X

അധികാര വടംവലി: മംഗളം ടിവി ജീവനക്കാര്‍ സമരത്തില്‍; ചാനല്‍ പ്രവര്‍ത്തനം സ്തംഭിച്ചു

ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാണെന്ന് സിഒഒ സുനിതാദേവദാസ്‌

മംഗളം ടി വി ചാനലില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു, ചാനല്‍ പ്രവര്‍ത്തനം സ്തംഭിച്ചതായി ജീവനക്കാര്‍ അഴിമുഖത്തോട് പറഞ്ഞു. ഇന്നു രാവിലെ പത്ത് മണിക്ക് നിലവിലെ കോഡിനേറ്റിങ് എഡിറ്റര്‍ എംബി സന്തോഷിന്റെ നേതൃത്വത്തില്‍ ഒരു സംഘം ജീവനക്കാരാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. തൊഴില്‍ നിയമങ്ങള്‍ അംഗീകരിക്കാതെയാണ് സ്ഥാപനം മുന്നോട്ട് പോകുന്നതെന്നാണ് ജീവനക്കാരുടെ മുഖ്യആരോപണം. ശമ്പളം വര്‍ദ്ധിക്കുകയോ നിയമനരേഖകള്‍ നല്‍കുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

തിരുവനന്തപുരം സെന്‍ട്രല്‍ ഡസ്‌കിലെ ജീവനക്കാരും തിരുവനന്തപുരം ന്യൂസ് ബ്യുറോയിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാണ്. ഇതിനുപുറമെ സംസ്ഥാനത്തെ മിക്ക ബ്യുറോകളിലും ആളില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.  ഹണിട്രാപ് വിവാദത്തില്‍ മാറിനില്‍ക്കേണ്ടി വന്ന മുന്‍ സിഇഒ ആര്‍ അജിത്കുമാറിനു പകരം സിഒഒ ആയി ചുമതലയേറ്റ സുനിതാദേവദാസും എംബി സന്തോഷും തമ്മിലുളള അധികാരവടംവലിയാണ് സമരത്തില്‍ കലാശിച്ചതെന്നുമുളള വാര്‍ത്തകളും ലഭിക്കുന്നുണ്ട്.

സുനിത ദേവദാസ് ചുമതലയേറ്റയുടനെ എംബി സന്തോഷിനെ ന്യൂസ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും തരംതാഴ്ത്തി കോഡിനേറ്റിങ് എഡിറ്റര്‍ ആക്കിയത് സന്തോഷിനേയും അദ്ദേഹത്തിന്റെ പക്ഷക്കാരേയും പ്രകോപിപ്പിച്ചതായാണ് വിവരം. സുനിത ദേവദാസ് പുതിയ ചില മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിച്ചത് എംബി സന്തോഷും അദ്ദേഹത്തിന്റെ പക്ഷക്കാരും തുടര്‍ച്ചയായി തടഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. മാസങ്ങളായി ഇവര്‍ തമ്മില്‍ ശീതസമരത്തിലാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

എന്നാല്‍, എംബി സന്തോഷിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ ഒറ്റക്കെട്ടായി സിഒഒക്കെതിരെ നീങ്ങിയിരിക്കുകയാണ്. വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ ഒരു നിലക്കും അനുവദിക്കില്ലെന്ന വാശിയിലാണ് ജീവനക്കാര്‍. അതെസമയം, ജീവനക്കാരുടെ പ്രശ്‌നമെന്താണെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിട്ടില്ലെന്നും അവര്‍ പെട്ടെന്ന് സമരം പ്രഖ്യാപിക്കുകയും ചാനല്‍ പ്രവര്‍ത്തനം സ്തംഭിപ്പിക്കുകയായിരുന്നുവെന്നുമാണ് സിഒഒ സുനിതാദേവദാസ് അഴിമുഖത്തോട് പറഞ്ഞത്. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാണെന്നും സുനിത ദേവദാസ് അഴിമുഖത്തോട് പറഞ്ഞു.

ഹണീട്രാപ്പ് കേസ് ഒത്തുതീര്‍പ്പാക്കി: ഒരുങ്ങുന്നത് ശശീന്ദ്രന് വീണ്ടും മന്ത്രിയാകാനുള്ള അവസരമോ?

This post was last modified on November 11, 2017 8:56 pm