X

ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ ബിജെപി നേതൃയോഗത്തില്‍ വിമര്‍ശനം; അധ്യക്ഷസ്ഥാനത്ത് നിന്നു മാറ്റണമെന്നും ആവശ്യം

ബിജെപി കേരളത്തില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് ശ്രീധരന്‍ പിള്ള വാദിക്കുന്നത്

ശ്രീധരന്‍ പിള്ളയെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും മാറ്റണമെന്ന് ബിജെപി നേതൃയോഗത്തില്‍ ആവശ്യം ഉയര്‍ന്നതായി വിവരം. ലോക് സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെയാണ് പിള്ളയ്‌ക്കെതിരേ ഒരു വിഭാഗം തിരിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തതായും അറിയുന്നു. അതേസമയം ലോക് സഭ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് ശ്രീധരന്‍ പിള്ള വാദിക്കുന്നത്. പാര്‍ട്ടിയുടെ പ്രകടനത്തില്‍ തന്നെ വിളിച്ച് പലരും അഭിനന്ദിച്ചിരുന്നുവെന്നും യോഗത്തില്‍ സംസാരിക്കുമ്പോള്‍ പിള്ള പറഞ്ഞു.

ശ്രീധരന്‍ പിള്ളയെ അധ്യക്ഷ പദവിയില്‍ നിന്നും നീക്കണമെന്നത് ബിജെപി കേരളഘടകത്തിലെ ഭൂരിഭാഗത്തിന്റെയും ആവശ്യമെന്ന നിലയിലാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. കേരളത്തിന്റെ ചുമതലയുള്ള വൈ.സത്യകുമാറും ആലപ്പുഴയില്‍ ചേര്‍ന്ന നേതൃയോഗത്തില്‍ പിള്ളയെ വിമര്‍ശിച്ചു സംസാരിച്ചതായാണ് വാര്‍ത്തകള്‍. അനുകൂല സാഹചര്യം ഉണ്ടായിട്ടും ബിജെപിക്ക് ജയിക്കാന്‍ സാധിക്കാതിരുന്നത് സംസ്ഥന നേതൃത്വത്തിന്റെ വീഴ്ച്ചയായാണ് സത്യകുമാര്‍ വിമര്‍ശനം ഉയര്‍ത്തിയത്. ഈ വിലയിരുത്തല്‍ പിന്താങ്ങിക്കൊണ്ട് മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും വി മുരളീധരനും ശ്രീധരന്‍ പിള്ളയ്‌ക്കെതിരേ രംഗത്തു വന്നുവെന്നും പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ ശ്രീധരന്‍ പിള്ള നടത്തിയ പല പരാമര്‍ശങ്ങളും പാര്‍ട്ടിക്ക് തിരിച്ചടിയായെന്നും ശബരിമല പ്രധാന പ്രചാരണ വിഷയം ആക്കിയിട്ടും എസ് എന്‍ ഡിപി, എന്‍ എസ് എസ് വോട്ടുകള്‍ പാര്‍ട്ടിക്ക് അനുകൂലമാക്കാന്‍ സാധിച്ചില്ലെന്നുമാണ് കൃഷ്ണദാസ്, മുരളീധര പക്ഷങ്ങള്‍ സംസ്ഥാന അധ്യക്ഷനെ വീഴ്ത്താന്‍ കാരണങ്ങളാക്കുന്നത്.

This post was last modified on May 29, 2019 10:26 am