X

ജോലി കിട്ടിയില്ല, പിന്നെ മോഷണം തൊഴിലാക്കി ഒപ്പം ബലാത്സംഗവും; സീരിയല്‍ റേപ്പിസ്റ്റ് ആയ ടെക്കി അറസ്റ്റില്‍

ചെന്നൈ സ്വദേശി മദന്‍ അറിവളഗനാണ് പിടിയിലായത്

മോഷണം, ബലാത്സംഗം എന്നീ കുറ്റങ്ങള്‍ ചുമത്തി 28 കാരനായ മുന്‍ ഐടി പ്രൊഫഷണലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കൃഷ്ണഗിരി മാതുര്‍ സ്വദേശി മദന്‍ അറിവളഗനാണ് അറസ്റ്റിലായത്. ഇയാള്‍ അമ്പതോളം സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

ഒരു മോഷണകകേസുമായി ബന്ധപ്പെട്ടാണ് മദനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ചോദ്യം ചെയ്യുന്നതിനിടയില്‍ ഇയാളുടെ സെല്‍ഫോണ്‍ പരിശോധിക്കുമ്പോഴാണ് മദന്‍ ഒരു സീരിയല്‍ റേപ്പിസ്റ്റ് ആണെന്നു കൂടി പൊലീസിന് മനസിലാകുന്നത്. ഇയാളുടെ ഫോണില്‍ സ്ത്രീകളെ പീഢിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു.

ബെംഗളൂരുവിലെ ഒരു സോഫ്റ്റ്‌വയര്‍ കമ്പനിയില്‍ ജോലി നോക്കിയിരുന്ന മദന്‍ 2015 ല്‍ ജോലി വിട്ട് ചെന്നൈയിലേക്ക് മടങ്ങി. ചെന്നൈയില്‍ പുതിയൊരു ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് മദന്‍ മോഷണത്തിലേക്ക് തിരിയുന്നത്. വീടുകളില്‍ കയറിയുള്ള മോഷണവും വഴിയിരികില്‍ നിന്നുള്ള പിടിച്ചു പറിയും മദന്‍ ശീലിച്ചു. ഒരിക്കല്‍ ഒരു വീടിനുള്ളില്‍ മോഷണം നടത്തുന്നതിനിടയിലാണ് മദന്‍ ആദ്യമായി ബലാത്സംഗവും നടത്തുന്നത്. ഒരു സ്ത്രീ മാത്രമുള്ള വീടായിരുന്നു അത്. ഇതിനുശേഷമാണ് സ്ത്രീകള്‍ മാത്രമുള്ള സമയം നോക്കി മോഷ്ടിക്കാന്‍ കയറുന്നതും അവരെ ബലാത്സംഗം ചെയ്യാനും തുടങ്ങിയത്. മോഷണശേഷം സ്ത്രീകളെ ബലാത്സംഗം ചെയ്ത് ഈ രംഗങ്ങള്‍ മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് അവരെ ബ്ലാക്‌മെയില്‍ ചെയ്തും പണം തട്ടും. ഇത്തരത്തില്‍ അമ്പതോളം സ്ത്രീകളെ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ മദന്‍ സമ്മതിച്ചതായും പൊലീസ് പറയുന്നു.

വ്യാഴാഴ്ചയാണ് മദന്‍ പൊലീസിന്റെ പിടിയിലാകുന്നത്. തന്നെ കത്തിമുനയില്‍ നിര്‍ത്തി ഒരാള്‍ മോഷണം നടത്തിയെന്നും 8,500 രൂപ തട്ടിയെടുത്തുവെന്നും ഒരു സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മദന്‍ പിടിയിലാകുന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മദനെ കുടുക്കിയത്. താമസസ്ഥലത്തു നിന്നാണ് മദനെ പിടികൂടുന്നത്.

മദന്‍ അറിവളഗന്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഒരു ബലാത്സ്ഗം പരാതി ഇയാള്‍ക്കെതിരേ കിട്ടിയിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ പരാതികളുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് പറയുന്നു.

 

This post was last modified on November 17, 2017 12:09 pm