X

കോട്ടയം ജില്ല പട്ടിണിരഹിത ജില്ലയായെന്നോ? ആ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ താമസിച്ച ഞങ്ങള്‍ സമ്മതിക്കില്ല

പട്ടിണി രഹിത ജില്ലയായി കോട്ടയം മാറുമ്പോഴും ജില്ലയുടെ കേന്ദ്രഭാഗത്ത് തന്നെയുള്ള കാമ്പസിലൂടെ വെറുതെ ഒന്നു നടന്നാല്‍ ഇന്നും കാണാം കെട്ടോ ചില പട്ടിണി ജന്മങ്ങളെ

ഇന്നത്തെ രാവിലെ ആ പത്രവാര്‍ത്ത കണ്ടപ്പോള്‍ ഒള്ളത് പറയാലോ സന്തോഷം തോന്നി. കോട്ടയം പട്ടിണിരഹിത ജില്ലയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ പട്ടിണിയില്ലാത്ത ഏക ജില്ല കോട്ടയമാണെന്നാണ് പഠന റിപ്പോര്‍ട്ട്. യുഎന്‍ ഡവലപ്‌മെന്റ് പ്രോഗ്രാം, ഓക്‌സ്‌ഫോര്‍ഡ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനീഷിയേറ്റീവ് എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിന് ശേഷമാണ് ഈ ‘പട്ടിണി സൂചിക’ പുറത്തിറക്കിയത്.

വാര്‍ത്ത വായിച്ചപ്പോള്‍ പഴയ എംജി യൂണിവേഴ്‌സിറ്റി ജീവിത കാലഘട്ടത്തിലേക്ക് ഒന്നു കടന്നു. എടാ കുറച്ച് വര്‍ഷം പുറകോട്ട് പോകൂന്ന് മനസ് പറഞ്ഞു. വീട്ടില്‍ നിന്നും 200 രൂപയുമായി ഒരാഴ്ച എംജിയില്‍ നില്‍ക്കുവാന്‍ വന്ന കാലം. കൂട്ടിനായി സന്തോഷ്, മുണ്ടക്കയത്തെ കുഞ്ഞന്‍, കമല്‍, ചാക്കാച്ചി എന്നിവരടങ്ങുന്ന ഒരു ഗ്രൂപ്പും ഞങ്ങള്‍ക്കൊപ്പം അരവയറുമായി പിജിയും എംഫിലും ഡോക്ടറേറ്റുമൊക്കെയെടുക്കാനായി കച്ചകെട്ടിയിറങ്ങിയ ഒരുപാട് കൂട്ടുകാരും മനസിലൂടെ കയറിയങ്ങ് പോകുവാ.

പിജി കഴിഞ്ഞ് ഡോക്ടറേറ്റ് എടുക്കണമെന്നും വലിയ പ്രൊഫസര്‍മാരാകണമെന്നുമുള്ള മോഹവുമായി വന്ന ഞങ്ങള്‍ സംഘടനാ രംഗത്ത് സജീവമായി. കൂടെ നല്ല ഒന്നാന്തരം പട്ടിണിയും. പലരുടെ കയ്യിലും അഞ്ചിന്റെ പൈസ ഇല്ല. ഹോസ്റ്റല്‍ മെസ് കുക്കുമാരുടെ നല്ല നടപ്പ് കൊണ്ട് പൂട്ടിപ്പോയപ്പോള്‍ ഞങ്ങക്ക് നേരിട്ടത് വന്‍ തിരിച്ചടി. ആകെയുള്ള ആശ്വാസം ബേബിച്ചനാ. മൂക്കുമുട്ടെ അവിടുന്ന് തിന്നും എന്നിട്ട് ഒരു നാണോമില്ലാതെ കടോം പറയും. മാസാവസാനം ഒള്ളത് കൊടുക്കും. എന്നാലും ദേഷ്യപ്പെടാത്ത ബേബിച്ചന് ഇന്നും കൊടുത്തു തീര്‍ക്കാനൊണ്ട് കാശൊരുപാട്.

കാമ്പസില്‍ ഞങ്ങള്‍ മാത്രമേ പട്ടിണി കിടക്കുന്നുള്ളൂ എന്നായിരുന്നു ആദ്യമൊക്കെ കരുതിയിരുന്നെ. മാന്നാനത്തെ പ്ലൂട്ടോ കുടുംബവുമായി ഇടപെട്ടപ്പോള്‍ അതങ്ങ് മാറിക്കിട്ടി. പ്ലൂട്ടോയില്‍ താമസിച്ച് കാമ്പസില്‍ പഠിച്ചിരുന്ന കൂട്ടുകാര്‍ക്ക് പട്ടിണിയെ പറ്റി ഒരു സെമിനാര്‍ എടുക്കാനുള്ള വകയുണ്ടായിരുന്നെന്നേ. ക്രിസ്പിനും അരുണും പ്രിന്‍സുമൊക്കെ പട്ടിണി കിടക്കുന്നത് കാണുമ്പോള്‍ കൊതിയാകും.

