X

പ്രശസ്ത കന്നഡ താരം അംബരീഷ് അന്തരിച്ചു

കേന്ദ്ര-സംസ്ഥാന മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്

മുന്‍ കേന്ദ്ര-സംസ്ഥാന മന്ത്രിയും കന്നഡ ചലച്ചിത്ര ലോകത്തെ പ്രമുഖ നടനുമായിരുന്ന അംബരീഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 66 കാരനായ അംബരീഷിന്റെ അന്ത്യം. നടി സുമലതയാണ് ഭാര്യ. കഴിഞ്ഞ കുറെ നാളുകളായി അസുഖബാധിതനായിരുന്നു.

എംഎച്ച് ഗൗഡ അമര്‍നാഥ് സിനിമയില്‍ എത്തിയതോടെയാണ് അംബരീഷ് ആകുന്നത്. 1972 ല്‍ ഇറങ്ങിയ നാഗരാഹാവു ആയിരുന്നു ആദ്യ സിനിമ. റിബല്‍ സ്റ്റാര്‍ എന്ന വിശേഷണത്തില്‍ 70 കളില്‍ കന്നഡ സിനിമയില്‍ തിളങ്ങി നിന്ന അംബരീഷ് നിരവധി ഹിറ്റുകള്‍ നല്‍കി. 208 ഓളം കന്നഡ സിനിമകളില്‍ അഭനയിച്ചിട്ടുണ്ട്. കന്നഡയ്ക്കു പുറമെ തമിഴ്, മലയാളം, തെലുഗു, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഗാനം അംബരീഷ് അഭിനയിച്ച മലയാളം സിനിമയാണ്.

സിനിമയിലെ താരത്തിളക്കത്തോടെയാണ് രാഷ്ട്രീയത്തിലേക്കും എത്തുന്നതും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ജനതാദളില്‍ ചേര്‍ന്ന അംബരീഷ് മാണ്ഡ്യ മണ്ഡലത്തില്‍ നിന്നും ജയിച്ച് കര്‍ണാടക നിയമസഭയില്‍ എത്തി. മണ്ഡ്യ അംബരീഷിന്റെ ജന്മസ്ഥലം കൂടിയായിരുന്നു. ജനതാദളില്‍ നിന്നും വീണ്ടും കോണ്‍ഗ്രസില്‍ എത്തിയ അംബരീഷ് മാണ്ഡ്യ മണ്ഡലത്തില്‍ നിന്നു തന്നെ മൂന്നു തവണ ലോക്‌സഭയിലും എത്തി. 2013-16 കാലത്ത് സിദ്ദരാമയ്യ സര്‍ക്കാരില്‍ മന്ത്രിയായും സേവനം അനുഷ്ഠിച്ചു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008 വരെ വാര്‍ത്ത വിതരണ മന്ത്രലയത്തില്‍ സഹമന്ത്രിയായിരുന്ന അംബരീഷ് കാവേരി വിഷയത്തിലെ സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം രാജിവയ്ക്കുകയുണ്ടായി.

This post was last modified on November 25, 2018 6:51 am