X

നാമജപ പ്രതിഷേധം ഏറ്റില്ല: പത്തനംതിട്ടയില്‍ ബിജെപിക്ക് ആകെ കിട്ടിയത് 19 വോട്ടുകള്‍

വര്‍ഗ്ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന് ലഭിച്ചിരിക്കുന്ന തിരിച്ചടിയാണ് ഇത്‌

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉപതെരഞ്ഞെടുപ്പു ഫലം പുറത്തു വന്നിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ വികാരം ഉപയോഗിച്ച് വോട്ട് നേട്ടത്തിന് ഒരുങ്ങിയ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഈ ഫലങ്ങള്‍. സര്‍ക്കാരിനെതിരായ വികാരമായി ശബരിമലയെ ഉപയോഗിക്കാന്‍ ശ്രമിച്ച ബിജെപിക്ക് എന്നാല്‍ അതിന് സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

ശബരിമല സമരം ഏറ്റവും ശക്തമായിരുന്ന പത്തനംതിട്ടയില്‍ ബിജെപിക്ക് രണ്ട് വാര്‍ഡുകളില്‍ നിന്നും വെറും 19 വോട്ടുകളാണ് കിട്ടിയത്. ലക്ഷക്കണക്കിന് ആളുകളാണ് ശബരിമലയിലും നിലയ്ക്കലിലും പത്തനംതിട്ടയിലെ മറ്റ് പ്രദേശങ്ങളിലും നടന്ന നാമജപ സമരത്തില്‍ പങ്കെടുത്തത്. ഇതില്‍ ശബരിമലയുടെ പരിധിയില്‍ വരുന്ന പന്തളം നഗരസഭയും ഉള്‍പ്പെടുന്നു. പത്തനംതിട്ട നഗരസഭയുടെ പതിമൂന്നാം വാര്‍ഡിലും പന്തളം നഗരസഭയിലെ പത്താം വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ പന്തളം നഗരസഭയിലെ പത്താംവാര്‍ഡില്‍ ബിജെപിക്ക് 12 വോട്ടുകളാണ് ലഭിച്ചത്. പത്തനംതിട്ടയില്‍ ഏഴ് വോട്ടുകളും. എല്‍ഡിഎഫിന് ഇവിടെ സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായെങ്കിലും ബിജെപിക്ക് അത് നേട്ടമാക്കാന്‍ സാധിച്ചില്ലെന്നതാണ് പ്രധാനം. വിജയിച്ചവരില്‍ ഒരാള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മറ്റൊരാള്‍ എസ്ഡിപിഐക്കാരിയുമാണ്. പത്തനംതിട്ട നഗരസഭയില്‍ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ആയിരുന്ന വി എ ഷാജഹാന്‍ അന്തരിച്ചപ്പോഴാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഷാജഹാന്റെ മകനായ അന്‍സാര്‍ മുഹമ്മദ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു. നേരത്തെ കെ എസ് യു ജില്ലാ പ്രസിഡന്റ് ആയിരുന്ന ഇയാള്‍ 443 വോട്ടുകളാണ് അന്‍സാര്‍ നേടിയത്. 251 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ കരീം തെക്കേത്താണ് രണ്ടാം സ്ഥാനത്തെത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ സിറാജ് സലീം 163 വോട്ടോടെ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോള്‍ എസ്എഡിപിഐ സ്ഥാനാര്‍ത്ഥി സിറാജ് സലൂം മൂന്നാം സ്ഥാനത്തെത്തി. കൈവശമുണ്ടായിരുന്ന സീറ്റിലാണ് എല്‍ഡിഎഫ് നാലാം സ്ഥാനത്തേക്ക് പോയത്. അതേസമയം ശബരിമല വിഷയം കത്തിച്ച് വോട്ട് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ച ബിജെപിക്ക് ആകെ ലഭിച്ചത് ഏഴ് വോട്ടുകളാണ്.

