X

മുത്തലാഖ് നിരോധന ബില്‍ സ്ത്രീ വിരുദ്ധമെന്ന് മുസ്ലിംലീഗ്

ഇന്ത്യന്‍ ഭരണഘടനയും സാമൂഹ്യനീതിയെന്ന ലക്ഷ്യവും അട്ടിമറിച്ച് സംവരണത്തില്‍ വെള്ളം ചേര്‍ക്കാനും നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കും

മുത്തലാഖ് നിരോധനമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. അനിവാര്യ ഘട്ടങ്ങളിലെ ത്വലാഖും മുത്വലാഖും ഒന്നാക്കാനും ക്രിമിനല്‍ നിയമത്തിലേക്ക് മാറ്റാനുമാണ് ശ്രമം. വിവാഹ മോചനത്തിന് ശേഷവും നിശ്ചിത കാലമെങ്കിലും സ്ത്രീ പുരുഷന്റെ സംരക്ഷണത്തിലാണ്. മുന്‍ ഭര്‍ത്താവിനെ ജയിലിലിടുമ്പോള്‍ ലക്ഷ്യം തന്നെ പാളിപ്പോകും. സിവില്‍ നിയമത്തെ ക്രിമിനല്‍ നിയമമാക്കുന്നതുള്‍പ്പെടെ മുന്‍ വിധിയോടെയുള്ള സമീപനം ദുഷ്ടലാക്കോടെയാണ്. ഇക്കാര്യത്തില്‍ ഈ മാസം ഡല്‍ഹിയില്‍ നടക്കുന്ന മുസ്്ലിംലീഗ് ദേശീയ സെക്രട്ടേറിയറ്റ് വിശദമായ ചര്‍ച്ചകള്‍ നടത്തി മുന്നോട്ടു പോകുമെന്നും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും വക്താവുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് വിരുദ്ധ ചേരിക്ക് രാജ്യത്ത് പുത്തനുണര്‍വ്വ് പകര്‍ന്നതായി മുസ്്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. കേന്ദ്ര സര്‍ക്കാറിന്റെ തലതിരിഞ്ഞ പരിഷ്‌കാരങ്ങളായ നോട്ടു നിരോധനവും ജി.എസ്.ടിയും ഉള്‍പ്പെടെ കര്‍ഷകരെയും ഇടത്തരം വ്യാപാരികളെയും വ്യവസായികളെയും പ്രതിസന്ധിയിലാക്കിയതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവാതിരിക്കാന്‍ വിലകുറഞ്ഞ പ്രചാരണ വേലയാണ് ബി.ജെ.പി പയറ്റിയത്.

ഇന്ത്യന്‍ ഭരണഘടനയും സാമൂഹ്യനീതിയെന്ന ലക്ഷ്യവും അട്ടിമറിച്ച് സംവരണത്തില്‍ വെള്ളം ചേര്‍ക്കാനും നിയമനങ്ങളില്‍ സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കും. ജനുവരിയില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ പരിസമാപ്തി കൗണ്‍സില്‍ ചേര്‍ന്ന് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാനും പ്രവര്‍ത്തക സമിതി തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു.

 

This post was last modified on December 28, 2017 2:11 pm