X

കള്ളുകുടിച്ച് ജീവനക്കാരെ തെറി പറഞ്ഞു: ഗുജറാത്ത് ഉപമുഖ്യമന്ത്രിയുടെ മകനെ വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ല

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പുത്രന്‍ ജാമിന്‍ പട്ടേലിനെയാണ് വിമാന അധികൃതര്‍ തടഞ്ഞത്‌

കള്ളുകുടിച്ച് ഫിറ്റായി വിമാനത്താവളത്തിലെത്തി ജീവനക്കാരെ തെറിപറഞ്ഞ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ പുത്രനെ വിമാനത്തില്‍ കയറാന്‍ അധികൃതര്‍ അനുവദിച്ചില്ല. തിങ്കളാഴ്ച അതിരാവിലെ അഹമ്മദാബാദ് അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ജാമിന്‍ പട്ടേല്‍ നേരെ നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അതിനാല്‍ ഇമിഗ്രേഷന്‍ പരിശോധനയും മറ്റും വീല്‍ ചെയറിലിരുന്നാണ് മന്ത്രി പുത്രന്‍ പൂര്‍ത്തിയാക്കിയത്. ഭാര്യ ജാലകും പുത്രി വൈഷ്ണവിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. രാവിലെ നാല് മണിക്ക് ഗ്രീസിലേക്ക് പോകുന്ന ഖത്തര്‍ എയര്‍വേസ് വിമാനത്തിലായിരുന്നു ഇവര്‍ യാത്ര ചെയ്യേണ്ടിയിരുന്നത്. സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ഗുജറാത്ത്.

വസ്തുകച്ചവടക്കാരാനാണ് ജാമിന്‍ പട്ടേല്‍. നടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ജാമിനെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. ജാമിന്റെ അവസ്ഥ പരിതാപകരമായതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് അവര്‍ വിശദീകരിക്കുന്നു. എന്നാല്‍ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നാണ് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. തന്റെ പുത്രനും ഭാര്യയും മകളും അവധിക്കാലം ആഘോഷിക്കാന്‍ പോവുകയായിരുന്നുവെന്നും മകന് ദേഹാസ്വസ്ഥ്യം ഉണ്ടായിരുന്നതായും നിതിന്‍ പട്ടേല്‍ വിശദീകരിക്കുന്നു. തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ എതിരാളികള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് വ്യാജ വാര്‍ത്തകളെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.

This post was last modified on May 9, 2017 11:22 am