X

കേരള തീരത്ത് ചുഴലിക്കാറ്റ്; സുനാമി ഉണ്ടാകില്ലെന്ന് അധികൃതര്‍

സുനാമി ഉണ്ടാകുമെന്ന തരത്തിലെ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയ്ക്ക് ശമനമില്ല. അമ്പൂരി പോലുള്ള മലയോര പ്രദേശങ്ങളില്‍ കനത്ത ഉരുള്‍പൊട്ടലും വിവിധയിടങ്ങളില്‍ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഇത് സുനാമിയുടെ മുന്നറിയിപ്പാണെന്ന പ്രചരണം തെറ്റാണെന്ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റുകള്‍ക്ക് സുനാമി സൃഷ്ടിക്കാന്‍ ആകില്ലെന്നും ഭൂമികുലുക്കമാണ് സൃഷ്ടിക്കാനാകുകയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. അതേസമയം ചുഴലിക്കാറ്റ് മൂലം കടലില്‍ വന്‍തിരകള്‍ രൂപപ്പെടും.

തിരുവനന്തപുരം നഗരത്തില്‍ വന്‍തോതിലുള്ള മഴയാണ് ഇപ്പോള്‍ പെയ്തു കൊണ്ടിരിക്കുന്നത്. ശാസ്തമംഗലത്ത് മുത്തൂറ്റിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് വീണ് വാഹനങ്ങള്‍ തകര്‍ന്നു. സമീപത്തെ കടയുടെ ഭാഗങ്ങളും തകര്‍ന്നു. വിഴിഞ്ഞം കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മൂന്ന് വാഹനങ്ങള്‍ക്കും നാശമുണ്ടായി. വിതുര പൊടിയക്കാല കോളനിയില്‍ മരം വീണ് നാലുവീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. ഇടുക്കിയിലും കേരളത്തിന്റെ മറ്റ് പലഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. വലിയതുറ കുഴിവിളാകം സെന്‍മേരിസ് ലൈബ്രറിയുടെ ഭാഗത്തു നിന്നും ഇന്നലെ വൈകുന്നേരം മത്സ്യബന്ധനത്തിന് പോയ 4 വള്ളക്കാരെ കാണാതായി. കുഴിവിളാകം സ്വദേശികളായ പോള്‍(59), ഡെന്നി(57), ജെറാള്‍ഡ്(63), ബൈജു(40) എന്നിവരെയാണ് കാണാതായത്. കടല്‍പ്രക്ഷുബ്ധമായതിനാല്‍ നാവികസേനയുടെ സഹായമില്ലാതെ കടലില്‍ തിരച്ചില്‍ നടത്താനാകില്ലെന്നാണ് കോസ്റ്റ് ഗാര്‍ഡ് പറയുന്നത്.

വരുന്ന നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരം ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കേരള തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റാണ് തെക്കന്‍ ജില്ലകളിലെ കനത്ത മഴയ്ക്ക് കാരണം. ഓഖി എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് തിരുവനന്തപുരത്തിനും കന്യാകുമാരിയ്ക്കും ഇടയിലാണ് സ്ഥിതിചെയ്യുന്നത്. ചെന്നൈയില്‍ നിന്നും 70 അംഗ ദുരന്തനിവാരണ സേന കന്യാകുമാരിയിലേക്ക് തിരിച്ചിട്ടുണ്ട്.

മഴയില്‍ നെയ്യാര്‍ ഡാമിലെ ജല നിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഷട്ടറുകള്‍ ഏഴ് അടി വരെ ഉയര്‍ത്തിയിരിക്കുകയാണ്. നെയ്യാറിന്റെ തീരത്തും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് ഉള്ളത്. സുനാമി ഭീതി വേണ്ടെങ്കിലും ഉയര്‍ന്ന തിലമാരകള്‍ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. സുനാമി ഉണ്ടാകുമെന്ന തരത്തിലെ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ നാളെ വരെയും ലക്ഷദ്വീപില്‍ മൂന്ന് ദിവസത്തേക്കുമാണ് ജാഗ്രതാ നിര്‍ദ്ദേശം.

ഒഖി ചുഴലിക്കാറ്റ്: ചെന്നിത്തലയുടെ ‘പടയൊരുക്കം’ സമാപന സമ്മേളനം മാറ്റിവെച്ചു

ചുഴലിക്കൊടുങ്കാറ്റ് ഒക്കി കേരളത്തിലേക്ക്; ജാഗ്രത നിര്‍ദ്ദേശവുമായി സര്‍ക്കാര്‍

 

This post was last modified on December 2, 2017 8:27 pm