X

ശോഭ സുരേന്ദ്രന്റെ സമരപ്പന്തലില്‍ നിന്ന് ബിജെപി നേതാക്കള്‍ പോയി സിപിഎമ്മില്‍ ചേര്‍ന്നു

ആര്‍എസ്എസ് നേതൃത്വത്തിന്റെ അജണ്ടകള്‍ തീര്‍ത്തും ഏകപക്ഷീയമായി ബിജെപിയുടെ സംഘടനാ ശരീരത്തിലൂടെ സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കുകയാണെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍

ശോഭാ സുരേന്ദ്രന്‍ നിരാഹാരമിരിക്കുന്ന ശബരിമല സമരപ്പന്തലില്‍ നിന്നും ഇറങ്ങിപ്പോയ ബിജെപി നേതാക്കള്‍ സിപിഎമ്മില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് എസ് കൃഷ്ണകുമാറിന്റെയും മുന്‍ ആര്‍എംപി സംസ്ഥാന കമ്മിറ്റി അംഗവും നിലവില്‍ ബിജെപി നേതാവുമായ ഉഴമലയ്ക്കല്‍ ജയകുമാറിന്റെയും നേതൃത്വത്തിലാണ് നേതാക്കള്‍ സിപിഎമ്മിലേക്ക് ചേക്കേറിയത്. ഇരുവരും ഇന്നലെ വൈകുന്നേരം വരെ ശോഭാ സുരേന്ദ്രന്റെ സമരപ്പന്തലില്‍ സജീവ സാന്നിധ്യങ്ങളായിരുന്നു. തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധമുള്ള സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുന്നെന്ന് പ്രചരണം നടക്കുന്നതിനിടെയാണ് ഇത്. ഈ മാസം സമരപ്പന്തലില്‍ വച്ച് സിപിഎം പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് ഇന്നലെയും നേതാക്കള്‍ അറിയിച്ചത്. ബിജെപി ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് അവകാശപ്പെടുമ്പോഴും ശബരിമല വിഷയത്തിലെ അവരുടെ ഇടപെടല്‍ അത്തരത്തിലല്ലെന്നാണ് ഇവര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

കലുഷിതമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും ഒരു സംസ്ഥാന കമ്മിറ്റി യോഗം പോലും വിളിച്ചു ചേര്‍ക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. ആര്‍എസ്എസ് നേതൃത്വത്തിന്റെ അജണ്ടകള്‍ തീര്‍ത്തും ഏകപക്ഷീയമായി ബിജെപിയുടെ സംഘടനാ ശരീരത്തിലൂടെ സംസ്ഥാനത്ത് അടിച്ചേല്‍പ്പിക്കുകയാണ്. ജനാധിപത്യത്തിന്റെ അവസാനത്തെ തുള്ളി രക്തവും വാര്‍ന്നുപോയ രാഷ്ട്രീയ മൃതദേഹമായി മാറിയ ബിജെപിയില്‍ ഇനിയും തുടരാന്‍ തങ്ങള്‍ക്ക് സാധിക്കില്ലെന്നും ഇവര്‍ പറയുന്നു.

ബിജെപി സംസ്ഥാന കമ്മിറ്റിക്കും ആര്‍എസ്എസ് നേതൃത്വത്തിനും ശബരിമല വിഷയത്തില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അയ്യപ്പനെ ദര്‍ശിക്കാമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. സംഘവുമായും ദുര്‍ഗാവാഹിനിയുമായും ബന്ധപ്പെടുന്ന സ്ത്രീകളാണ് യംഗ് ലോയേഴ്‌സ് അസോസിയേഷനിലുള്ളവര്‍. അവരാണ് ഭരണഘടനയിലെ സ്ത്രീ-പുരുഷ സമത്വമെന്ന വ്യവസ്ഥയിലൂന്നിയുള്ള സുപ്രിംകോടതി വിധി സമ്പാദിച്ചത്. കേസിന്റെ പല ഘട്ടങ്ങളിലും അവര്‍ സംഘം നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. ആ സമയത്തെല്ലാം ശബരിമല യുവതീ പ്രവേശനത്തെ സ്വാഗതം ചെയ്യണമെന്ന നിലപാടാണ് സംഘത്തിനും പരിവാര്‍ സംഘടനകള്‍ക്കുമുണ്ടായിരുന്നത്. സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നപ്പോള്‍ സംഘവും ബിജെപിയും മറ്റ് പരിവാര്‍ സംഘടനകളും ഭാരതീയ വിചാര കേന്ദ്രമടക്കമുള്ള താത്വിക കേന്ദ്രങ്ങളും ഒറ്റക്കെട്ടായി സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഈ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പുണ്ടാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവിലാണ് സംഘവും ബിജെപിയും ശബരിമലയെയും അയ്യപ്പനെയും പ്രക്ഷോഭത്തിനുള്ള കാരണമായി മാറ്റിയെടുത്തത്.

