X

കാതിലെ കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ ആർക്കാണ് നമ്മളെ തോൽപ്പിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി

ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രൈസ്തവനെന്നോ വ്യത്യാസമില്ലാതെ ആരാധനാലയങ്ങൾ ജനങ്ങളെ സ്വീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തുടക്കത്തിലുണ്ടായ കുപ്രചരണങ്ങളെ തുടര്‍ന്ന് മന്ദഗതിയിലായിരുന്ന ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണവും വിതരണവും ഒരു ഘട്ടം കഴിഞ്ഞതോടെ കേരളം മുഴുവന്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതുപോലെ എല്ലാ പ്രചരണങ്ങളെയും തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്കുള്ള സംഭാവനകളും ഇപ്പോള്‍ കൂടുതലായി എത്തുന്നുണ്ട്. ഇതിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെയാണ്: “ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നൽകുന്നവർ, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏൽപ്പിക്കുന്നവർ, സമ്പാദ്യക്കുടുക്ക അപ്പാടെ ഏൽപ്പിക്കുന്ന കുട്ടികൾ- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ശക്തിപ്പെടുത്താനുള്ള ജനമനസ്സുകളുടെ നിശ്ചയദാർഢ്യം തൊട്ടറിയുകയാണ്”.

പ്രളയവുമായി ബന്ധപ്പെട്ട് ഇന്നലെ വൈകിട്ട് പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ഒപ്പം തന്നെ കാതിലെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ: “ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക…”

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

“സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭീതിയുടെ അന്തരീക്ഷം മാറുകയാണ്. എന്നാൽ ഈ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയും അതിന്റെ ഫലമായുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. അതിൽ നിന്ന് കരകയറാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് എല്ലാം മറന്നുള്ള പിന്തുണ ലഭിക്കുന്നത് ആവർത്തിച്ചു പറയേണ്ട കാര്യമാണ്. ആരാധനാലയങ്ങൾ അഭയ കേന്ദ്രങ്ങളാകുന്നത് നേരത്തെ ഒരു പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇവിടെ, തിരുവനന്തപുരത്ത് ഇന്ന് ഓഫിസിൽ എത്തിയത്, ദുരിതബാധിതർക്ക് സുമനസ്സുകൾ സ്വയം തയാറായി വന്നു നൽകുന്ന സഹായം സ്വീകരിക്കാനാണ്.

ഒരുമാസത്തെ സ്വന്തം വരുമാനം ആകെ നൽകുന്നവർ, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏൽപ്പിക്കുന്നവർ, സമ്പാദ്യക്കുടുക്ക അപ്പാടെ ഏൽപ്പിക്കുന്ന കുട്ടികൾ- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധി ശക്തിപ്പെടുത്താനുള്ള ജന മനസ്സുകളുടെ നിശ്ചയദാർഢ്യം തൊട്ടറിയുകയാണ്.

ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്.

ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോൾ അദ്ദേഹം കാതിലെ കടുക്കന്‍ ഊരി നല്‍കിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക….”

മറ്റൊരു ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി ഇങ്ങനെ പറയുന്നു

“കാലവർഷം മനുഷ്യ ജീവിതത്തെ തല്ലിത്തകർത്തു പെയ്യുമ്പോൾ ഒന്നും തിരിച്ചുപിടിക്കാൻ കഴിയാത്ത നിസ്സഹായാവസ്ഥയിൽ നിസ്സംഗരായിരിക്കുകയല്ല മലയാളികൾ. അതിജീവനത്തിന്റെ എല്ലാ സാധ്യതകളും നാം ഉപയോഗിക്കുന്നു. അതിന് മുന്നിൽ നമുക്ക് ഒന്നും തടസ്സങ്ങളാകുന്നില്ല. ഉരുൾപൊട്ടലും മണ്ണിടിച്ചിലുകളും പ്രളയവും അസാധാരണമായ കെടുതികളാണ് ഇത്തവണ അവശേഷിപ്പിച്ചത്. അതിനെ നേരിടാൻ നാടാകെ യോജിച്ചണിനിരന്നു.

വിദ്യാലയങ്ങൾക്കൊപ്പം ദുരിത ബാധിതർക്ക് ശരണ കേന്ദ്രങ്ങളായത് ആരാധനാലയങ്ങളുമാണ്. ഹിന്ദുവെന്നോ മുസൽമാനെന്നോ ക്രൈസ്തവനെന്നോ വ്യത്യാസമില്ലാതെ ആരാധനാലയങ്ങൾ ജനങ്ങളെ സ്വീകരിക്കുകയും സൗകര്യങ്ങളൊരുക്കുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ കവളപ്പാറ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സൗകര്യം ഒരുക്കിയത് നിലമ്പൂർ പോത്തുകല്ല്‌ മഹല്ല് കമ്മിറ്റിയാണ്. മഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടുപോയി പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള ബുദ്ധിമുട്ട്‌ കണക്കിലെടുത്തു നിസ്കാര സ്ഥലം ഉൾപ്പെടെ പോസ്റ്റുമോർട്ടത്തിന് വേണ്ടി വിട്ടു നൽകി. മദ്രസയിലെ ബെഞ്ചും ഡെസ്കുകളും വിട്ടുകൊടുത്തു. അഞ്ച് പോസ്റ്റുമോര്‍ട്ടം ടേബിളുകളാണ് മദ്രസയുടെ ഡെസ്‌കുകള്‍ ചേര്‍ത്തുവച്ച് തയ്യാറാക്കിയത്.

