X

ലൈറ്റ് മെട്രോയില്‍ നിന്ന് പിന്മാറുന്നു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇ ശ്രീധരന്‍

ലൈറ്റ് മെട്രോയ്ക്കായി രണ്ട് ഓഫീസുകള്‍ വെറുതെ തുറന്നുവച്ചു. നാല് വര്‍ഷമായി ഈ രണ്ട് ഓഫീസുകള്‍ക്കുമായി വെറുതെ 16 ലക്ഷം രൂപ ചിലവായെന്നും ശ്രീധരന്‍ അറിയിച്ചു.

തിരുവനന്തപുരത്തും കോഴിക്കോടും നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്ന ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. ലൈറ്റ് മെട്രോയുടെ രണ്ട് ഓഫീസുകള്‍ ഈ മാസം 15ന് അടച്ചുപൂട്ടുമെന്നും ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിഎംആര്‍സിയെ ഇനി ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പൊതുമരാമത്ത് മന്ത്രിയും മറ്റും ഇതാണ് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ചിട്ട് അനുവദിച്ചില്ല. പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് വിഷമത്തോടെയാണെന്നും ശ്രീധരന്‍ പറഞ്ഞു.

ലൈറ്റ് മെട്രോയ്ക്കായി രണ്ട് ഓഫീസുകള്‍ വെറുതെ തുറന്നുവച്ചു. നാല് വര്‍ഷമായി ഈ രണ്ട് ഓഫീസുകള്‍ക്കുമായി വെറുതെ 16 ലക്ഷം രൂപ ചിലവായെന്നും ശ്രീധരന്‍ അറിയിച്ചു. താന്‍ ഉള്ളതുകൊണ്ടാണ് ഡല്‍ഹി മെട്രോ റെയില്‍ കോപ്പറേഷന്‍ കൊച്ചി മെട്രോ അടക്കമുള്ളവയുടെ നിര്‍മ്മാണ ചുമതല ഏറ്റെടുത്തതെന്നും തനിക്ക് തുടരാന്‍ കഴിയാത്ത വിധം പ്രായമായിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കേരളത്തിലെ പദ്ധതികള്‍ ഇനി ഡിഎംആര്‍സി ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നും ഇ ശ്രീധരന്‍ തുറന്നടിച്ചു. അതേസമയം കൊച്ചി മെട്രോ നഷ്ടത്തില്‍ ആണെന്നും കരാര്‍ കാലാവധി കഴിഞ്ഞത് കൊണ്ടാണ് ഡിഎംആര്‍സി പിന്മാറുന്നത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രതികരിച്ചു.

അതെ സമയം ലോകത്തൊരിടത്തും മെട്രോ റെയില്‍ പദ്ധതികള്‍ ലാഭമുണ്ടാക്കുന്നതായി പറയാനാകില്ലെന്നും പ്രവര്‍ത്തന ചിലവ് തിരിച്ചുപിടിക്കുക എന്നതാണ് മെട്രോയുടെ വിജയമെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു. പദ്ധതി പൂര്‍ത്തിയാകുന്നതിന് മുമ്പ് ആദ്യ ഘട്ടത്തില്‍ തന്നെ ഇത് സാധ്യമാകില്ലെന്നും ശ്രീധരന്‍ ചൂണ്ടിക്കാട്ടി.

ലൈറ്റ് മെട്രോ ഇതുവരെ ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാത്ത പദ്ധതിയാണ്. വിദേശത്ത് പലയിടങ്ങളില്‍ പോയാണ് ഇതിനായി പഠനം നടത്തിയത്. നിലവില്‍ ഡി.എം.ആര്‍.സി അല്ലാതെ വേറെ ഒരു സ്ഥാപനത്തിനും ഇതിന് മാത്രം സാങ്കേതിക ജ്ഞാനമില്ല. പദ്ധയില്‍ നിന്ന് വിഷമത്തോടെ പിന്മാറുകയാണ്. സര്‍ക്കാറിനോട് പരിഭവമില്ല. രണ്ട് പ്രോജക്ടുകളും അവസാനിപ്പിച്ച് സംസ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 15 ഓടെ ഓഫീസുകള്‍ പൂട്ടും. ജീവനക്കാരെ സ്ഥലം മാറ്റി. ഡെപ്യൂട്ടേഷനില്‍ വന്ന ജീവനക്കാരെ തിരികെ അയച്ചുകൊണ്ടിരിക്കുയാണെന്നും ശ്രീധരന്‍ പറഞ്ഞു.

This post was last modified on March 8, 2018 12:20 pm