X

എന്തുകൊണ്ട് പശ്ചിമഘട്ടത്തെ സംരക്ഷിക്കണം: ഡോ. എ ലതയുടെ ലേഖനം

പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് കേരളത്തിന്റെ നിലനില്‍പ്പ് അത്യന്താപേക്ഷിതമാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ട്. ഒരു വികസന പദ്ധതിക്കും ഇനി കാട് വിട്ടുകൊടുക്കാന്‍ പാടില്ല. കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഡോ. എ ലത എഴുതിയ ലേഖനം

1. വികസനത്തെക്കുറിച്ചുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയാണ് പ്രധാനകാര്യം. പ്രകൃതിവിഭവങ്ങള്‍ക്ക് ഒരന്ത്യവുമില്ല എന്ന തരത്തിലാണ് ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വിഭവത്തിനനുസരിച്ച് വികസന പദ്ധതികള്‍ രൂപീകരിക്കാന്‍ ചിന്തിക്കണം. ഭൂവിനിയോഗത്തെയും ജലവിനിയോഗത്തെയും കുറിച്ച് വ്യക്തമായ നയങ്ങളുണ്ടാകണം.

2. കേരളത്തിന്റെ കാലാവസ്ഥയെയും ഭൂപ്രകൃതിയെയും പുഴകളെയും നിയന്ത്രിക്കുന്ന പശ്ചിമഘട്ടത്തിന്റെ അവസ്ഥ പരിഗണിച്ചുകൊണ്ട് മാത്രമേ ഇനി വികസന പദ്ധതികള്‍ക്ക് അനുമതി നല്‍കാന്‍ പാടുള്ളൂ. നല്ലകാട് എഴ് ശതമാനം പോലും പശ്ചിമഘട്ടത്തില്‍ ഇനി അവശേഷിക്കുന്നില്ല. 24 ശതമാനം കാടുണ്ടെന്ന വനംവകുപ്പിന്റെ അവകാശവാദം ശരിയല്ല. പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പ് കേരളത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന ബോധം എല്ലാവര്‍ക്കുമുണ്ടാകണം. ഒരു വികസന പദ്ധതിക്കും ഇനി കാട് വിട്ടുകൊടുക്കാന്‍ നമുക്കില്ല.

3. കേരളത്തിലെ മണ്ണിന്റെ ജൈവാംശം ഇന്ന് വളരെ മോശമായിരിക്കുന്നു. മണ്ണിന് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ കൃഷി നിലനില്‍ക്കുകയുള്ളൂ. മണ്ണിലെ ജൈവാംശം തിരിച്ച് പിടിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കണം. ജൈവവൈവിധ്യമുള്ള പറമ്പ് കൃഷിയാണ് അതില്‍ പ്രധാനം. ഭൂമിയില്‍ വെള്ളം പിടിച്ചുനിര്‍ത്തുന്നതും പാടത്തേക്ക് വെള്ളമെത്തിച്ചിരുന്നതുമെല്ലാം പറമ്പ് കൃഷിയായിരുന്നു. ഏകവിള തോട്ടങ്ങള്‍ കൂടിയതോടെയാണ് അത് നഷ്ടമായത്. പറമ്പ് കൃഷിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ജൈവവൈവിധ്യം തിരിച്ചുപിടിക്കണം. തേയിലയും കാപ്പിയും റബ്ബറും നെല്ലുമെല്ലാം പ്രോത്സാഹിപ്പിക്കാന്‍ ഇവിടെ സംവിധാനങ്ങളുണ്ട്. പറമ്പ് കൃഷിയെ പ്രോത്സാഹിപ്പിക്കാനും അത്തരത്തിലുള്ള സംവിധാനമുണ്ടാകണം.

4. മണ്ണിളക്കിയുള്ള കൃഷിരീതികള്‍ നിയന്ത്രിക്കണം. തോട്ടം മേഖലയില്‍ മരങ്ങള്‍ മുറ്ച്ച് വീണ്ടും വയ്ക്കുന്ന ഇടവേളയില്‍ പലപ്പോഴും ധാരാളം മണ്ണ് ഒലിച്ചുപോകുന്നുണ്ട്.

5. മണ്ണില്‍ ജലം സംഭരിച്ച് വയ്ക്കുന്ന തരത്തില്‍ നീര്‍ത്തട വികസന പദ്ധതികള്‍ വികസിപ്പിക്കണം.’

