X

ആട്ടിയോടിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ഹിന്ദുവിന്റെ വിജയമാണ് ശബരിമലയിലേതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍

ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും മുഖ്യമന്ത്രി തന്നെ നടത്തിയിട്ടും ചെറുത്തു തോല്‍പ്പിച്ചുവെന്നും സുരേന്ദ്രന്‍

കേരളത്തിലെ ഹൈന്ദവ സമൂഹം ഐതിഹാസികമായ വിജയം നേടിയിരിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മര്‍ക്കട മുഷ്ടിയെ ചെറുത്തു തോല്‍പ്പിച്ചു കൊണ്ട് എല്ലാ കുറുക്കുവഴികളിലൂടെയും, എല്ലാവിധത്തിലുള്ള നീചമായ പ്രവര്‍ത്തികളിലുടെയും ശബരിമല അയ്യപ്പന്റെ പവിത്രയും ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ക്കുന്നതിനു വേണ്ടിയുള്ള, ആചാരലംഘനങ്ങള്‍ നടത്തുന്നതിനു വേണ്ടിയുള്ള യുവതീ പ്രവേശനം സാധ്യമാക്കുന്നതിനുള്ള എല്ലാ പരിശ്രമങ്ങളും ഈ ആറു ദിവസങ്ങള്‍ക്കിടയില്‍ രാജ്യം കണ്ടുവെന്നാണ് സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്കിലെ വീഡിയോ വഴിയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ശബരിമലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായതു മുതല്‍ രൂക്ഷ നിലപാടുകളുമായി സുരേന്ദ്രന്‍ രംഗത്തു വന്നിരുന്നു. നേരത്തെ ആര്‍ത്തവം ഒരു ജൈവ പ്രക്രിയയാണെന്നും അതിന്റെ പേരില്‍ സ്ത്രീകളെ ആരാധനാലയങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട കാര്യമില്ലെന്നും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നും നിലപാട് എടുക്കുകയും ഇക്കാര്യം ഫേസ്ബുക്ക് വഴി പരസ്യമായി പറയുകയും ചെയ്തിരുന്ന സുരേന്ദ്രന്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ആറു ദിവസമായി അമ്മമാരും സഹോദരിമാരും കണ്ണിലെണ്ണയൊഴിച്ച്, രാത്രി പകലാക്കി ആചാരലംഘനം തടയാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞു. ഏതു വിധേനെയും ആചാര ലംഘനം യാഥാര്‍ത്ഥ്യമാക്കുമെന്നുമുള്ള നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടു പോയി. സമ്മര്‍ദ്ദങ്ങളിലൂടെ, പോലീസിന്റെ സഹായത്തോടെ പലവിധത്തിലുള്ള ആളുകളെ, പ്രത്യേകിച്ച് ആക്ടിവിസ്റ്റുകളെ നിര്‍ബന്ധപൂര്‍വം ഇവിടെ കൊണ്ടുവന്ന് യുവതീ പ്രവേശം സാധ്യമാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഈ നീക്കം ചെറുത്തു തോല്‍പ്പിച്ചിരിക്കുന്നു.

ഇത് സാധ്യമായത് നിരവധി പേരുടെ പിന്തുണയോടെയാണ്. തന്ത്രിവര്യന്മാര്‍ ഉറച്ച നിലപാടെടുത്തു. ആചാര ലംഘനം നടക്കുകയാണെങ്കില്‍ നടയടച്ച് താക്കോല്‍ ഏല്‍പ്പിച്ച് തിരിച്ചിറങ്ങുമെന്ന് അവര്‍ ഉറച്ച നിലപപാടെടുത്തു. പന്തളം രാജകുടുംത്തിലെ പ്രതിനിധികള്‍, അയ്യപ്പന്റെ കുടുംബക്കാര്‍, ചരിത്രത്തിലിന്നു വരെയില്ലാത്ത വിധമുള്ള ഉറച്ച നിലപാടെടുത്ത്, സര്‍ക്കാരിനെതിരെ നിലപാടെടുത്ത് പൊരുതാന്‍ തയാറായി.

ഭിന്നിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും മുഖ്യമന്ത്രി തന്നെ നടത്തിയിട്ടും അയ്യപ്പ സേവാ സമിതിയും ശബരിമല കര്‍മ സമിതിയും നായര്‍ സര്‍വീസ് സൊസൈറ്റിയും പട്ടികജാതി, ഹിന്ദു സാംസ്‌കാരിക സംഘടനകളും ദളിത് സംഘടനകളും മലയരയരും, നമ്പൂതിരി മുതല്‍ നായാടി വരെ എന്നു പറയുന്നതു പോലെ ഒറ്റക്കെട്ടായി നിന്ന് ഈ ദൗത്യം ഏറ്റെടുത്തു മുന്നോട്ടു വന്നു. ആയിരക്കണക്കിന് അയ്യപ്പ ഭക്തര്‍ വെറും നിലത്തു കിടന്ന്, മറ്റ് സൗകര്യങ്ങളൊന്നുമില്ലാതെ സന്നിധാനത്ത് തമ്പടിച്ച് ദൗത്യം ഏറ്റെടുത്തു.

പതിറ്റാണ്ടുകളായി, പരിഹസിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട, ആക്ഷേപിക്കപ്പെട്ട, ആട്ടിയോടിക്കപ്പെട്ട, വോട്ട് ബാങ്ക് അല്ലാത്ത, ഗൗനിക്കേണ്ടതില്ലെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ കരുതിയ ഹിന്ദു സമൂഹം വിചാരിക്കുന്നിടത്ത് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചതാണ് ശബരിമലയില്‍ നടന്നതെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു.

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

സ്ത്രീപ്രവേശനം: ആർ‌എസ്എസ് നിലപാട് മാറ്റി; കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ദേശീയ പ്രക്ഷോഭത്തിന്; ശ്രീധരന്‍പിള്ളയുടെ ‘നപുംസക’ പ്രസ്താവന മറ്റ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും

ഞങ്ങള്‍ മലയിറങ്ങിയത് പോലീസ് പറഞ്ഞിട്ടല്ല; പേടിച്ചിട്ടാണ്: ശബരിമലയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

നാമജപ യജ്ഞങ്ങളല്ല, ശബരിമലയില്‍ നടന്നത് ആസൂത്രിത അക്രമങ്ങള്‍

ഇവരാരും വിശ്വാസികളല്ല, മതതീവ്രവാദികളാണ്: ശബരിമലയില്‍ സമരക്കാരുടെ ആക്രമണത്തിനിരയായ സരിത ബാലന്‍ സംസാരിക്കുന്നു

പ്രളയകേരളത്തിന് 10.4 കോടി സമാഹരിച്ച ഈ മാധ്യമപ്രവര്‍ത്തകയെയാണ് ശബരിമലയില്‍ നിന്നു അസഭ്യം വിളിച്ചു ഇറക്കിവിട്ടത്