X

‘ഒന്നു തെറ്റിയാല്‍ വാഹനവും ഞങ്ങളും പാടത്തേക്ക് പോകുമായിരുന്നു’; ഒരിക്കലും മറക്കില്ല ഈ വയനാട് യാത്ര: തിരുവനന്തപുരത്ത് നിന്നും ദുരിതാശ്വാസ സാമഗ്രികളുമായി പോയ ഒരു വൊളന്റിയറുടെ അനുഭവം

എത്രവലിയ ദുരിതങ്ങള്‍ നേരിടേണ്ടി വന്നാലും ആരും തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് താന്‍ ഇതില്‍ നിന്നും മനസിലാക്കിയതെന്ന് ഫഹദ്

പ്രളയം തുടങ്ങിയ ദിവസം വയനാട്ടിലെ വീട്ടിലേക്ക് പോകാനിരുന്നയാളാണ് കേന്ദ്ര സര്‍വകലാശാലയുടെ തിരുവനന്തപുരം സെന്ററില്‍ ബിഎ ഐആര്‍ വിദ്യാര്‍ത്ഥി ഫഹദ്. എന്നാല്‍ വീട്ടിലേക്ക് വിളിച്ചപ്പോള്‍ വെള്ളം കയറി റോഡെല്ലാം തകര്‍ന്ന് കിടക്കുകയാണെന്നും അവിടേക്ക് ചെല്ലേണ്ടെന്നും അറിയിക്കുകയായിരുന്നു. അങ്ങനെയാണ് പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് മാസത്തിന് ശേഷം വീട്ടില്‍ പോകാനിരുന്ന ഫഹദ് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ വികെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രകൃതിക്ഷോഭ ദുരിതാശ്വാസ കളക്ഷന്‍ സെന്ററില്‍ എത്തുന്നത്. നാട്ടില്‍ പോകാനായില്ലെങ്കിലും ദുരിതത്തില്‍ സ്വന്തം നാടിന് കൈത്താങ്ങാകാനായതിന്റെ സന്തോഷത്തിലാണ് ഈ ചെറുപ്പക്കാരന്‍. കളക്ഷന്‍ സെന്ററില്‍ നിന്നും രണ്ട് തവണ സാധനങ്ങളെത്തിക്കേണ്ടയിടങ്ങളിലേക്ക് വൊളന്റിയറായും ഫഹദ് പോയിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കളക്ഷന്‍ സെന്ററില്‍ നിന്നും സാധനങ്ങള്‍ കയറ്റിയയയ്ക്കുന്ന ലോറിയില്‍ രണ്ട് വൊളന്റിയര്‍മാരെയും അയയ്ക്കുന്നുണ്ട്. സാധനങ്ങള്‍ ആവശ്യപ്പെട്ടവരില്‍ തന്നെ അവ എത്തിച്ചേരുന്നുവെന്ന് ഉറപ്പിക്കാനാണ് ഇങ്ങനെ ചെയ്തിരുന്നത്. വെള്ളം കയറിയതും പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകളിലൂടെയും വൈദ്യുതി ബന്ധവും മൊബൈല്‍ റെയ്ഞ്ചും എല്ലാം നഷ്ടപ്പെട്ട പ്രദേശങ്ങളിലൂടെയുമായിരുന്നു ഇവര്‍ സഞ്ചരിക്കേണ്ടിയിരുന്നത്. രണ്ട് ദിവസത്തെ ഇടവേളയില്‍ വയനാട്, പാലക്കാട് ജില്ലകളിലേക്കാണ് ഫഹദ് ഇത്തരത്തില്‍ യാത്ര ചെയ്തത്. ജീവിതത്തിലൊരിക്കലും മറക്കാനാകാത്ത അനുഭവങ്ങളായിരുന്നു അവയെന്നാണ് ഫഹദ് ആ യാത്രകളെക്കുറിച്ച് പറയുന്നത്.

