X

ആനകളിലെ ‘ഇരട്ട ചങ്കന്‍’ ചെരിഞ്ഞു; സംസ്കരിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടി ഓട്ടോ ഡ്രൈവറായ ഉടമ

ആനയുടെ പോസ്റ്റ്മാര്‍ട്ടത്തിനും സംസ്‌ക്കാരത്തിനുമായി കുറഞ്ഞത് 2 ലക്ഷം രൂപയെങ്കിലും വേണം.

കഴിഞ്ഞ ദിവസം ചെരിഞ്ഞ പാലക്കാട് രാജേന്ദ്രന്‍ എന്ന ആനയെ സംസ്‌ക്കരിക്കാന്‍ പണമില്ലാതെ നെട്ടോട്ടമോടുകയാണ് ഉടമ ശരവണന്‍. മൂത്താന്‍ തറ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ശരവണന്‍. ആനയുടെ പോസ്റ്റ്മാര്‍ട്ടത്തിനും സംസ്‌ക്കാരത്തിനുമായി കുറഞ്ഞത് 2 ലക്ഷം രൂപയെങ്കിലും വേണം. പാലക്കാട് ആനപ്രേമി സംഘം ഉള്‍പ്പടെ സഹായത്തിനെത്തിയെങ്കിലും ആവശ്യമുള്ള പണം ഇനിയും സമാഹരിക്കാനായിട്ടില്ല.

ആനക്കമ്പം മൂത്ത് വായ്പ്പയെടുത്താണ് കഴിഞ്ഞ വര്‍ഷം കോട്ടയത്തു നിന്നും ആനയെ വാങ്ങുന്നത്. ഓട്ടോ ഓടിച്ചു കിട്ടുന്ന പണം കൊണ്ടാണ് ശരവണന്‍ ആനയെ പരിപാലിച്ചിരുന്നത്. ഉത്സവ എഴുന്നള്ളിപ്പിനും കൊണ്ടുപോകുമായിരുന്നു. അസുഖം ബാധിച്ച് ആഴ്ചകളോളം ആന ചികില്‍സയിലായിരുന്നു. ആനയെ സംസ്‌ക്കരിക്കുന്നതിനായി 10 ടണ്ണോളം വിറക്, 30 ലിറ്റര്‍ ഡീസല്‍, 25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ക്രെയ്ന്‍ എന്നിങ്ങനെ നിരവധി സാധനങ്ങള്‍ ആവശ്യമാണ്. കൂടാതെ പോസ്റ്റ് മാര്‍ട്ടത്തിന്റെ ചിലവും.

പാലക്കാട് തിരുപുരയ്ക്കല്‍ രാജേന്ദ്രന്‍

പാലക്കാട്ടെ വടക്കന്തറയാണ് ഇപ്പോഴത്തെ സ്ഥലം. ജന്മസ്ഥലം ബീഹാര്‍. തമ്പലക്കാട് രാജേന്ദ്രന്‍(തമ്പലക്കാട് കൈലാസ് ), ചാമപ്പുഴ വൈട്ടംകുഴി പൃഥ്വിരാജ്‌, ഗുരുജിയില്‍ ചന്ദ്രശേഖരന്‍, ഇടക്കുന്നി രാജേന്ദ്രന്‍, നന്ദിക്കര രാജേന്ദ്രന്‍, തമ്പലക്കാട് കൈലാസ് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ പത്തര അടിക്കാരന്‍ ഇടക്കാലത്തു തീരെ അവശതയിലായി. കുറവിലങ്ങാട് വട്ടംകുഴിയില്‍ കുടുംബം ഏറെക്കാലത്തെ ചികിത്സകള്‍കൊണ്ട് രാജേന്ദ്രനെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. പിന്നീട് പത്തുവര്‍ഷത്തോളം പൂരപ്പറമ്പുകളില്‍ അവന്റെ സാന്നിധ്യമുണ്ടായിരുന്നു, വീണ്ടും അവശനിലയിലായ രാജേന്ദ്രന്‍ പെട്ടന്ന് ചരിയുകയായിരുന്നു.

വട്ടംകുഴിയില്‍ നില്‍ക്കെ ചെവികള്‍ നഷ്ടപ്പെട്ടു. പിന്നീട് ഒരുപാട് കാലം ചികില്‍സിച്ചു മുറിവുകള്‍ ഭേദമാക്കി. പിന്നീട് വീണ്ടും ഉത്സവങ്ങളില്‍ എഴുന്നള്ളിക്തകാന്‍ തുടങ്ങി. ആനകളിലെ ഇരട്ട ചങ്കന്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പാലക്കാട് രാജേന്ദ്രന് പത്തടിക്ക് മേലെ ഉയരമുണ്ടായിരുന്നു.

Read More:എക്സിറ്റ് പോൾ സ്വാധീനം? സോണിയയുമായുള്ള കൂടിക്കാഴ്ചയിൽ നിന്നും മായാവതി പിന്‍വാങ്ങിയെന്ന് സൂചന

ഹരിത മാനവ്‌

മള്‍ട്ടി മീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി

More Posts

This post was last modified on May 20, 2019 4:52 pm