X

ആചാരം തെറ്റിക്കാന്‍ തയ്യാറായില്ല, ആദ്യ ആര്‍ത്തവം ഷെഡ്ഡില്‍: ചുഴലിക്കാറ്റില്‍ തെങ്ങ് വീണ് ഏഴാം ക്ലാസുകാരി മരിച്ചു

ആദ്യ ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികളെ വീടിന് പുറത്ത് താമസിപ്പിക്കണമെന്നാണ് സമുദായത്തിന്റെ ആചാരമെന്നും അപകടമുണ്ടാകുമെന്ന് കരുതിയില്ലെന്നും അച്ഛന്‍

ആദ്യ ആര്‍ത്തവത്തില്‍ ആചാരം തെറ്റിക്കാതിരിക്കാന്‍ ഷെഡില്‍ താമസിപ്പിച്ച ഏഴാം ക്ലാസുകാരി തെങ്ങ് വീണ് മരിച്ചു. ഗജ ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പുണ്ടായിട്ടും ആചാരത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ വീടിന് പുറത്ത് നിര്‍മ്മിച്ച ഷെഡില്‍ താമസിപ്പിച്ചതാണ് പ്രശ്‌നമായത്. തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലാണ് സംഭവം.

അനയ്ക്കാട് ഗ്രാമത്തിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി എസ് വിജയ(12) ആണ് ദാരുണമായി മരിച്ചത്. ഓലക്കുടിലില്‍ കഴിയുന്നവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ആചാരം ലംഘിക്കാനാകില്ലെന്ന നിലപാടിലായിരുന്നു കുടുംബം. മരം വീഴുന്ന ശബ്ദം കേട്ട് ഓടിയടുത്ത വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. രാത്രി ചുഴലിക്കാറ്റ് കനത്തപ്പോള്‍ പെണ്‍കുട്ടി അലറിക്കരഞ്ഞതായി അയല്‍ക്കാര്‍ പറയുന്നു.

ആദ്യ ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികളെ വീടിന് പുറത്ത് താമസിപ്പിക്കണമെന്നാണ് സമുദായത്തിന്റെ ആചാരമെന്നും അപകടമുണ്ടാകുമെന്ന് കരുതിയില്ലെന്നും അച്ഛന്‍ സെല്‍വരാജ് പറഞ്ഞു. സെല്‍വരാജ് കൃഷിക്കാരനാണ്. അമ്മയും ഇളയ സഹോദരനുമാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍. മൂത്ത സഹോദരന്‍ കഴിഞ്ഞ വര്‍ഷം പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ആദ്യ ആര്‍ത്തവത്തില്‍ ഒരാഴ്ച മുതല്‍ 16 ദിവസം വരെ പെണ്‍കുട്ടികള്‍ പുറത്തുകഴിയണമെന്ന ആചാരമാണ് മേഖലയിലെ വിവിധ സമുദായങ്ങളിലുള്ളത്. വിജയയുടെ സമുദായത്തില്‍ ഇത് 16 ദിവസമാണെന്ന് പോലീസ് പറഞ്ഞു. മരണത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.

എന്താണ് സംഘപരിവാറിനെതിരെ ഇന്ന് കേരളത്തിൽ ഉയരേണ്ട ബദൽരാഷ്ട്രീയം?/ ബി രാജീവൻ എഴുതുന്നു

‘കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം’ : വി മുരളീധരന്റെ പഴയ പ്രസ്താവന തിരിഞ്ഞു കൊത്തുന്നു

 

This post was last modified on November 21, 2018 2:11 pm