ആദ്യത്തെ രണ്ട് ദിവസവും ഇവിടെ ധാരാളം ജോലികളുണ്ടായിരുന്നു. വയനാട്ടിലേക്ക് രണ്ടാമത്തെ ലോഡ് പോകുന്ന സമയത്ത് ഡ്രൈവര്‍ക്ക് വഴിയറിയാത്തതിനാലാണ് കുറച്ചെങ്കിലും വഴിയറിയാവുന്ന തന്നോട് കൂടെ പോകാന്‍ ആവശ്യപ്പെട്ടതെന്ന് ഫഹദ് പറഞ്ഞു. ഫഹദും കോളേജില്‍ സീനിയര്‍ ആയ ആനന്ദുമാണ് ഡ്രൈവര്‍ക്കൊപ്പം പോയത്. കളക്ഷന്‍ സെന്റര്‍ ആരംഭിച്ച അന്ന് ഒമ്പത് മണിയോടെ ആദ്യ ലോഡ് അയച്ചിരുന്നു. കുടിവെള്ളത്തിന്റെ ആവശ്യം ഉന്നയിച്ചാണ് പലരും ആദ്യം വിളിച്ചിരുന്നതെന്നും ഫഹദ് പറയുന്നു. ‘വെള്ളം ആവശ്യമുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കിലും മറ്റും ലൈവ് ഇട്ടതോടെയാണ് ധാരാളം വെള്ളം വന്നത്. അങ്ങനെ ആദ്യ ദിവസം തന്നെ ഒരു ലോഡ് വെള്ളം വയനാട്ടിലേക്ക് അയച്ചു. എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലൊന്നും യാതൊരു കുഴപ്പവുമില്ലായിരുന്നു. എറണാകുളം കഴിയുന്നത് വരെയും നല്ല വെയില്‍ ആയിരുന്നു. എന്നാല്‍ മലപ്പുറം എത്തിയതോടെ ചെറുതായി മഴ പെയ്യാന്‍ തുടങ്ങി. ദേശീയപാതയിലേക്ക് കടക്കാന്‍ തിരൂരങ്ങാടി വഴി കടന്നുപോകുമ്പോള്‍ ഏകദേശം ഒന്നരകിലോമിറ്ററോളം വെള്ളം നിറഞ്ഞ വഴിയിലൂടെയാണ് യാത്ര ചെയ്യേണ്ടി വന്നത്. ട്രക്കിന്റെ ടയറിന്റെ പകുതിക്ക് മുകളിലായിരുന്നു അവിടെ വെള്ളം പൊങ്ങിക്കിടന്നിരുന്നത്. പലപ്പോഴും വെള്ളം വണ്ടിയുടെ ഉള്ളില്‍ കയറുന്ന സാഹചര്യവുമുണ്ടായിരുന്നതായി ഫഹദ് പറയുന്നു. ഒരു തോട് അതിലൂടെ ഒഴുകുന്നുണ്ടായിരുന്നു. റോഡും തോടും കാണാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ദുരിതാശ്വാസ സാമഗ്രികളുമായി പോകുന്ന വാഹനമാണെന്ന് കണ്ട് നാട്ടുകാര്‍ വഴി കാണിച്ച് തന്നതുകൊണ്ടാണ് ആ ഒന്നര കിലോമീറ്റര്‍ ദൂരം അപകടമൊന്നും പറ്റാതെ കടന്നുപോകാന്‍ സാധിച്ചത്. അതൊരു വലിയ അനുഭവമായിരുന്നു. കാരണം ഒന്നു തെറ്റിയാല്‍ വാഹനവും ഞങ്ങളും പാടത്തേക്ക് പോകുമായിരുന്നു’.