ഉച്ചയ്ക്ക് പെണ്‍കുട്ടികളുടെ കയ്യില്‍ നിന്ന് 20 രൂപ വാങ്ങി കാന്റീനില്‍ പോയി സാമ്പന്‍ ചേട്ടനോട് കടം പറയും. അല്ലങ്കില്‍ റോയിച്ചന്റടുത്ത് പോയി കടുപ്പത്തിലൊരു അര ചായ കുടിക്കും. കിട്ടിയ പൈസ നാളെ എടുക്കാം എന്ന രീതിയില്‍. അങ്ങനെയാണെങ്കില്‍ ആഴ്ചയില്‍ മൂന്ന് ദിവസം എരന്നാല്‍ മതിയല്ലോയെന്ന സൈക്കോളജിക്കല്‍ മൂവ്‌മെന്റ്. പക്ഷെ എത്രയൊക്കെ പിടിച്ചു നിന്നാലും ഞായറാഴ്ച ദിവസം പണി തരും. ചുറ്റുവട്ടത്ത് ഒരു കടയും കാണുകേല. അതിരമ്പുഴയിലെ ഹോട്ടലുകളില്‍ പോയി കഴിക്കാനുള്ള കാശും ഉണ്ടാകുകേല.

ഹോസ്റ്റലില്‍ ചില പിള്ളാര്‍ മുറികളില്‍ കഞ്ഞി വയ്ക്കുമായിരുന്നു. അക്കാലത്ത് മുകളിലത്തെ നിലയില്‍ താമസിക്കുന്നവരാണ് അത് ചെയ്യുന്നത്. അവിടെ നിന്ന് കുക്കറിന്റെ വിസില്‍ കേള്‍ക്കുമ്പോള്‍ ഒന്നുമറിയാത്തത് പോലെയങ്ങ് ചെല്ലും. ഇന്നെന്നാടാ കഞ്ഞിയൊന്നുമൊണ്ടാക്കിയില്ലേ എന്ന് ചോദിക്കും. ഉണ്ടാക്കിയെന്ന് പറയുമ്പോള്‍ എന്നാ പോയി പ്ലേറ്റെടുത്തോണ്ട് വരാമെന്ന് പറയുന്നത് ഒരു അവകാശം പോലെയാണ്.

പിന്നെ യൂണിവേഴ്‌സിറ്റില്‍ ആവശ്യങ്ങള്‍ക്കായി വരുന്നവരാ വേറൊരു പ്രതീക്ഷ. നമ്മടെ സാറന്മാരെക്കൊണ്ട് അറ്റസ്റ്റ് ചെയ്ത് കൊടുപ്പിക്കാമെന്നൊക്കെ പറഞ്ഞ് അവന്മാരെ വഹിച്ചിരുന്ന കൂട്ടുകാരൊക്കെ ഇപ്പോ എവിടാണോ എന്തോ? സാറന്മാര്‍ക്ക് ശമ്പളം കിട്ടുന്ന ദിവസം അവരേക്കാള്‍ കൃത്യമായി അറിയാവുന്ന പിള്ളാരും ഉണ്ടാരുന്നു ഞങ്ങളുടെ കൂട്ടത്തില്‍. പിന്നെ ലെറ്റേഴ്‌സിലെ ഹാരിസ് മാഷാണ് ഒരു ആശ്രയം. മരത്തിന്‍ ചുവട്ടിലെ മാഷിന്റെ ക്ലാസ് കേള്‍ക്കുന്നത് ഒരു ലഹരിയാണ്. കൂട്ടത്തില്‍ ഈയൊരു രഹസ്യം കൂടെയുണ്ട്. മാഷ് പറഞ്ഞു നിര്‍ത്തുമ്പോള്‍ ചെന്ന് ചോദിക്കും. ഊണിനാണെങ്കില്‍ തരാമെന്ന് പറയും. ഊണിനാണെങ്കിലും അല്ലെങ്കിലും മാഷ് തരുമെന്നറിയാമെങ്കിലും ഊണിനാണെന്ന് തന്നെ പറയും.

പട്ടിണി രഹിത ജില്ലയായി കോട്ടയം മാറുമ്പോഴും ജില്ലയുടെ കേന്ദ്രഭാഗത്ത് തന്നെയുള്ള കാമ്പസിലൂടെ വെറുതെ ഒന്നു നടന്നാല്‍ ഇന്നും കാണാം കെട്ടോ ചില പട്ടിണി ജന്മങ്ങളെ. പഴയ പട്ടിണിയുടെ ആവര്‍ത്തനമെന്ന പോലെ.

(ഇതില്‍ പറഞ്ഞിരിക്കുന്ന ആളുകള്‍ പലര്‍ക്കും അപരിചിതരാകാം. പക്ഷെ അനുഭവങ്ങള്‍ ഒന്നായതു കൊണ്ട് തന്നെ പറഞ്ഞിരിക്കുന്ന പേരുകാരെ നിങ്ങളുടെയും കൂട്ടുകാരായി തന്നെ കാണുക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രസാദ് എം പനച്ചിക്കാട്

എംജി യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി

More Posts

This post was last modified on November 1, 2018 12:54 pm