ന്യൂസ് മിനിറ്റ്സിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് ധന്യ രാജേന്ദ്രനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച യുവാവ് വീഡിയോ സന്ദേശത്തിലൂടെ മാപ്പ് പറഞ്ഞു. തമിഴ് നടന് വിജയ് അഭിനയിച്ച ഒരു സിനിമയെക്കുറിച്ച് ട്വിറ്ററില്‍ ധന്യ വിമര്‍ശനം നടത്തിയതാണ് യുവാവിനെ പ്രകോപിതനാക്കിയത്.
കാഞ്ചീപുരം സ്വദേശിയും 23കാരനുമായ രാംകുമാര്‍ അയച്ച വീഡിയോ സന്ദേശം ധന്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ധന്യ ഒരു അജിത് ആരാധികയാണെന്ന് വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയില്‍ ധന്യയെ അവഹേളിക്കാന്‍ ആരംഭിച്ചത്. ഈമാസം ആദ്യം ഇംതിയാസ് അലി സംവിധാനം ചെയ്ത ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തെയും വിജയ് നായകനായ സുര എന്ന ചിത്രത്തെയും താരതമ്യം ചെയ്ത് ധന്യ ട്വീറ്റ് ചെയ്തിരുന്നു.
ധന്യയെ തന്റെ ആരാധകര്‍ അവഹേളിക്കുന്നത് അറിഞ്ഞ വിജയ് തന്നെ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീകളെ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യമാണ് അദ്ദേഹം പറഞ്ഞത്. ധന്യയുടെ പരാതിയില്‍ ഓഗസ്റ്റ് എട്ടിന് പോലീസ് കേസെടുത്തിരുന്നു.