X

എനിക്ക് ഭീഷണിയുണ്ട്, സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചിട്ടില്ല: ദിലീപ്

ദിലീപ് സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍ ജാമ്യ വ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ഭീഷണിയുണ്ടെന്ന് നടന്‍ ദീലിപ്. തനിക്കെതിരെ കേസ് നല്‍കിയവരില്‍ നിന്നാണ് സുരക്ഷാ ഭീഷണി നേരിടുന്നതെന്നും ദിലീപ് പൊലീസിനെ അറിയിച്ചു. സ്വകാര്യ സുരക്ഷാ ഏജന്‍സിയെ നിയോഗിച്ചതില്‍ വിശദീകരണം ചോദിച്ച് പൊലീസ് നല്‍കിയ നോട്ടീസിന് മറുപടി നല്‍കവേയാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. ആലുവ പൊലീസ് ഞായറാഴ്ചയാണ് വിശദീകരണം തേടി ദിലീപിന് നോട്ടീസ് നല്‍കിയത്. സുരക്ഷാ ജീവനക്കാരുടെ പേരുകളും തിരിച്ചറിയല്‍ രേഖകളും നല്‍കണം, അവര്‍ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലൈസന്‍സ് ഹാജരാക്കണം, സുരക്ഷാ ഏജന്‍സിയുടെ ലൈസന്‍സ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ദിലീപിനോട് ആവശ്യപ്പെട്ടത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ്, ഗോവ ആസ്ഥാനമായ തണ്ടര്‍ ഫോഴ്‌സ് എന്ന സ്വകാര്യ ഏജന്‍സിയെ സുരക്ഷയ്ക്കായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള തീയറ്റര്‍ സമുച്ചയമായ, ചാലക്കുടിയിലെ ഡി സിനിമാസിനും സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അതിനുപിന്നാലെ, ഏജന്‍സിയുടെ തൃശൂരിലെ ഓഫിസില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തി. ദിലീപിന് സുരക്ഷ അനുവദിച്ചതിന്റെ രേഖകള്‍ ഗോവയിലാണെന്നാണ് അവര്‍ പൊലീസിനെ അറിയിച്ചത്. കൊട്ടാരക്കരയിലും കൊച്ചിയിലുമുള്ള തണ്ടര്‍ ഫോഴ്‌സിന്റെ വാഹനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. ദിലീപ് സ്വകാര്യ ഏജന്‍സിയെ സമീപിച്ചതില്‍, നടിയെ ആക്രമിച്ച കേസിലെ ജാമ്യ വ്യവസ്ഥയുടെ ലംഘനമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, അംഗീകൃത ഏജന്‍സിയെ സുരക്ഷയ്ക്ക് നിയോഗിക്കുന്നതില്‍ നിയമ തടസമില്ലെന്നും അഭിപ്രായമുണ്ട്. ഏജന്‍സിക്ക് രാജ്യത്തെവിടെയും ആയുധം ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ടെങ്കില്‍, കേരളത്തില്‍ പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. എന്നാല്‍, ഇത് ഒരു സംസ്ഥാനത്തേത് മാത്രമാണെങ്കില്‍ മറ്റിടങ്ങളില്‍ പ്രത്യേക ലൈസന്‍സ് ആവശ്യമാണ്.

This post was last modified on October 23, 2017 3:34 pm