ഇവര്‍ക്ക് മക്കള്‍ പുഴകള്‍ തന്നെ; ഡോ. എ ലതയെ ഓര്‍ക്കുമ്പോള്‍

6. 44 പുഴകളുള്ള കേരളത്തിലെ മിക്ക പഞ്ചായത്തുകളും ഏതെങ്കിലും പുഴയുടെ നീര്‍ത്തട പരിധിയിലുള്ളത്. പുഴയിലേക്ക് എത്രവെള്ളം ഒഴുകിയെത്തണം എന്ന കാര്യത്തില്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ണായക റോളാണുള്ളത്. പുഴയുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളൊന്നും ആ പഞ്ചായത്തുകളില്‍ നടത്താന്‍ അനുവദിക്കരുത്. പല പഞ്ചായത്തുകളുടെയും കുടിവെള്ള പദ്ധതികള്‍ പുഴയെ ആശ്രയിച്ചാണ് നടക്കുന്നത്. എന്നിട്ടും പഞ്ചായത്തുകള്‍ പുഴയുടെ കാര്യത്തില്‍ വേണ്ടവിധം ശ്രദ്ധിക്കുന്നില്ല. അടുത്ത 25 വര്‍ഷത്തേക്കുള്ള വാട്ടര്‍ റിസോഴ്‌സ് മാനേജ്‌മെന്റ് പ്ലാന്‍ പുഴയെ ആശ്രയിക്കുന്ന പഞ്ചായത്തുകളെല്ലാം നടത്താന്‍ തയ്യാറാകണം. നീര്‍ത്തട വികസനവും ജലസ്രോതസുകളുടെ സംരക്ഷണവും അതില്‍ ഉള്‍പ്പെടുത്തണം. എത്ര ലിഫ്റ്റ് ഇറിഗേഷനുകള്‍ പുഴയില്‍ ഉണ്ട് എന്നതിനെക്കുറിച്ച് പഞ്ചായത്തുകള്‍ കണക്കെടുപ്പ് നടത്തണം.

7. പശ്ചിമഘട്ടത്തില്‍ പുഴകള്‍ ഉദ്ഭവിക്കുന്ന സ്ഥലങ്ങളിലെല്ലാം കാടിന് പകരം ഇന്ന് തോട്ടങ്ങളാണുള്ളത്. നെല്ലിയാമ്പതിയിലും വാല്‍പ്പാറയിലുമുള്ള തോട്ടങ്ങളിലൂടെയാണ് ചാലക്കുടി പുഴ ഒഴുകിയെത്തുന്നത്. ഏകവിള തോട്ടങ്ങള്‍ക്ക് വെള്ളം സംഭരിച്ച് വയ്ക്കാനുള്ള കഴിവില്ലാത്തതിനാല്‍ പുഴയിലേക്കുള്ള നീരൊഴുക്ക് വ്യാപകമായി കുറഞ്ഞിട്ടുണ്ട്. മഴ കഴിഞ്ഞയുടന്‍ നീര്‍ച്ചാലുകള്‍ വറ്റിപ്പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണുള്ളത്. തോട്ടങ്ങള്‍ കാരണം കാടിന്റെ തുടര്‍ച്ച പലഭാഗത്തും നഷ്ടപ്പെടുന്നു. തോട്ടം മേഖളയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മുഖ്യചര്‍ച്ചയായെടുത്ത് പരിഹാരം കാണാന്‍ ശ്രമിക്കണം.

8. പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കുന്ന മാധവ് ഗാഡ്ഗില്‍ കമ്മിറ്റി കേരളത്തിലെ 223 പഞ്ചായത്തുകള്‍ എക്കോളജിക്കല്‍ സെന്‍സിറ്റീവ് ഏരിയയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ വളരെ സെന്‍സിറ്റീവായ പ്ലാനിംഗ് നടത്തണം. പഞ്ചായത്തുകള്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരിനും അതില്‍ വലിയ പങ്കുണ്ട്.

9. ചാലക്കുടി, പെരിയാര്‍, പമ്പ എന്നീ പുഴകളില്‍ നിരവധി ഡാമുകളുണ്ട്. വൈദ്യുതി നിലയങ്ങളുടെ പ്രവര്‍ത്തനം മൂലം ഈ പുഴകളുടെ ഒഴുക്കില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പുഴയേയും താഴെയുള്ള പഞ്ചായത്തുകളുടെ കുടിവെള്ളത്തെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. പുഴയിലെ നീരൊഴുക്ക് എപ്പോഴും ഒരുപോലെ നിലനിര്‍ത്തുന്ന തരത്തില്‍ ഡാമുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കണം.

10. പുഴ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണം.

11. അന്തര്‍ സംസ്ഥാന നദീജല കരാറുകളുടെ കാര്യത്തില്‍ സമഗ്രമായ പുനരാലോചന നടത്തണം. നൂറ് കൊല്ലങ്ങള്‍ക്ക് മുമ്പുണ്ടാക്കിയ കരാറുകള്‍ ഇപ്പോള്‍ പ്രായോഗികമല്ല. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്‌നാട് കാണിക്കുന്ന രാഷ്ട്രീയ ഇച്ഛാശക്തി കേരളവും കാണിക്കാന്‍ തയ്യാറകണം.

(2011 മെയ് ലക്കം കേരളീയം മാസികയില്‍ പ്രസിദ്ധീകരിച്ചത്)

ലത എന്ന പുഴയറിവ് അഥവാ സ്‌നേഹം

This post was last modified on November 17, 2017 4:09 pm