അവിടുത്തെ ഒന്നര കിലോമീറ്റര്‍ തരണം ചെയ്‌തെങ്കിലും പലയിടങ്ങളിലും ഇവര്‍ക്ക് വഴി മാറി പോകേണ്ടി വന്നിരുന്നു. 13-14 മണിക്കൂറിനുള്ളില്‍ തീരുമെന്നാണ് വയനാട്ടിലേക്ക് പോകുമ്പോള്‍ ഇവിടെ നിന്നും കണക്കുകൂട്ടിയത്. എന്നാല്‍ അങ്ങോട്ടേക്ക് മാത്രം ഇവര്‍ക്ക് 16 മണിക്കൂറില്‍ കൂടുതല്‍ വേണ്ടി വന്നു. പുലര്‍ച്ചെ രണ്ടരയ്ക്ക് പുറപ്പെട്ട ഫഹദ് കയറിയ രണ്ടാമത്തെ വണ്ടി അവിടെയെത്തിയത് വൈകിട്ട് ആറ് മണിക്ക് ശേഷമാണ്. ‘കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ എത്തിക്കാനായിരുന്നു ആവശ്യപ്പെട്ടത്. ഞങ്ങള്‍ അവിടെയെത്തിയപ്പോഴേക്കും ആവശ്യത്തിന് വെള്ളം ലഭ്യമായിരുന്നു. എന്നാല്‍ മാനന്തവാടി ഭാഗങ്ങളില്‍ വെള്ളം എത്തിയിട്ടില്ലെന്നും അതിനാല്‍ അവിടേക്ക് പോകാനും അവര്‍ നിര്‍ദ്ദേശിച്ചു. കോര്‍പ്പറേഷന്‍ ഓഫീസിലെ കളക്ഷന്‍ പോയിന്റില്‍ വിളിച്ച് സ്ഥിരീകരിച്ച ശേഷം ഞങ്ങള്‍ മാനന്തവാടിയിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് വണ്ടിയുടെ ഹെഡ് ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലായത്. തിരൂരങ്ങാടിയില്‍ വച്ച് വണ്ടി വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ഹെഡ് ലൈറ്റ് പൊട്ടിപ്പോയിരുന്നു. അതോടെ യാത്ര തുടരാന്‍ പറ്റാത്ത അവസ്ഥയായി. വെളിച്ചമില്ലാതെ മുന്നോട്ട് പോകാനാകില്ലായിരുന്നു. ഏഴ് മണിയോടെ ഞങ്ങള്‍ വണ്ടി നിര്‍ത്തി. മാനന്തവാടിയ്ക്ക് പത്ത് കിലോമീറ്റര്‍ ഇപ്പുറം വച്ചായിരുന്നു ഇത്. വെള്ളപ്പൊക്കവും മഴയും കാരണം ആ ഭാഗത്ത് കടകളെല്ലാം അടച്ചിരിക്കുകയായിരുന്നു. പോരാത്തതിന് ഞായറാഴ്ചയും പിറ്റേദിവസം പെരുന്നാളും ആയതിനാല്‍ പലരും കടകള്‍ അടച്ചിട്ട് പോയിരുന്നു. അവിടെ പെട്ടുപോകുമെന്ന് തന്നെയാണ് കരുതിയത്. ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടുണ്ടായിരുന്നു. സാധനങ്ങള്‍ എത്തിച്ച ശേഷം സമാധാനത്തോടെ കഴിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. തുറന്നിരുന്ന ഒരു ഹോട്ടലില്‍ കഴിക്കാന്‍ കയറിയപ്പോള്‍ അവരോട് കാര്യം പറഞ്ഞു. അവര്‍ വേഗം തന്നെ നാട്ടുകാരെ വിളിച്ചുകൂട്ടുകയും അവര്‍ ഒരു മെക്കാനിക്കിന്റെ തരപ്പെടുത്തി തരുകയും ചെയ്തു’.

