X

പലരും എഴുതിയുണ്ടാക്കി അഭിനയിച്ച കഥാപാത്രങ്ങളിലാണ് സുരേഷ് ഗോപി ഇപ്പോഴും ജീവിക്കുന്നത്

സുരേഷ് ഗോപിയോടാണ്. ചുടലപ്പറമ്പിനെ കുറിച്ചാണ്. ചുടലയില്‍ ഒടുങ്ങേണ്ടവരെക്കുറിച്ചാണ്

ബിജെപിയുടെ നിരാഹാര സമരത്തെ അഭിസംബോധന ചെയ്ത് സുരേഷ് ഗോപി ഇന്നലെ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അയ്യപ്പ ഭക്തര്‍ക്ക് സമാധാനം തിരിച്ച് നല്‍കി ഈ വൃത്തികെട്ട പരിപാടികളില്‍ നിന്ന് മുഖ്യമന്ത്രിയും സംഘവും പിന്നോട്ട് പോകണമെന്നും ദൈവികമായ സമരങ്ങള താലിബാനുമായി കൂട്ടിച്ചേര്‍ക്കുന്ന ശീലമാണ് അവര്‍ക്കെന്നും അവര്‍ ഒന്നടങ്കം ചുടലയില്‍ ഒടുങ്ങട്ടേയെന്നുമാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്. രഞ്ജി പണിക്കരെ പോലുള്ളവര്‍ എഴുതി വച്ച കിടിലന്‍ ഡയലോഗുകള്‍ മാത്രം പറഞ്ഞ് കയ്യടി വാങ്ങിക്കൂട്ടിയ വായയ്ക്ക് ഇമ്മാതിരി പ്രാക്കുകള്‍ ചേരില്ലെന്നാണ് എസ് ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

‘തിലകം ചാര്‍ത്തി ചീകിയുമഴകായ്
പല നാള്‍ പോറ്റിയ പുണ്യ ശിരസ്സേ
ഉലകം വെല്ലാന്‍ ഉഴറിയ നീയോ വില പിടിയാത്തൊരു തലയോടായി’

സുരേഷ് ഗോപിയോടാണ്. ചുടലപ്പറമ്പിനെ കുറിച്ചാണ്. ചുടലയില്‍ ഒടുങ്ങേണ്ടവരെക്കുറിച്ചാണ്.

ആകാശത്തിലിട്ടുരുട്ടുന്ന മട്ടില്‍ എഴുന്നള്ളിച്ചു കൊണ്ടു നടക്കുന്ന എല്ലാ തലയുടെയും കാര്യം ഇത്രയൊക്കെയേ ഉള്ളു എന്നാണ് മരണമെന്ന ദാര്‍ശനിക സത്യത്തെക്കുറിച്ചറിയാവുന്നവര്‍ പറയുന്നത്.

തിരുനൈനാര്‍ കുറിച്ചി മാധവന്‍ നായര്‍ ഹരിശ്ചന്ദ്ര സിനിമക്കു വേണ്ടി എഴുതി കമുകറ പുരുഷോത്തമന്‍ പാടിയ ആത്മവിദ്യാലയമേ എന്ന ഗാനത്തിലെ ചില വരികള്‍ കൂടി താങ്കളെ ഓര്‍മ്മിപ്പിക്കട്ടെ.

‘ ഇല്ലാ ജാതികള്‍ ഭേദ വിചാരം
ഇവിടെ പുക്കവര്‍ ഒരു കൈ ചാരം
മന്നവനാട്ടേ യാചകനാട്ടെ
വന്നിടുമൊടുവില്‍ വന്‍ ചിത നടുവില്‍’

അതു കൊണ്ട് ശപിക്കരുത്. മഹാഭാരതത്തില്‍ കൃഷ്ണനോട്, ‘നീയും നിന്റെ വംശവും മുടിഞ്ഞു പോകു’മെന്നു ശപിച്ച ഗാന്ധാരിയെ നോക്കി കൃഷ്ണന്‍ ചിരിച്ച ഒരു ചിരിയുണ്ട്. ഇതിഹാസത്തില്‍ വ്യാസന്‍ അടയാളപ്പെടുത്തിയ ചിരി.

‘ മേഞ്ഞയിടത്തു തന്നെയാണല്ലോ അമ്മേ നിങ്ങള്‍ മേയുന്നത്’ എന്നാണ് കുട്ടിക്കൃഷ്ണ മാരാര്‍ ആ ചിരിയുടെ അര്‍ഥം അടയാളപ്പെടുത്തിയത്.

