X

‘ഹേ.. മാറിനില്‍ക്ക്’: മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ കലിപ്പ് തീരുന്നില്ല

എറണാകുളം ലെനിന്‍ സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനായി എത്തിയപ്പോഴാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വീണ്ടും കയര്‍ത്തത്‌

മാധ്യമങ്ങളോട് ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ച മുഖ്യമന്ത്രിക്ക് അവരോടുള്ള കലി തീരുന്നില്ല. ഇന്ന് എറണാകുളം ലെനിന്‍ സെന്ററിലെത്തിയപ്പോള്‍ തന്നെ വളഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ‘ഹേ.. മാറി നില്‍ക്ക്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആജ്ഞ. എറണാകുളത്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനായാണ് അദ്ദേഹം ലെനിന്‍ സെന്ററില്‍ എത്തിയത്.

മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും സിപിഎമ്മും സിപിഐയും തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ത്തിരിക്കുന്നതിന്റെയും സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നിന്നതുമുള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചയായിരിക്കെ മുഖ്യമന്ത്രിയുടെ ഏതെങ്കിലും വിധത്തിലുള്ള പ്രതികരണം പ്രതീക്ഷിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ ചുറ്റിലും കൂടിയത്. എന്നാല്‍ ഇവരോട് ‘ഹേ.. മാറിനില്‍ക്ക്’ എന്ന് കയര്‍ത്തിട്ട് അകത്തേക്ക് പോകുകയാണ് അദ്ദേഹം ചെയ്തത്. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി മാധ്യമപ്രവര്‍ത്തകരെ ലെനിന്‍ സെന്ററിന് പുറത്തേക്ക് മാറ്റി നിര്‍ത്തുകയും ചെയ്തു.

ഓഗസ്റ്റില്‍ ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ബിജെപി നേതാക്കളും സിപിഎം നേതാക്കളെയും ചേര്‍ത്ത് വിളിച്ചു ചേര്‍ത്ത ഉഭയകക്ഷി ചര്‍ച്ചയ്ക്കിടയിലും സമാന സംഭവമുണ്ടായിരുന്നു. മസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടക്കുന്ന ഹാളില്‍ ഇരുന്നിരുന്ന മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ‘കടക്ക് പുറത്ത്’ എന്ന് ആവശ്യപ്പെടുകയായിരുന്നു. ‘നിങ്ങളെ ആരാണ് ഇവിടെ വിളിച്ചതെന്നും’ അന്ന് അദ്ദേഹം ചോദിച്ചിരുന്നു.

This post was last modified on November 17, 2017 11:36 am

Related Post
Leave a Comment