പന്തളം നഗരസഭയിലെ പത്താം വാര്‍ഡില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ജാന്‍സി ബീഗത്തിന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഹസീന 276 വോട്ടുകള്‍ നേടി ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. യുഡിഎഫിലെ റസീന 267 വോട്ടുകള്‍ നേടി. എഡിഎഫ് സ്ഥാനാര്‍ത്ഥി റോസിന ബീഗത്തിന് 247 വോട്ടുകള്‍ കിട്ടി. ബിജെപി സ്ഥാനാര്‍ത്ഥി രജനിക്ക് വെറും 12 വോട്ടുകള്‍ മാത്രമാണ് നേടാനായത്. കൈവശമിരുന്ന ഈ രണ്ട് സീറ്റുകളും എല്‍ഡിഎഫിന് നഷ്ടമായെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. ആകെ തെരഞ്ഞെടുപ്പ് നടന്ന 39 സീറ്റുകളില്‍ 22 എണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചു.

അതേസമയം പത്തനംതിട്ടയിലും പന്തളത്തും തങ്ങള്‍ക്ക് പിന്നില്‍ തടിച്ചുകൂടിയ അയ്യപ്പഭക്തര്‍ പോലും ബിജെിപിക്ക് വോട്ട് ചെയ്തില്ലെന്നത് അവരെ ഞെട്ടിക്കുന്നതാണ്. ശബരിമലയെ കേരളത്തിലെ അയോധ്യ ആക്കി തീര്‍ത്ത് 2019ലെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന ബിജെപിയുടെ കണക്കു കൂട്ടലുകള്‍ക്കാണ് ഇതോടെ തിരിച്ചടി നേരിട്ടിരിക്കുന്നത്. ശബരിമലയോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് നഗരസഭകളിലെ സീറ്റുകളില്‍ നിന്നായി വെറും 19 വോട്ടുകള്‍ മാത്രം. ശബരിമലയെ തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കാമെന്ന് ഏറെ നാളായി ബിജെപി കേരള ഘടകം കേന്ദ്ര നേതൃത്വത്തിനെ പറഞ്ഞ് വിശ്വസിക്കാന്‍ ശ്രമിക്കുകയാണ്. ഇത് വെറുതെയാണെന്ന് വ്യക്തമാക്കുന്നതാണ് വോട്ടുകളുടെ എണ്ണത്തിലെ ഈ ശോചനീയ കണക്കുകള്‍.

അതേസമയം ശബരിമലയില്‍ സ്വീകരിച്ച നിലപാട് കേരളത്തില്‍ പൊതുവേ ഇടതുപക്ഷത്തിന് ദോഷം ചെയ്തിട്ടുമില്ല. 21 സീറ്റുകള്‍ നേടിയപ്പോള്‍ സിറ്റിംഗ് സീറ്റ് രണ്ടെണ്ണം നഷ്ടമായെങ്കിലും ആറ് സീറ്റുകള്‍ പിടിച്ചെടുത്തുവെന്നതാണ് അതിന് തെളിവ്. ശബരിമലയില്‍ വിശ്വാസികളെ ഇളക്കിവിട്ട് പ്രശ്‌നങ്ങളുണ്ടാക്കാനും അതിലൂടെ ധ്രൂവീകരണമുണ്ടാക്കാനും ശ്രമിച്ച ബിജെപി രാഷ്ട്രീയത്തിന് ലഭിച്ച തിരിച്ചടിയാണ് ഇത്. യുവതീ പ്രവേശനം സംബന്ധിച്ച സുപ്രിംകോടതി വിധിയും ശബരിമലയില്‍ പോലീസ് നടത്തിയ ലാത്തി ചാര്‍ജ്ജും ജനം ടിവിയിലൂടെയും സോഷ്യല്‍ മീഡിയിയിലൂടെയും നടക്കുന്ന വ്യാജ പ്രചരണങ്ങളുമെല്ലാം ബിജെപിക്ക് അനുകൂലമാക്കാമെന്നായിരുന്നു ഇവരുടെ കണക്കു കൂട്ടല്‍. എന്നാല്‍ ഇന്ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലങ്ങളോടെ ആ പ്രതീക്ഷയാണ് ഇല്ലാതായിരിക്കുന്നത്.

ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം; എറണാകുളത്തെയും തൃശൂരിലെയും പത്ത് വാര്‍ഡുകളും തൂത്തുവാരി

കര്‍ഷക മാര്‍ച്ച് Live: കര്‍ഷകരെയും യുവാക്കളെയും അപമാനിക്കുന്ന ഗവണ്‍മെന്‍റ് വലിച്ചു താഴെ ഇറക്കപ്പെടും- കര്‍ഷക മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധി

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on November 30, 2018 5:29 pm