കേരളത്തിന്റെ ഭേദഗതി നിര്‍ദേശങ്ങളോടെ കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം. കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ അതേപടി ഉള്‍പ്പെടുത്തി. പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 123ല്‍ നിന്നും 94 ആയി ചുരുക്കിയിട്ടുണ്ട്. 4452 ചതുരശ്ര കിലോമീറ്റര്‍ ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
എന്നാല്‍ കേരളത്തില്‍ പുതിയ ക്വാറികള്‍ക്കും ഖനനത്തിനും അനുമതി നല്‍കേണ്ടതില്ല എന്നു പരിസ്ഥിതിയെ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രളയത്തിന്റെയും ഉരുള്‍പൊട്ടലുകളുടെയും പശ്ചാത്തലത്തിലാണ് നടപടി. നിരവധി അപേക്ഷകളാണ് ഖനന അനുമതി ചോദിച്ചുകൊണ്ട് പരിസ്ഥിതി മന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്നത്. പുതിയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിന്നും വിശദമായ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ വനം പരിസ്ഥിതി മന്ത്രാലയം ഈ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പിലാക്കാന്‍ സാധിക്കില്ല. സംസ്ഥാനങ്ങളുടെ സാഹചര്യങ്ങള്‍ പര്‍ഗണിക്കേണ്ടതുണ്ട്. ഈ കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടിയിട്ടുണ്ട്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഒരു മാറ്റവും അനുവദിക്കില്ല എന്നു കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കിയിരുന്നു. ഇ.എസ്.എ.യില്‍ നിന്ന് 1343 ചതുരശ്രകിലോമീറ്റര്‍ ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുന്നതാണ് ഉത്തരവ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ആറ് മാസത്തിനകം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരെ ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയിലാണു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ സുപ്രധാന ഉത്തരവ്. കേരളത്തിലെ പ്രളയം ഒരു വലിയ ഉദാഹരണമാണ്. കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നതിന് പ്രത്യക്ഷമായ തെളിവാണിത്.
ട്രൈബ്യൂണലിന്റെ അനുമതിയില്ലാതെ പരിസ്ഥിതിലോല മേഖലയില്‍നിന്നു പ്രദേശങ്ങളെ ഒഴിവാക്കരുതെന്നും ജസ്റ്റിസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. കര്‍ണാടക അടക്കമുള്ള സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ കാലതാമസം പശ്ചിമഘട്ട സംരക്ഷണത്തിന് പ്രാപ്തമല്ല. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി വലിയ സമ്മര്‍ദ്ദത്തിലാണെന്നും ബഞ്ച് വ്യക്തമാക്കി. ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ പശ്ചിമഘട്ടമേഖല സംരക്ഷിക്കപ്പെടണമെന്നും ഖനനം നിയന്ത്രിക്കണമെന്നും സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു.
ട്രൈബ്യൂണല്‍ ഉത്തരവോടെ സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം 9107 ചതുരശ്ര കിലോമീറ്ററാക്കി ഇ.എസ്.എ. ചുരുക്കിയ കേന്ദ്രനടപടിക്ക് സാധുതയില്ലതാവും. ഏലമലക്കാടുകള്‍, ചതുപ്പുകള്‍, പട്ടയഭൂമി എന്നിവ ഉള്‍പ്പെടുന്ന 424 ചതുരശ്ര കിലോമീറ്റര്‍ കൂടി ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുന്നതിനിടെയാണ് കരടുവിജ്ഞാപനത്തില്‍ മാറ്റംവരുത്തരുതെന്ന ട്രൈബ്യൂണല്‍ നിര്‍ദേശം.
This post was last modified on September 3, 2018 2:31 pm
Leave a Comment