X

പഴയ ആര്‍എസ്എസ്സുകാരെ ഇറക്കി കേരളത്തില്‍ എന്തോ ഉണ്ടാക്കി കളയാം എന്നാണു വിചാരമെങ്കില്‍ ഒരു ചുക്കും നടക്കില്ല; ആഞ്ഞടിച്ച് പിണറായി

ഗോഡ്‌സയെ ദൈവമായി കാണുന്നവര്‍ കേരളത്തെ സമാധാനം പഠിപ്പിക്കാന്‍ വരേണ്ട

കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും എംപിയുമൊക്കെയായിരിക്കുന്ന പഴയ ആര്‍എസ്എസ്സുകാരെ കേരളത്തില്‍ ഇറക്കി എന്തോ ഉണ്ടാക്കി കളയാം എന്നാണ് വിചാരിക്കുന്നതെങ്കില്‍ ഇവിടെ ഈ നാട്ടില്‍ ഒരു ചുക്കും സംഭവിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിനെതിരേയും കേരള സര്‍ക്കാരിനെതിരേയും ബിജെപി ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. തിരുവനന്തപുരത്ത് ഒരുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പിണറായി ജനരക്ഷയാത്രയ്‌ക്കെതിരേയും ബിജെപിയുടെ സിപിഎം വിരുദ്ധപ്രചാരണങ്ങള്‍ക്കെതിരേയും കടുത്ത വാക്കുകളില്‍ പ്രതികരിച്ചത്.

അമിത് ഷാ വന്ന് എന്തോ കാണിച്ചു കളയും എന്നായിരുന്നല്ലോ, അത് നനഞ്ഞ പടക്കം പോലെയായില്ലേ എന്നു പിണറായിയുടെ പരിഹാസം. നാഥുറാം വിനായക് ഗോഡ്‌സെയെ ദൈവമായി കാണുന്നവരാണ് നിങ്ങള്‍. ആ നിങ്ങളില്‍ നിന്നും ഒരു സമാധാന പാഠവും ഈ നാടിനു പഠിക്കാനില്ല. ഈ നാട് എന്താണെന്നു നിങ്ങള്‍ മനസിലാക്കണം, നിങ്ങള്‍ക്കത് മനസിലായിട്ടില്ല. നിങ്ങളുടെ പകിട്ട് കണ്ട്, നിങ്ങളുടെ പണക്കൊഴുപ്പ് കണ്ട്, നിങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്ന ആയുധങ്ങള്‍ കണ്ട് വിറങ്ങലിച്ചു പോകുന്ന നാടല്ലയിത്. നിങ്ങള്‍ ഉയര്‍ത്തുന്നത് ഒരു വെല്ലുവിളിയാണെങ്കില്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ ഈ നാട് എപ്പോഴേ സന്നദ്ധമാണ് എന്നകാര്യം ഓര്‍ത്തോളണം. ആ പടപ്പുറപ്പാടിന്റെ മുന്നില്‍ വിറങ്ങലിച്ച് പോകുന്നവരല്ല ഇവിടുത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം; പിണറായിയുടെ മുന്നറിയിപ്പ്.

ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോള്‍ ബിജെപി മനസിലാക്കേണ്ട കാര്യം, നാടാകെ ഞങ്ങളോടൊപ്പമുണ്ടെന്നാണ്. ഈ നാട്ടിലെ ഉത്പതിഷ്ണുക്കളാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം ഉണ്ടാകും, ഞങ്ങളെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ പോലും ഇക്കാര്യത്തില്‍ ഞങ്ങളോടൊപ്പം ഉണ്ടാകും; പിണറായി വ്യക്തമാക്കുന്നു.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേയും പിണറായി ആഞ്ഞടിച്ചു. ഉത്തര്‍പ്രദേശിലേക്കാള്‍ ശിശുമരണം കേരളത്തിലാണ് നടക്കുന്നതെന്നു പറഞ്ഞ ആദിത്യനാഥിനെ പിണറായി പരിഹസിച്ചു. ഇങ്ങനെയൊക്കെ പറഞ്ഞുകേട്ടാല്‍ ആളുകള്‍ മൂക്കത്ത് വിരല്‍വച്ചു പോകില്ലേ, ഇങ്ങനെയൊക്കെ എഴുന്നള്ളിക്കുമ്പോള്‍ എന്തു പറയാനാണ്. കേരളത്തില്‍ പന്ത്രണ്ടു ശതമാനത്തില്‍ നിന്നും പത്തുശതമാനമായി ശിശുമരണ നിരക്ക് കുറഞ്ഞു. യുപിയിലെ കണക്കൊന്നു ആദിത്യനാഥിനു പറയാമോ എന്നായിരുന്നു പിണറായിയുടെ ചോദ്യം.