സമൂഹത്തില്‍ വിശ്വാസികളും അവിശ്വാസികളും മാത്രമല്ല, വര്‍ഗീയമായ തരംതിരിവിനു പോലും ഉതകുന്ന വിധത്തില്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയത്തോട് ഒത്തുപോകാന്‍ ഒരു കാരണവശാലും സാധിക്കില്ലെന്നും ഇവര്‍ പറയുന്നു. ബിജെപി നേതൃത്വത്തിന്റെ ഈ നിലപാടിനെതിരെ അതിശക്തമായ നിലപാടെടുത്തു നില്‍ക്കുന്ന നിരവധി പേരുണ്ട്. പരിപാവനമായ ശരണമന്ത്രത്തെ തെരുവിലിട്ട് അലക്കുന്ന രീതിയും ഒരു മുദ്രാവാക്യമാക്കി മാറ്റുന്ന രീതിയും യഥാര്‍ത്ഥ വിശ്വാസികളില്‍ വലിയ അസംതൃപ്തിയാണ് ഉളവാക്കിയിട്ടുള്ളത്.

കേരളത്തിന്റെ പഴയകാലത്തെ സാമൂഹികാവസ്ഥ സ്വാമി വിവേകാനന്ദന്റെ ഇതൊരു ഭ്രാന്താലയമാണ് എന്ന പ്രസ്താവനയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ജാതിജീര്‍ണതകള്‍ നുരയ്ക്കുന്ന മലയാളികള്‍ വസിക്കുന്ന പ്രദേശങ്ങളെ ഇന്നത്തെ രീതിയിലേക്ക് മാറ്റുന്നതില്‍ സാമൂഹിക പരിഷ്‌കരണ, നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് ചെറുതായി കാണാന്‍ സാധിക്കില്ല. ചട്ടമ്പി സ്വാമികളെയും ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും പോലുള്ള മഹാന്മാര്‍ തുടങ്ങിവച്ച നവോത്ഥാന പ്രസ്ഥാനത്തെ സൂര്യശോഭയോടെ പ്രകാശിപ്പിച്ച മന്നത്ത് പത്മനാഭനെ പോലുള്ളവരെ നെഞ്ചേറ്റുന്ന നിരവധി പേരെ നിരാശപ്പെടുത്തുന്ന രീതിയിലാണ് സംഘത്തിന്റെ ഇടപെടല്‍ മൂലം ചില നവോത്ഥാന പ്രസ്ഥാനങ്ങള്‍ നിലപാടെടുക്കുന്നത്. നവോത്ഥാന മൂല്യങ്ങളില്‍ നിന്നും പിന്‍നടന്ന പ്രസ്ഥാനങ്ങളെ പൂര്‍വാധികം ശക്തിയോടെ നവോത്ഥാനത്തിന്റെ ധാരകളിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വമാണ് സാമൂഹിക പ്രതിബദ്ധതയുള്ള രാഷ്ട്രീയ പാര്‍ട്ടിക്കുള്ളത്. ആ കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും അമ്പേ പരാജയപ്പെട്ടതായും അവര്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത്തരമൊരു സാമൂഹികാവസ്ഥയിലാണ് ബിജെപിയുടെ സമരപ്പന്തലില്‍ നിന്നും കോണ്‍ഗ്രസിന്റെ മുദ്രാവാക്യങ്ങളില്‍ നിന്നും വിമുക്തി നേടി തങ്ങള്‍ പുരോഗമന രാഷ്ട്രീയത്തോടൊപ്പം നില്‍ക്കാനുള്ള തീരുമാനത്തില്‍ എത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. കേരളത്തിന്റെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ബദല്‍ നയങ്ങളിലൂടെ സഹായിക്കാനും സാധിക്കുന്ന രാഷ്ട്രീയമാണ് പ്രസക്തമെന്നും അതിനാല്‍ തങ്ങള്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായും അവര്‍ അറിയിച്ചു.

This post was last modified on December 21, 2018 1:57 pm