X

ടാറ്റയ്ക്ക് വേണ്ടി മമതയുടെ മുന്‍പില്‍ ശിപാര്‍ശയ്ക്ക് പോയ ‘നന്ദിഗ്രാം സമരനായകന്‍’ സുരേഷ് കീഴാറ്റൂരിന്റെ കൈ പിടിക്കുമ്പോള്‍

ബംഗാളിൽ സി പി എമ്മിന് അന്ത്യം കുറിച്ചത് നന്ദിഗ്രാമിലെ പോരാട്ടമാണെങ്കിൽ കേരളത്തിൽ സി പി എമ്മിനെ അവസാനിപ്പിക്കുക കീഴാറ്റൂരായിരിക്കുമെന്നാണ് ഇന്നലെ ബി ജെ പി അഖിലേന്ത്യാ സെക്രട്ടറി രാഹുൽ സിൻഹ കീഴാറ്റൂരിൽ പ്രഖ്യാപിച്ചത്. ബി ജെ പി സംഘടിപ്പിച്ച കർഷക രക്ഷാ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു സിന്‍ഹയുടെ ഈ പ്രഖ്യാപനം. സിൻഹ ബംഗാളിൽ നിന്നുള്ള ബി ജെ പി നേതാവാണെന്നത് ശരി തന്നെ. എന്നാൽ നന്ദിഗ്രാം പ്രക്ഷോഭത്തിൽ പോയിട്ട് ബംഗാളിലെ തന്നെ സിംഗൂരിൽ നടന്ന പ്രക്ഷോഭത്തിൽ പോലും യാതൊരു വിധ പങ്കാളിത്തവും ഇപ്പറഞ്ഞ ആൾക്ക് ഇല്ലായിരുന്നുവെന്നതാണ് വാസ്തവം. തന്നെയുമല്ല സിംഗൂർ ഭൂമി വിഷയത്തിൽ രത്തൻ ടാറ്റയുമായി ഒരു ധാരണയിലെത്താൻ സി പി എമ്മിനെ നിലംപരിശാക്കി അധികാരത്തിൽ വന്ന മമത ബാനർജിയോട് ആവശ്യപ്പെട്ട മഹാൻ കൂടിയാണ് രാഹുൽ സിൻഹ. എന്നിട്ടും ടിയാനെ ഇന്നലെ ബി ജെ പിക്കാർ നന്ദിഗ്രാം സമര നായകനായാണ് കീഴാറ്റൂരിൽ അവതരിപ്പിച്ചത്. ചില മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തു.

രാഹുൽ സിൻഹ ആര് എന്ത് എന്നതൊക്കെ തല്ക്കാലം അവിടെ നിൽക്കട്ടെ. കീഴാറ്റൂരിൽ വയൽ നികത്തി ബൈപാസ് നിർമ്മിക്കുന്നതിനെതിരെ സമരം നടത്തുന്ന വയൽക്കിളികളുടെ നേതാക്കളായ സുരേഷ് കീഴാറ്റൂരിനെയും ജാനകിയേച്ചിയുമൊക്കെ സാക്ഷി നിറുത്തി അദ്ദേഹം പറഞ്ഞ ബാക്കി കാര്യങ്ങളിലേക്കുകൂടി ഒന്ന് കണ്ണോടിക്കാം. ‘കീഴാറ്റൂർ വയലിലെ ഒരു തരി മണ്ണുപോലും അഴിമതിക്കാർക്കു വിട്ടുകൊടുക്കാൻ ബി ജെ പി അനുവദിക്കില്ല. ബംഗാളിനു ശേഷം ത്രിപുരയിൽ ജനാധിപത്യ മാർഗ്ഗത്തിലൂടെയാണ് സി പി എമ്മിനെ പുറത്താക്കിയത്. കേരളത്തിൽ സി പി എം ഇല്ലാതാകാൻ പോകുന്നതിന്റെ തുടക്കമാണ് കീഴാറ്റൂരിലേത്. പിറന്ന മണ്ണിനുവേണ്ടിയുള്ള പോരാട്ടമാണ് കീഴാറ്റൂരിൽ നടക്കുന്നത്. വയൽ മണ്ണിട്ടു നികത്തുകയും ഇവിടെ നിന്നുള്ള മണ്ണ് കോരിക്കടത്തുകയും ചെയ്യുന്നതിലൂടെ മുന്നൂറു കോടി രൂപ വരെ അഴിമതിക്കാണ് സി പി എം ലക്ഷ്യമിടുന്നത്. ഇതിനെതിരെ ബി ജെ പി രംഗത്ത് വന്നതോടുകൂടിയാണ് കോൺഗ്രസ് ഉൾപ്പടെയുള്ള കക്ഷികളും മുന്നോട്ട് വന്നത്. എന്നാൽ അവർ സമരം പാതി വഴിക്കു ഉപേക്ഷിക്കും. ലക്‌ഷ്യം നേടുന്നതുവരെ ബി ജെ പി സമരക്കാരായ കര്‍ഷകര്‍ക്കൊപ്പം ഉണ്ടാകും.’

