X

റോഡുകള്‍ നന്നാക്കാന്‍ ആയിരം കോടി; നദികളില്‍ ജലസംഭരണത്തിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍

മഴക്കാലത്ത്  ഷട്ടറുകളും മാറ്റി വെള്ളപ്പൊക്കം ഒഴിവാക്കുകയും മഴ മാറിയാല്‍ ഷട്ടറുകള്‍ ഉറപ്പിച്ച് ജലം സംഭരിക്കുകയും നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഓരോ നിര ഷട്ടറുകള്‍ നീക്കി നിയന്ത്രിതമായി ജലം തുറന്നുവിടുകയുമാണ് ബന്ധാരകളുടെ പ്രവര്‍ത്തന രീതി. ഗോവയില്‍ ഇത് വളരെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് ഒന്നാം ഘട്ടമായി 1000 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു. ജൂണ്‍-ജൂലൈ മാസങ്ങളിലുണ്ടായ പേമാരിയില്‍ 8420 കിലോമീറ്റര്‍ റോഡുകള്‍ തകര്‍ന്നതായാണ് പൊതുമരാമത്ത് വകുപ്പ് പ്രാഥമിക നിഗമനം. ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുളള റോഡുകള്‍ നന്നാക്കുന്നതിന് 200 കോടി രൂപയുടെ അനുവദിക്കും. ഇതിനു പുറമേ 5 നദികളില്‍ ജലസംഭരണത്തിന് ഗോവന്‍ മാതൃകയില്‍ ബന്ധാരകള്‍ നിര്‍മിക്കാനും സര്‍ക്കാര്‍ തലത്തില്‍ തീരമാനം ആയിട്ടുണ്ട്. കാസര്‍കോട്, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ ഭവാനി, തൂതപ്പുഴ (പാലക്കാട്), ചന്ദ്രഗിരി (കാസര്‍കോട്), പനമരം നദീതടം (വയനാട്), അച്ചന്‍കോവില്‍ (പത്തനംതിട്ട) നദീതടം എന്നീ നദികളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ ബന്ധാരകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് 175 കോടി രൂപയാണ് ചെലവ്. നദിയുടെ സ്വഭാവിക നീരൊഴുക്കുചാലിനുള്ളില്‍ മാത്രമായി ജലം തടഞ്ഞു നിര്‍ത്തുന്ന സംഭരണികളാണ് ബന്ധാരകള്‍. ഒരേ നദിയില്‍ തന്നെ പലയിടത്തായി ബന്ധാരകള്‍ നിര്‍മ്മിക്കാനാകും. മഴക്കാലത്ത്  ഷട്ടറുകളും മാറ്റി വെള്ളപ്പൊക്കം ഒഴിവാക്കുകയും മഴ മാറിയാല്‍ ഷട്ടറുകള്‍ ഉറപ്പിച്ച് ജലം സംഭരിക്കുകയും നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഓരോ നിര ഷട്ടറുകള്‍ നീക്കി നിയന്ത്രിതമായി ജലം തുറന്നുവിടുകയുമാണ് പ്രവര്‍ത്തന രീതി. ഗോവയില്‍ ഇത് വളരെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്.

നിയമനങ്ങള്‍ / മാറ്റങ്ങള്‍

സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജിന് പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറിയുടെയും ഇന്റര്‍നാഷണല്‍ മ്യൂസിക് അക്കാഡമി സ്‌പെഷ്യല്‍ ഓഫീസറുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.
രജിസ്‌ട്രേഷന്‍ വകുപ്പ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.എന്‍. സതീഷിന് കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറുടെയും കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെയും പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെയും അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടറര്‍ പാട്ടീല്‍ അജിത് ഭഗവത് റാവുവിനെ സര്‍വെ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ് ഡയറക്ടറായി മാറ്റി നിയമിച്ചു. കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്‍ പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല അദ്ദേഹം വഹിക്കും. ലോട്ടറി വകുപ്പ് ഡയറക്ടര്‍ എസ്. ഷാനവാസിനെ സഹകരണ സംഘം രജിസ്ട്രാറായി മാറ്റി നിയമിക്കും. സഹകരണ സംഘം രജിസ്ട്രാര്‍ ഡോ.ഡി. സജിത് ബാബുവിനെ കാസര്‍കോട് ജില്ലാ കലക്ടറായി നിയമിച്ചു. സര്‍വെ ആന്റ് ലാന്റ് റെക്കോര്‍ഡ്‌സ് ഡയറക്ടറര്‍ കെ. ഗോപാലകൃഷ്ണനെ ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറായി മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് എം. അഞ്ജന ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും. തുറമുഖ വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശനെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍ കുമാറിന് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. എഡ്യുക്കേഷന്‍ മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ചുമതല തടര്‍ന്നും മോഹന്‍ കുമാര്‍ വഹിക്കും.

കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. കെ. അമ്പാടിയെ ലാവണം കോര്‍പ്പറേഷനില്‍ നിലനിര്‍ത്തിക്കൊണ്ട് അന്യത്രസേവന വ്യവസ്ഥയില്‍ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സില്‍ മുഴുവന്‍ സമയ ഡയറക്ടറായി ഒരു വര്‍ഷത്തേക്ക് നിയമിക്കാന്‍ തീരുമാനിച്ചു. റിട്ട ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷേക്ക് പരീദിനെ പുനര്‍നിയമന വ്യവസ്ഥ പ്രകാരം കേരള സംസ്ഥാന തീരദേശവികസന കോര്‍പ്പറേഷനില്‍ മാനേജിംഗ് ഡയറക്ടറായി നിയമിക്കും

തസ്തികകള്‍

പൊതുമരാമത്ത് വകുപ്പില്‍ 221 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഒരു ചീഫ് എഞ്ചിനീയര്‍, 3 സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, 21 എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, 42 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, 84 അസിസ്റ്റന്റ് എഞ്ചിനീയര്‍, 35 ഗ്രോഡ് 1 ഓവസീയര്‍, 35 ഗ്രോഡ് 3 ഓവസീയര്‍ എന്നീ തസ്തികകളാണ് സൃഷ്ടിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 300 ഉദ്യോഗസ്ഥരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും തീരുമാനിച്ചു.  മലപ്പുറം ഗവണ്‍മെന്റ് വനിതാ കോളേജില്‍ ഒരു പ്രിന്‍സിപ്പലിന്റെയും മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കും.

ശാന്തന്‍പാറയില്‍ പുതിയ സര്‍ക്കാര്‍ കോളേജ്

ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്തില്‍ പൂപ്പാറയില്‍ 2018-19 അധ്യയനവര്‍ഷം മുതല്‍ പുതിയ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ആരംഭിക്കുന്നതിന് തീരുമാനിച്ചു. ഇതിനുവേണ്ടി ഒരു പ്രിന്‍സിപ്പാളിന്റെയും മൂന്ന് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെയും തസ്തികകള്‍ സൃഷ്ടിക്കും.

1960-ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ ഉള്‍പ്പെടെയുളള സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും രാത്രി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതിനും സെക്യൂരിറ്റി ഏജന്‍സി വഴി നിയമിക്കപ്പെടുന്നവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം നല്‍കാനും ഉദ്ദേശിച്ചാണ് നിയമഭേദഗതി കൊണ്ടുവരുന്നത്.

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ-പോര്‍ട്ട് ലിമിറ്റഡിന് സര്‍ക്കാര്‍ ഗ്യാരന്റിയോടെ ഹഡ്‌കോയില്‍ നിന്ന് 2700 കോടി രൂപ വായ്പയെടുക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

This post was last modified on August 14, 2018 6:28 pm