എന്നാലും അവരുടെ പ്രശ്‌നങ്ങള്‍ അവിടെയും അവസാനിച്ചില്ല. മെക്കാനിക്ക് പറഞ്ഞത് പുതിയ ബള്‍ബ് മേടിച്ചിടണമെന്നാണ്. എന്നാല്‍ അതിനുള്ള കടകളും തുറന്നിരുന്നില്ല. അവിടെയുണ്ടായിരുന്നവര്‍ സ്വന്തം റിസ്‌കില്‍ പന്ത്രണ്ട് കിലോമീറ്റര്‍ അകലെ പനമരത്ത് ചെന്ന് അടച്ച കട തുറപ്പിച്ചാണ് ബള്‍ബ് എത്തിച്ചത്. ആ നാട്ടുകാരുടെ സഹായമില്ലായിരുന്നെങ്കില്‍ അന്ന് ഞങ്ങള്‍ക്ക് ചുരമിറങ്ങാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും ഫഹദ് വ്യക്തമാക്കുന്നു. ഇവര്‍ പോയ വാഹനം തിരികെയെത്തിയിട്ട് വേണമായിരുന്നു അടുത്ത ലോഡ് പോകാന്‍. ‘മാനന്തവാടിയിലെ ഒരു കളക്ഷന്‍ പോയിന്റിലാണ് ഞങ്ങള്‍ എത്തിയത്. അവിടെ ഡെപ്യൂട്ടി കളക്ടറുണ്ടായിരുന്നു. ക്യാമ്പുകളിലേക്ക് കുറേശെയാണെങ്കിലും സാധനസാമഗ്രികള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരുപാട് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞത്. അവിടേക്ക് സാധനങ്ങളൊന്നും നേരിട്ട് എത്തുന്നില്ല. കളക്ഷന്‍ പോയിന്റില്‍ എത്തിച്ചാല്‍ അവിടേയ്ക്ക് സാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കും. മാനന്തവാടിയിലെ കളക്ഷന്‍ പോയിന്റ് തുടങ്ങി രണ്ട് ദിവസമായിട്ടും ഞങ്ങളാണ് ആദ്യമായി വലിയൊരു ലോഡുമായി അവിടെയെത്തിയത്. ഏഴായിരം ബോട്ടില്‍ വെള്ളമായിരുന്നു ഞങ്ങളുടെ കൈവശമുണ്ടായിരുന്നത്. ആ സ്ഥലങ്ങളിലേക്ക് അരി, പുതപ്പ്, ചെരുപ്പ് തുടങ്ങിയവ എത്തിച്ചു നല്‍കാനായാല്‍ നല്ലതായിരിക്കുമെന്നും അദ്ദേഹം ഞങ്ങളെ അറിയിച്ചു. അവിടുത്തെ ക്യാമ്പുകളിലും കോളനികളിലും ഒരുപാട് ചെറിയ കുട്ടികള്‍ തണുത്തുവിറച്ച് കഴിയുന്നുണ്ടായിരുന്നു’.

ഉടന്‍ തന്നെ ഫഹദ് മേയര്‍ പ്രശാന്തിനെ വിവരം അറിയിക്കുകയാണ് ചെയ്തത്. അതോടെ അടുത്ത ലോഡില്‍ തന്നെ ഇവിടേക്ക് ആവശ്യമായ സാധനങ്ങള്‍ അയയ്ക്കാനുള്ള നടപടി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പിറ്റേദിവസം തന്നെ വയനാട്ടിലേക്ക് രണ്ട് വണ്ടി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസില്‍ നിന്നും പുറപ്പെട്ടു. രാത്രി പതിനൊന്നരയോടെ ഇവര്‍ പോയ ലോറി അവിടെ നിന്നും തിരിച്ചു. ‘തിരിച്ചുവരുമ്പോഴും തടസ്സങ്ങളുണ്ടായിരുന്നു. മൂന്ന് ദിവസമായി ഉറങ്ങിയിട്ടില്ലായിരുന്നു. എങ്കിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുക്കാനായതിന്റെ സന്തോഷമുണ്ടായിരുന്നു’ ഫഹദ് കൂട്ടിച്ചേര്‍ത്തു. അവിടെ പോയി ഒന്ന് രണ്ട് ദിവസം ക്യാമ്പിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമ്പോഴാണ് ഫഹദിനോടും ആനന്ദിനോടും പാലക്കാട് കൂടി പോകാമോയെന്ന് ചോദിക്കുന്നത്.