കിളികളുടേതല്ല, കീഴാറ്റൂരില്‍ ഇനി ‘കഴുകന്‍’മാരുടെ രാഷ്ട്രീയമോ?

സമരക്കാരെ മാത്രമല്ല തന്നെ ശ്രവിക്കുന്ന ആരെയും കൈയിലെടുക്കാൻ പോന്ന വാക്കുകൾ! പക്ഷെ ഇത് പറയുന്നയാൾ തന്നെയാണ് രത്തൻ ടാറ്റയ്ക്കുവേണ്ടി മമതയുടെ മുൻപിൽ ശിപാർശയുമായി പോയത്. ഇയാളുടെ പാർട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലാണ് കോർപ്പറേറ്റുകൾക്കും ഖനി മുതലാളിമാർക്കും വേണ്ടി നൂറുക്കണക്കിനേക്കർ കൃഷി ഭൂമിയും വന ഭൂമിയും നശിപ്പിക്കപ്പെടുന്നത്.

കീഴാറ്റൂരിൽ വയൽക്കിളികൾ ആരംഭിച്ച സമരം ബി ജെ പി ഹൈജാക്ക് ചെയ്തുവെന്നാണ് സി പി എം ആരോപിക്കുന്നത്. ഇത് ശരിയല്ലെന്ന് സമര നേതാവ് സുരേഷ് കീഴാറ്റൂർ പറയുന്നുണ്ടെങ്കിലും രാഹുൽ സിൻഹയും പി കെ കൃഷ്‌ണദാസും അടക്കമുള്ള ബി ജെ പി നേതാക്കൾക്ക് സി പി എം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ ഇന്നലെ സമര നേതാക്കൾ നൽകിയ വരവേൽപ്പ് നൽകുന്ന സൂചന സി പി എമ്മിന്റെ ആരോപണത്തെ ശരിവെക്കുന്നു. തങ്ങളുടെ സമരത്തിന് ആര് പിന്തുണ നൽകിയാലും സ്വീകരിക്കും എന്ന നിലപാടാണ് സുരേഷ് കീഴാറ്റൂരിനും കൂട്ടര്‍ക്കും. വയൽ സംരക്ഷണത്തിന്റെ പേരും പറഞ്ഞു കീഴാറ്റൂരിൽ പറന്നിറങ്ങിയ രാഹുൽ സിൻഹയുടെയും അയാളുടെ പാർട്ടിയുടെയും യഥാർത്ഥ അജണ്ട കീഴാറ്റൂരിലെ വയൽ സംരക്ഷണമല്ല കേരളത്തിന്റെ മണ്ണിൽ നിന്നും സി പി എമ്മിനെ തുടച്ചു മാറ്റുകയെന്നതാണെന്നു ഇന്നലെ തുറന്നു പറഞ്ഞിട്ടും എന്തേ അവര്‍ക്ക് മനസ്സിലാകുന്നില്ല എന്ന ചോദ്യം അവശേഷിക്കുന്നു.

സുരേഷ് ഗോപിയെ ഒളിച്ചുകടത്തിയ കീഴാറ്റൂരിലെ ട്രോജന്‍ ജനത

വയൽക്കിളികളെ വിഴുങ്ങാൻ വെട്ടുക്കിളികളെ അനുവദിക്കാതിരിക്കുക

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts