X

ആര്‍ സി സിയിലെ ക്യാന്‍സര്‍ വാര്‍ഡില്‍ നിന്നൊരു കുറിപ്പ്; ലക്ഷങ്ങൾ പൊടിയുകയാണ്, എങ്കിലും എന്റെ ഒരുമാസ ശമ്പളം കേരളത്തിന്

സാമ്പത്തിക ബുദ്ധിമുട്ടൊക്കെയുണ്ട്. എങ്കിലും, ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ...? ഒരു മനുഷ്യനെന്ന് എനിക്കെന്നെ വിളിക്കണ്ടേ...?’

ആർസിസിയിൽ ആയിരുന്നതു കൊണ്ട്, നാട് പ്രളയത്തിൽ മുങ്ങിയപ്പോൾ വാർത്തകളൊന്നും ശരിക്ക് കാണാൻ കഴിഞ്ഞില്ല. പ്രളയ മേഖലയിൽ പോകാനോ, ഒരു സഹായവും ചെയ്യാനോ പറ്റാഞ്ഞതുമൂലം സോഷ്യൽ മീഡിയയിൽ ഡയലോഗടിക്കാനും നിന്നില്ല. സാലറി ഇല്ലാതിരുന്നതുകൊണ്ട് സാലറി ചലഞ്ചും ചെയ്തില്ല. ചികിത്സയ്ക്ക് ലക്ഷങ്ങൾ പൊടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഉത്സവ ബത്തയും കൂട്ടി ആകെ 5000 രൂപ മാത്രമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കൊടുത്തുള്ളൂ. ഏതായാലും ഈ മാസത്തോടെ ആർസിസിയിൽനിന്ന് വരാൻ കഴിയും. അടുത്തമാസം ജോലിക്ക് കേറാൻ കഴിയും. അതുകൊണ്ട്, ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്ന സാലറി ചലഞ്ച് ഇനി ഞാനും ഏറ്റെടുക്കുകയാണ്. സാമ്പത്തിക ബുദ്ധിമുട്ടൊക്കെയുണ്ട്.

എങ്കിലും, ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ…? ഒരു മനുഷ്യനെന്ന് എനിക്കെന്നെ വിളിക്കണ്ടേ…?’

കാസർകോട് പെരിയയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ആയ സിജോ എം ജോസ് തിരുവനന്തപുരത്തെ റീജണൽ ക്യാൻസർ സെന്ററിൽനിന്ന് എഴുതിയ വാക്കുകളാണിത്. രണ്ടാമത്തെ മകൾ മരിയ ലുക്കീമിയ ബാധിച്ച് ഇവിടെ ആശുപത്രിയയിലാണ്. എട്ടുമാസമായി തുടർച്ചയായി അവിടെ താമസിച്ച് കീമോ അടക്കമുള്ള ചികിത്സ വേണം. മകൾ രോഗ ബാധിതയായ വിവരം അറിഞ്ഞ സമയത്താണ് ഭാര്യ റോന റോബർട്ട് ഗർഭിണിയാകുന്നത്. മകളുടെ ചികിത്സയും മൂന്നാമത്തെ മകൻ ജെറാൾഡിന്റെ പ്രസവവും ഒന്നിച്ചതായിരുന്നു. അവനിപ്പോൾ എട്ടുമാസം പ്രായം. മൂത്തമകൻ ജെറോമുമായി തിരുവനന്തപുരത്ത് തന്നെയാണ്.സിജോയുടെ കഥ ദേശാഭിമാനിയാണ് റിപ്പോര്‍ട്ട് ചെയ്തത്.

കാസർകോടു നിന്ന് വന്നും പോയും അവിടെയുള്ള ചികിത്സകളുമൊക്കെയായപ്പോൾ സാമ്പത്തികമായി നല്ല ഞെരുക്കം വന്നു. ഭാര്യയും ആരോഗ്യ വകുപ്പിൽ തന്നെ. കാസർകോട് ടിബി യൂണിറ്റിൽ ക്ലർക്ക് ആയിരുന്നു. ഇനി അവധി കഴിഞ്ഞാൽ തിരുവനന്തപുരത്ത് ചാർജെടുക്കും.

ഒന്നാം തീയതി ജോലിയിൽ പ്രവേശിക്കുന്ന കാസർകോട് തായന്നൂർ എണ്ണപ്പാറ സ്വദേശി സിജോയും പ്രസവാവധി കഴിഞ്ഞ് ജോലി തുടരാനിരിക്കുന്ന കൊല്ലം സ്വദേശിനി ഭാര്യ റോനയും സന്തോഷത്തോടെ സാലറി ചലഞ്ച് ഏറ്റെടുക്കും. പ്രളയക്കെടുതിയിൽ മുങ്ങിയ നാടിനെ നവകേരളമാക്കാൻ ശ്രമിക്കുന്ന സംസ്ഥാന സർക്കാരിനോട് ഐക്യദാർഢ്യം നൽകും. മഹാദൗത്യത്തെ പിന്നിലേക്ക് വലിക്കുന്നവർക്ക് കാലം മാപ്പ് നൽകില്ലെന്നും ഈ ദമ്പതികൾ പറയുന്നു. ദീർഘകാലം ആശുപത്രിയും ക്യാൻസർ ചികിത്സയുമായതിനാൽ ലക്ഷങ്ങൾ കടമുണ്ട്. വലിയ ബാധ്യതയുമുണ്ട്.എങ്കിലും തീരുമാനത്തിൽനിന്ന്‌ മാറ്റമില്ല.

സാലറി ചലഞ്ചില്‍ അള്ള് വയ്ക്കുന്നവര്‍ ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ് അതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

കമ്പിളി വിൽക്കാൻ വന്ന ആ മനുഷ്യന്റെയൊക്കെ ചെരുപ്പിന്റെ വാറഴിക്കാൻ അർഹതയില്ലെന്ന അപകർഷതയോടെ…

This post was last modified on September 20, 2018 7:58 am