിയാണെന്ന് കരുതുന്നില്ലെന്നും ശബരിമലയ്ക്ക് എതിരല്ല അതെന്നും ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബിഡിജെഎസ് പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എസ്എന്‍ഡിപിയും ബിഡിജെഎസും എപ്പോഴും വിശ്വാസികള്‍ക്കൊപ്പം നില്‍ക്കും. ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗത്താണ്. ഒട്ടേറെ ഈഴവ സമുദായാംഗങ്ങള്‍ പങ്കെടുത്തതുകൊണ്ടാണ് അയ്യപ്പ ജ്യോതി വിജയമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read: നവോത്ഥാന കേരളത്തിനായി ഇന്ന് വനിതാ മതില്‍; 620 കിലോമീറ്റര്‍, 30 ലക്ഷം സ്ത്രീകള്‍

എന്നാല്‍ ബിഡിജെഎസിലെ കീഴ്ഘടകങ്ങളില്‍ അയ്യപ്പജ്യോതിയും വനിതാ മതിലും സംബന്ധിച്ച വിഷയങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് അതുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ നല്‍കുന്ന വിവരം. ബിഡിജെഎസിലെ ഒരു വിഭാഗം വനിതാ മതിലില്‍ പങ്കെടുക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതായും അതാണ് തുഷാര്‍ പ്രസ്താവനയിറക്കാന്‍ കാരണമായതെന്നുമാണ് ഇവരുടെ പക്ഷം. “പക്ഷെ മതിലിന് ശബരിമലയുമായി ബന്ധമില്ലെന്ന് ആദ്യം തന്നെ പറഞ്ഞതുകൊണ്ടാണ്. ഇല്ലെങ്കില്‍ ചുരുക്കം ചിലര്‍ മാത്രമേ ഇതിനായി ഇറങ്ങുമായിരുന്നുള്ളൂ. സ്ത്രീശാക്തീരണവും നവോത്ഥാനവും പറഞ്ഞാണ് നോട്ടീസ് നല്‍കിയത്. അതിനോട് പലരും പോസിറ്റീവ് ആയാണ് റസ്‌പോണ്ട് ചെയ്തിട്ടുള്ളത്. പക്ഷെ വീടുകളില്‍ ചെല്ലുമ്പോള്‍ ശബരിമലയ്ക്ക് എതിരാണോ ഇത് എന്ന് ആളുകള്‍ പ്രത്യേകം ചോദിക്കുന്നുണ്ട്”, ശാഖായോഗം സെക്രട്ടറിമാരില്‍ ഒരാള്‍ പറയുന്നു. എന്നാല്‍ ശാഖാ തലങ്ങളില്‍ നോട്ടീസ് വിതരണം ഒഴിച്ച് ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളൊന്നും എസ്എന്‍ഡിപിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്ന അഭിപ്രായവും ചിലര്‍ പങ്കുവച്ചു.

Also Read: ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

This post was last modified on January 1, 2019 10:18 am