X

30 വർഷം പഴക്കമുള്ള കസ്റ്റഡി മരണക്കേസിൽ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ്

വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത  ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടെന്നാണ് കേസ്.

30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിൽ ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന് ജീവപര്യന്തം. ഗുജറാത്ത് കോടതിയുടേതാണ്  ഉത്തരവ്. പൊലീസ് സുപ്രണ്ടായിരിക്കെ 1990 ല്‍ നടന്ന കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ. വര്‍ഗീയ സംഘര്‍ഷ വേളയില്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയിലെടുത്ത  ഒരാള്‍ മോചിപ്പിക്കപ്പെട്ടശേഷം ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടെന്നാണ് കേസ്.

കേസില്‍ 11 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജിവ് ഭട്ട് സുപ്രീം കോടതി സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം സുപ്രീം കോടതി തള്ളുകയായിരുന്നു. കേസില്‍ നീതി പൂര്‍വമായ വിചാരണ നടക്കണമെങ്കില്‍ ഈ സാക്ഷികളെ കൂടി വിസ്തരിക്കണമെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.

1990 ല്‍ പ്രബുദാസ് മാധവ്ജി വൈഷ്ണവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ജാം നഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സുപ്രണ്ടായിരുന്നു അന്ന് സഞ്ജീവ് ഭട്ട്.  ഭാരത് ബന്ദിനിടെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടാണ് വൈഷ്്ണവി അടക്കമുള്ള 133 പേരെ കസ്റ്റഡിയിലെടുത്തത്. ഒമ്പത് ദിവസമാണ് ഇയാളെ തടവിലിട്ടത്. മോചിപ്പിക്കപ്പെട്ടതിന് ശേഷം 10ാം ദിവസമാണ് ഇയാള്‍ മരിച്ചത്. വൃക്ക തകരാറാണ് മരണ കാരണമായതെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് എടുത്തെങ്കിലും 2011 വരെ വിചാരണ ആരംഭിച്ചിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ സ്‌റ്റേ കാരണമായിരുന്നു ഇത്.

ഒരു പ്രതിക്കെതിരെ തെളിവുണ്ടാക്കാന്‍ മയക്കുമരുന്ന് പ്ലാന്റ് ചെയ്തുവെന്ന കേസ് മറ്റൊരു കേസില്‍ 2018 സെപ്റ്റംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലിലാണ്.  2015 ലാണ് ഇദ്ദേഹത്തെ സര്‍വീസില്‍നിന്ന് പുറത്താക്കിയത്. 2002 ല്‍ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് ഇദ്ദേഹം നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ശത്രുപക്ഷത്തായിരുന്നു. ഗോധ്ര സംഭവത്തിന് ശേഷം ഹിന്ദു തീവ്രവാദികള്‍ക്ക് പ്രതികാരം ചെയ്യാന്‍ അവസരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞുവെന്ന് സഞ്ജീവ് ഭട്ട് അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.

Azhimukham Special: 28 വര്‍ഷത്തിനു ശേഷം ആദിവാസി യുവതി ശിവാളിന് മോചനം, പക്ഷേ അടിമപ്പണി ചെയ്യിച്ചയാളുടെ വീട്ടില്‍ തന്നെ തുടരാനുള്ള ഉത്തരവ് അട്ടിമറിയെന്ന് ആരോപണം

This post was last modified on June 20, 2019 5:43 pm