Also Read: അതിജീവിക്കുന്ന കേരളം; കവളപ്പാറയില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ നിസ്‌കാര ഹാള്‍ വിട്ടു നല്‍കി പോത്തുകല്ല് മഹല്ല് കമ്മിറ്റി

കേരളത്തിന്റെ മതനിരപേക്ഷ കൂട്ടായ്മയുടെയും മനുഷ്യത്വത്തിന്റെയും അനേകം അനുഭവങ്ങളിൽ ഒന്നാണിത്. കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിലും ആരാധനാലയങ്ങൾ അഭയകേന്ദ്രങ്ങളാകുന്നത് നാം കണ്ടിരുന്നു. ദിവസങ്ങളോളം നാനാ ജാതി മതസ്ഥരെ താമസിപ്പിക്കാനും അവർക്കു ഭക്ഷണവും മറ്റു സൗകര്യങ്ങളും ചെയ്തു കൊടുക്കാനും ആരാധനാലയ നടത്തിപ്പുകാർ തയാറായി. കേരളത്തിന്റെ മനുഷ്യ സ്നേഹത്തിലധിഷ്ഠിതമായ സാമൂഹിക ജീവിതത്തിനും മതനിരപേക്ഷ പാരമ്പര്യത്തിനും നേർസാക്ഷ്യങ്ങളായാണ് ഈ ആരാധനാലയങ്ങൾ നിലകൊണ്ടത്. അവിടെ ഒരു തരത്തിലുമുള്ള വിദ്വേഷമോ വേർതിരിവോ പ്രകടമായില്ല.

പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്നവരും കിടപ്പാടമടക്കം എല്ലാം നഷ്ടപ്പെട്ടവരും ജീവിത സ്വപ്നങ്ങൾക്ക് ഭംഗം വന്നവരും ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയുള്ളവരുമൊക്കെയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിപ്പെട്ടത്. ഭക്ഷണവും പരിചരണവും പ്രാഥമിക സൗകര്യങ്ങളും അവിടെ ലഭിക്കുന്നുണ്ടെങ്കിലും നൈരാശ്യവും അരക്ഷിത ബോധവും അവരെ നയിക്കുന്നത് സ്വാഭാവികമാണ്. അത്തരം അവസ്ഥയിൽ ആ മനുഷ്യർക്ക് പ്രത്യാശ പകർന്നു നൽകുന്നതിനുള്ള ദൗത്യവും ആരാധനാലയങ്ങളോടനുബന്ധിച്ച് ഒരുക്കാൻ ശ്രമം നടന്നിരുന്നു. അതിന് കൂട്ട പ്രാർത്ഥനകളടക്കം സംഘടിപ്പിച്ചു. എല്ലാ മതത്തിലും പെട്ടവർ അത്തരം പ്രാർത്ഥനകളിൽ പങ്കാളികളായി. എല്ലാ മനുഷ്യരെയും ഒന്നായി കാണുന്നതിനും അവർക്ക് ശാന്തി പ്രദാനം ചെയ്യുന്നതിനുമുള്ള ഉദ്യമങ്ങളാണുണ്ടായത്.

മനുഷ്യന്റെ ഐക്യമാണ് നമ്മുടെ ശക്തി. ഈ ദുരന്ത മുഖത്തു തെളിഞ്ഞു നിൽക്കുന്ന ആ ശക്തി നമ്മുടെ നാടിന്റെ പ്രത്യാശ തന്നെയാണ്. ഒരു തരത്തിലുള്ള വിധ്വംസക പ്രവണതകൾക്കും നമ്മെ കീഴടക്കാനാവില്ല എന്ന ഉറപ്പാണത്”.

Also Read: അപ്രത്യക്ഷമായത് നെഹ്റു നേരിട്ടെത്തി ദാനം ചെയ്ത ഭൂമി; കയ്യേറ്റങ്ങളും റബ്ബര്‍ പ്ലാന്‍റേഷനും കവളപ്പാറയിലെ ഭൂദാനത്തെ ഇല്ലാതാക്കിയത് ഇങ്ങനെ

Related Post
Leave a Comment