X

ഇത് ഒരു കുറ്റവാളിയുടെ വെബ്‌സൈറ്റ്: ദിലീപിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി

ഞങ്ങള്‍ ഉടന്‍ മടങ്ങിവരുമെന്ന സന്ദേശമാണ് പേജിലുള്ളത്

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റില്‍ കഴിയുന്ന ദിലീപിനെ ന്യായീകരിക്കാനും മാധ്യമങ്ങളെ വിമര്‍സിക്കാനും സോഷ്യല്‍ മീഡിയയില്‍ ശ്രമങ്ങള്‍ സജീവമായിരിക്കെ താരത്തിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. മലയാളത്തിലെ ഒരു കുറ്റവാളിയുടെ വെബ്‌സൈറ്റെന്ന വിവരണമാണ് ഗൂഗിളില്‍ ലഭ്യമാകുന്നത്.

www.dileeponline.com എന്ന വെബ്‌സൈറ്റായിരുന്നു ദിലീപിന്റേത്. ദിലീപിന്റെ ജീവിതവും സിനിമയും കരിയര്‍ നേട്ടങ്ങളുമായിരുന്നു വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം വരെ സജീവമായിരുന്ന വെബ്‌സൈറ്റാണ് ഇപ്പോള്‍ അപ്രത്യക്ഷമായത്. ഗൂഗിളില്‍ ഈ പേജ് തിരയുമ്പോഴാണ് മലയാളത്തിലെ ക്രിമിനല്‍ ദിലീപിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന വിശദീകരണം ലഭിക്കുന്നത്. എന്നാല്‍ അതില്‍ ക്ലിക്ക് ചെയ്ത് പേജിലേക്ക് കയറാന്‍ സാധിക്കില്ല. ഞങ്ങള്‍ ഉടന്‍ മടങ്ങിവരുമെന്ന സന്ദേശമാണ് പേജിലുള്ളത്. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണമെന്നും ഇപ്പോള്‍ ചില അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നും വിശദീകരണമുണ്ട്.

അതേസമയം ഫേസ്ബുക്കിലെ താരത്തിന്റെ പേജ് നിലനില്‍ക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ നഷ്ടപ്പെട്ട ജനപിന്തുണ വീണ്ടെടുക്കാന്‍ പിആര്‍ സ്ഥാപനങ്ങളെ ഏല്‍പ്പെടുത്തിയെന്ന ആരോപണം നിലനില്‍ക്കെയാണ് ദിലീപിന്റെ പേജ് അപ്രത്യക്ഷമായത്. ഇത് കൈകാര്യം ചെയ്യുന്നവര്‍ പിന്‍വലിച്ചതാകാനാണ് സാധ്യതയെന്ന് ഐടി വിദഗ്ധര്‍ പറയുന്നു.

This post was last modified on July 17, 2017 12:15 pm