പതിമൂന്നാം തിയതിയാണ് ഇവര്‍ പാലക്കാടേക്ക് പുറപ്പെട്ടത്. ‘വണ്ടി കൊല്ലത്തെത്തിയപ്പോഴേക്കും സ്പീഡോ മീറ്റര്‍ പ്രവര്‍ത്തിക്കാതെയായി. അത് ശരിയാക്കാന്‍ രണ്ട് മണിക്കൂറോളം നഷ്ടമായി. യാത്ര തുടര്‍ന്നപ്പോള്‍ കായംകുളം കഴിഞ്ഞപ്പോഴേക്കും മഴ ആരംഭിച്ചു. വൈറ്റില കഴിഞ്ഞപ്പോഴേക്കും ബൈപ്പാസില്‍ വച്ച് വണ്ടിയുടെ ടയര്‍ പൊട്ടി. വേഗത കുറവായിരുന്നതിനാലും വണ്ടിയ്ക്ക് ഭാരമുണ്ടായിരുന്നതിനാലും ഒന്നും സംഭവിച്ചില്ല. അല്‍പ്പമെങ്കിലും വേഗതയുണ്ടായിരുന്നെങ്കില്‍ ബൈപ്പാസിന് താഴെയുള്ള സര്‍വീസ് റോഡിലേക്ക് വണ്ടി വീഴുമായിരുന്നു. വണ്ടി നിര്‍ത്തി പല വണ്ടികള്‍ക്കും കൈകാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. ആ സമയത്ത് പകരം സംവിധാനം പാടായിരുന്നു. ഞങ്ങളുടെ വണ്ടിയിലുണ്ടായിരുന്നത് സാധാരണ ജാക്കിയായിരുന്നു. അത്രമാത്രം സാധനങ്ങള്‍ അതിനുള്ളിലുണ്ടായിരുന്നതിനാല്‍ എയര്‍ ജാക്കിയില്ലാതെ ഒന്നും ചെയ്യാനാകുമായിരുന്നില്ല. കുറച്ചപ്പുറത്ത് രണ്ട് ബസ് നിര്‍ത്തിയിട്ടിരുന്നു. ആ ബസില്‍ അഞ്ചാറ് പേരുണ്ടായിരുന്നു. അവരോട് ചെന്ന് കാര്യം പറഞ്ഞു. തിരുവനന്തപുരം നഗരസഭയില്‍ നിന്നും ദുരിതാശ്വാസ സാമഗ്രികളുമായി പാലക്കാട് പോകുകയാണെന്നും പറഞ്ഞു. അവരുടെ ബസിലുണ്ടായിരുന്ന എയര്‍ ജാക്കിയുമായി വരികയും ഞങ്ങളെ ഇറങ്ങാന്‍ സമ്മതിക്കാതെ ആ മഴയത്ത് രണ്ട് മണിക്കൂറോളം വണ്ടിയ്ക്ക് അടിയില്‍ കിടന്ന് ടയര്‍ മാറ്റി തരികയും ചെയ്തു. മനുഷ്യരുടെ സ്‌നേഹമൊക്കെ മനസിലാക്കാന്‍ പറ്റിയ സമയമായിരുന്നു അത്. അവരെ കണ്ടപ്പോള്‍ തലതെറിച്ച് നടക്കുന്ന ഏതോ പിള്ളാര്‍ എന്നാണ് കരുതിയത്. പക്ഷെ അവരുടെ മനസിന്റെ നന്മയാണ് ഞങ്ങള്‍ കണ്ടത്’.

രാവിലെ എട്ടരയോടെ പാലക്കാട് എത്തി. ജില്ലാ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചപ്പോള്‍ വോളന്റിയര്‍മാര്‍ ഇല്ലാത്തതിനാല്‍ കുറച്ച് കാത്തിരിക്കണമെന്നാണ് മറുപടി ലഭിച്ചത്. കുറച്ചുകഴിഞ്ഞതോടെ വിക്ടോറിയ കോളേജില്‍ നിന്നും കുട്ടികളെ എത്തിച്ചുതന്നു. രാത്രി പന്ത്രണ്ടരയോടെ ഇവര്‍ പാലക്കാട് നിന്നും തിരികെയെത്തിയത്. എത്രവലിയ ദുരിതങ്ങള്‍ നേരിടേണ്ടി വന്നാലും ആരും തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്നാണ് താന്‍ ഇതില്‍ നിന്നും മനസിലാക്കിയതെന്ന് ഫഹദ് വ്യക്തമാക്കുന്നു.

also read:ചുരം കയറിയത് 66 ലോഡുകള്‍, 15 ലോഡ് സാധനങ്ങള്‍ ഇനിയും അയക്കാനുണ്ട്, കൈ മെയ് മറന്ന് ഒരു ‘മേയര്‍ ബ്രോ’യും 2800 വൊളണ്ടിയര്‍മാരും; ‘ഈയാ ഹുവാ ട്രിവാന്‍ഡ്രം…’

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on August 17, 2019 9:48 am