X

പണ തട്ടിപ്പ് കേസ്: പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തു

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അടുത്ത സെഷന്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങാനിരിക്കുകയും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ കടന്നാക്രമണവുമായി പ്രതിപക്ഷം രംഗത്തെത്താനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുമ്പോളാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്.

മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ പണ തട്ടിപ്പ് കേസില്‍ സിബിഐ കസ്റ്റഡിയിലെടുത്തു. ലണ്ടനില്‍ നിന്ന് ചെന്നൈയില്‍ തിരിച്ചെത്തിയ കാര്‍ത്തി ചിദംബരത്തെ വിമാനത്താവളത്തില്‍ വച്ചാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തിലെ ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹിയിലേയ്ക്ക് കൊണ്ടുപോകും.

കഴിഞ്ഞ വര്‍ഷം മേയില്‍ വിദേശ നിക്ഷേപം സ്വീകരിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് ഫയല്‍ ചെയ്തിരുന്നു. 2007ല്‍ പി ചിദംബരം കേന്ദ്ര ധന മന്ത്രിയായിരിക്കെ 300 കോടിയുടെ വിദേശ നിക്ഷേപമാണ് ഐഎന്‍എസ് മീഡിയയ്ക്ക് അനധികൃതമായി ലഭിച്ചത്. ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ബോര്‍ഡ് (എഫ്‌ഐപിബി) ഇതിന് നല്‍കിയ ക്ലിയറന്‍സ് വിവാദമായിരുന്നു. കാര്‍ത്തി ചിദംബരം ഇതുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

കൊലക്കേസ് പ്രതികളായ പീറ്റര്‍ മുഖര്‍ജിയുടേയും ഇന്ദ്രാണി മുഖര്‍ജിയുടേയും ഉടമസ്ഥതയിലുള്ള ഐഎന്‍എക്‌സ് മീഡിയയുടെ അനധികൃത പണമിടപാടുകളുമായി ബന്ധപ്പെട്ട് കാര്‍ത്തി ചിദംബരം അടക്കമുള്ളവര്‍ക്കെതിരെ സിബിഐ മറ്റൊരു കേസും എടുത്തിരുന്നു. ചെന്നൈയും ഡല്‍ഹിയുമടക്കം നാല് നഗരങ്ങളിലെ കാര്‍ത്തി ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തിയിരുന്നു. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം ഒഴിവാക്കുന്നതിനായി ഐഎന്‍എക്‌സ് മീഡിയയില്‍ നിന്ന് കാര്‍ത്തി ചിദംബരം കോഴ വാങ്ങിയെന്നാണ് ആരോപണം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അടുത്ത സെഷന്‍ മാര്‍ച്ച് അഞ്ചിന് തുടങ്ങാനിരിക്കുകയും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ കടന്നാക്രമണവുമായി പ്രതിപക്ഷം രംഗത്തെത്താനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുമ്പോളാണ് ഈ അറസ്റ്റ് നടന്നിരിക്കുന്നത്.

This post was last modified on February 28, 2018 4:48 pm