X

ഞാന്‍ ഒരു സീറോ അല്ല, ഹീറോ ആണ്, അതിനാലാണവര്‍ എന്നെ ആക്രമിക്കുന്നത്; കേന്ദ്രസര്‍ക്കാരിനെതിരേ അഞ്ഞടിച്ച് മമത

നിങ്ങള്‍ ഒരു നിതിഷിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ ഞാന്‍ നൂറ് ശരദ് യാദവുമാരെക്കുറിച്ചും നൂറ് ലാലുപ്രസാദുമാരെക്കുറിച്ചും നൂറ് അഖിലേഷ് യാദവുമാരെക്കുറിച്ചുമാണ് ചിന്തിക്കുന്നത്

രാജ്യത്ത് നടക്കുന്നത് ബിജെപിയുടെ ഏകാധിപത്യ ഭരണമാണെന്നും 2019ഓടെ പ്രതിപക്ഷ കക്ഷികള്‍ക്ക് ആധിപത്യത്തോടെ ഭരണമാറ്റമുണ്ടാകുമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആരെങ്കിലും ഭരണത്തെ എതിര്‍ത്തു പറയുകയാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിനെയോ സിബിഐയെയോ ഇന്‍കംടാക്‌സ് വകുപ്പിനെയോ അയയ്ക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി. കൊല്‍ക്കത്തയില്‍ വാര്‍ത്താ ചാനലുകളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.

എല്ലാരെയും കേന്ദ്രസര്‍ക്കാര്‍ ഭയപ്പെടുത്തി നിര്‍ത്തുമ്പോള്‍ പ്രതിപക്ഷം എങ്ങനെയാണ് കരുത്തുറ്റതാകുന്നത്. താന്‍ ഒരു സീറോ അല്ല, ഒരു ഹീറോ ആയതിനാലാണ് കേന്ദ്രം എല്ലായ്‌പ്പോഴും ആദ്യം തന്നെ ആക്രമിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അതില്‍ താന്‍ സന്തുഷ്ടയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കും എന്നാല്‍ മറ്റുള്ളവര്‍ക്ക് അതിന് സാധിക്കുന്നില്ല. താന്‍ താഴേക്കിടയില്‍ നിന്നും വരുന്ന വ്യക്തിയാണ്, അതിനാല്‍ തന്നെ താനൊരു പോരാളിയാണെന്നും ജീവിതകാലം മുഴുവന്‍ താന്‍ പോരാട്ടത്തിലാണെന്നും അവര്‍ പറയുന്നു.

നാം മാറ്റത്താനായി കാത്തിരിക്കുകയാണ്. ഇതുവരെയും അതിനുള്ള മുന്നണി രൂപീകരിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനുള്ള അടിത്തറ രൂപീകരിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. ആറ് മാസത്തിനുള്ളില്‍ കാര്യങ്ങളെല്ലാം എല്ലാവര്‍ക്കും വ്യക്തമാകുമെന്നും അവര്‍ പറയുന്നു. എല്ലാവര്‍ക്കും പെട്ടെന്ന് അവര്‍ക്കെതിരെ സംസാരിക്കാന്‍ സാധിക്കണമെന്നില്ല, അങ്ങനെ ചെയ്താല്‍ കേന്ദ്ര ഏജന്‍സികളെ അവര്‍ക്കെതിരായി ഇവിടെ കെട്ടഴിച്ച് വിടുകയാണ്.

ബിഹാറില്‍ ആര്‍ജെഡിയും കോണ്‍ഗ്രസുമായുള്ള മഹാസഖ്യം തകര്‍ന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. നിങ്ങള്‍ ഒരു നിതിഷിനെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍ ഞാന്‍ നൂറ് ശരദ് യാദവുമാരെക്കുറിച്ചും നൂറ് ലാലുപ്രസാദുമാരെക്കുറിച്ചും നൂറ് അഖിലേഷ് യാദവുമാരെക്കുറിച്ചുമാണ് ചിന്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക മേഖലയെ നശിപ്പിച്ചു. നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ വ്യവസായങ്ങളെ അവര്‍ തകര്‍ത്തു. അവര്‍ എല്ലാവരെയും ഭയപ്പെടുത്തുന്നു. എല്ലാ ദിവസവും വ്യവസായങ്ങളെ ശല്യപ്പെടുത്തുന്നു. ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ എന്നിവ നടപ്പാക്കിയതിന് ശേഷം എത്ര വ്യാവസായികള്‍ രാജ്യം വിട്ടുപോയെന്ന് പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നോട്ട് അസാധുവാക്കലിന് മുമ്പ് ഒന്നും സംഭവിക്കില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ നോട്ട് അസാധുവാക്കല്‍ മൂലം വലിയ നഷ്ടമാണ് ഇവിടെയുണ്ടായത്. രാജ്യത്തെ സാമ്പത്തിക മേഖലയെ അത് വഷളാക്കി. നോട്ട് അസാധുവാക്കലിന് ശേഷം എത്രമാത്രം തുക റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടുവെന്ന് ജനങ്ങള്‍ക്ക് അറിയില്ല. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ അവര്‍ അതിശയം പ്രകടിപ്പിച്ചു. ആരാണ് ഇവിടുത്തെ പ്രധാനമന്ത്രി? അമിത് ഷായോ അതോ നരേന്ദ്ര മോദിയോ?

മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയെ മമത പ്രശംസിക്കുകയും ചെയ്തു. അദ്ദേഹവും ഒരു ബിജെപിക്കാരന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹം സമതുലിത മനോഭാവമുള്ള വ്യക്തിയും നിഷ്പക്ഷനുമായിരുന്നു. നമ്മള്‍ അദ്ദേഹത്തിന് കീഴില്‍ പ്രവര്‍ത്തിച്ചപ്പോള്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഇപ്പോള്‍ നാം നേരിടുന്ന പ്രശ്‌നങ്ങളില്‍ താന്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ഇതിന് കാരണമെന്നും മമത പറയുന്നു. എന്തുകൊണ്ടാണ് ഈ പാര്‍ട്ടി എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്നും അവര്‍ ചോദിക്കുന്നു.

എല്ലാദിവസവും അവര്‍ നമ്മെ ഏജന്‍സികളെ കാണിക്കുന്നത് എന്തിനാണ്? ഞാന്‍ എന്തു ഭക്ഷിക്കണമെന്ന്, ഏത് വസ്ത്രം ധരിക്കണമെന്ന്, ഏത് സ്‌കൂളില്‍ പോകണമെന്ന്, ഏത് മതത്തെ പിന്തുണയ്ക്കുമെന്ന് അവര്‍ പറയുന്നത് എന്തിനാണ്? സ്‌കൂളുകള്‍ എങ്ങനെ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് അവരെന്തിനാണ് പറയുന്നത്? രാജ്യത്തെ വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഗോരഖ്പൂരില്‍ കുഞ്ഞുങ്ങള്‍ കൂട്ടമരണത്തിനിരയായതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. അവിടെ നടന്നത് എന്തുതന്നെയായാലും അത് നല്ലതല്ലെന്നായിരുന്നു അവരുടെ പ്രതികരണം. ‘അവര്‍(ബിജെപി) പ്രസംഗങ്ങള്‍ മാത്രം നടത്തുന്നു സാധനങ്ങള്‍ എത്തിക്കുന്നില്ല’ മമത കൂട്ടിച്ചേര്‍ത്തു.

This post was last modified on August 19, 2017 4:37 pm