മരണത്തെക്കുറിച്ചാണ്. ചുടലയില്‍ ഒടുങ്ങുന്നതിനെ കുറിച്ചാണ്. ഭാരതീയ ജനതാപാര്‍ടിയല്ലേ, അതൊക്കെ ഒന്നെടുത്തു വായിക്കുന്നത് പ്രയോജനപ്പെടും.

രണ്‍ജി പണിക്കരെ പോലുള്ളവരെഴുതി വെച്ച ‘കിടിലന്‍’ഡയലോഗുകള്‍ മാത്രം പറഞ്ഞ് കയ്യടി വാങ്ങിക്കൂട്ടിയ ആളല്ലേ? ആ വായക്ക് ചേരില്ല ഇമ്മാതിരി പ്രാക്കുകള്‍. ആളുകള്‍ ചിരിക്കും’. എന്നാണ് ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Also Read: ഏതൊരു ബുദ്ധിരഹിത സംഘിയുടെയും സിറോക്സ് കോപ്പി മാത്രമാണ് സുരേഷ് ഗോപി

എന്റെ കുലത്തിന് നേരെ വച്ച കത്തിയുടെ മൂര്‍ച്ച മാത്രമല്ല അതിന്റെ മുനയും പിടിയും ഒടിച്ച് ഇതാ ഞങ്ങള്‍ ധ്വംസിക്കുന്നു. എന്നായിരുന്നു സുരേഷ് ഗോപിയുടെ മറ്റൊരു ഡയലോഗ്. ഇന്നലെ നടന്ന അയ്യപ്പ ജ്യോതി പ്രതിഷേധത്തിന് കളിയിക്കാവിളയില്‍ നേതൃത്വം കൊടുത്തുകൊണ്ട് സംസാരിച്ചതായിരുന്നു ബിജെപി എംപി. ‘ഞങ്ങളൊക്കെ എഴുതിയുണ്ടാക്കി, അയാളഭിനയിച്ച ചില കഥാപാത്രങ്ങളാണ് എന്നു സ്വയം കരുതിയാണ് ഇപ്പോഴും അയാളുടെ ജീവിത’മെന്ന് തന്റെ ഒരു സുഹൃത്ത് പറഞ്ഞതായി മാധ്യമപ്രവര്‍ത്തകന്‍ സുജിത് ചന്ദ്രന്‍ പറയുന്നു. സുജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ.

‘തിരക്കഥാകൃത്തും സംവിധായകനുമായ ഒരു ചലച്ചിത്രകാരന്‍ ഒരിക്കല്‍ സ്വകാര്യമായി പറഞ്ഞിട്ടുണ്ട്, ‘ഞങ്ങളൊക്കെ എഴുതിയുണ്ടാക്കി, അയാളഭിനയിച്ച ചില കഥാപാത്രങ്ങളാണ് എന്നു സ്വയം കരുതിയാണ് ഇപ്പോഴും അയാളുടെ ജീവിതം!’
ഇന്നത്തെ വിളക്കുവയ്പ്പ് പ്രതിഷേധത്തിനിടെ ആശാന്‍ കാച്ചിയ ഒരു ഡയലോഗ് നോക്കൂ…
‘എന്റെ കുലത്തിന് നേരെ വച്ച കത്തിയുടെ മൂര്‍ച്ച മാത്രമല്ല, അതിന്റെ മുനയും പിടിയും ഒടിച്ച് ഇതാ ഞങ്ങള്‍ ധ്വംസിക്കുന്നു!’
സിവനേ…
ഈ സാനം ഏത് കടേല്‍ കിട്ടും!
വീഡിയോ കമന്റ് ബോക്‌സിലുണ്ട്. 2.52 മുതല്‍ മാസ്സ് ഡയലോഗ് കേള്‍ക്കാം. സമയമുണ്ടേല്‍ മൊത്തം കേള്‍ക്കാവുന്നതുമാണ്, ക്ലാസ്സാണ്?’

Also Read: ജാനുവിന്റെ വേദിയില്‍ അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും ആദിവാസിയാവണമെന്ന് സുരേഷ് ഗോപി പറയാതിരുന്നതെന്തേ?

This post was last modified on December 27, 2018 11:44 am