X

കാനം സഖാവേ, തിലോത്തമന്‍ സഖാവിന്റെ വകുപ്പ് ഭക്ഷ്യ, പൊതു (അഴിമതി) വിതരണം ആയതറിഞ്ഞില്ലേ?

ഒന്നും മിണ്ടാതെ അഴിമതിക്കാര്‍ക്കുവേണ്ടി ചുക്കാന്‍ പിടിക്കുന്നത് എൽഡിഎഫിനെപ്പോലും തിരുത്താന്‍ തുനിഞ്ഞിറങ്ങാറുള്ള സിപിഐ

‘സപ്ലൈകോ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സംസ്ഥാന സിവിൽ സപ്ലൈസ് കോര്‍പ്പറേഷന്റെ നെടുമങ്ങാട് താലൂക്ക് ഡിപ്പോയിലെ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് മാവേലി കസ്‌റ്റോഡിയനും ജൂനിയര്‍ അസിസ്റ്റന്റുമായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത് സര്‍ക്കാര്‍ ഇടപെട്ട് അടിയന്തിരമായി റദ്ദാക്കണം. ഇതിനെക്കാള്‍, ഗുരുതരമായ ഹോര്‍ലിക്‌സ് തിരിമറി നടത്തിയവരെ തിരിച്ചെടുത്തതിന്റെ അന്നുതന്നെയാണ് നെടുമങ്ങാട്ട് സസ്‌പെന്‍ഷന്‍ നടന്നത്. സപ്ലൈകോ എന്നുവച്ചാല്‍ പൊതുപണം കട്ടുമുടിക്കാനുള്ള ഇടം എന്നാക്കി മാറ്റിയ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്.

പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ന്യായവിലയ്ക്ക് ഗുണമേന്‍മയുള്ള സാധനങ്ങള്‍ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ രൂപീകരിച്ചത്. പൊതുവിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കുക എന്ന നല്ല ലക്ഷ്യവും അതിനുണ്ടായിരുന്നു. എന്നാലിപ്പോള്‍, കോര്‍പ്പറേറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇടനിലക്കാര്‍ പൊതുവിപണിയെ ചൂഷണം ചെയ്യുമ്പോള്‍, നിത്യോപയോഗ സാധനങ്ങളുടെ വില വാണംപോലെ കുതിച്ചുകയറുകയാണ്. പൊതുപണത്തിൽ ജീവിക്കുന്നവരൊഴികെയുള്ളവർ എരിപൊരി കൊള്ളുമ്പോള്‍ സപ്ലൈകോ നോക്കുകുത്തി മാത്രമാണ്. തൊട്ടടുത്ത തമിഴ്‌നാടിനെക്കാള്‍ പല നിത്യോപയോഗ സാധനങ്ങള്‍ക്കും ഇവിടെ ഇരട്ടിയും മൂന്നിരട്ടിയുമൊക്കെയാണ് വില. ഇവിടത്തെ ഇടത്തട്ടുകരും മറ്റും നിശ്ചയിക്കുന്ന ആ വിപണിവിലയെക്കാള്‍ അഞ്ചോ പത്തോ ശതമാനം വിലകുറച്ച് വിൽക്കുന്ന കമ്മിഷന്‍ ഏജന്റുമാരുടെ അവസ്ഥയിലേക്ക് സപ്ലൈകോയെ അധപ്പതിപ്പിച്ചിരിക്കുന്നു.

വല്ലപ്പോഴും ഉണ്ടാകുന്ന സബ്‌സിഡി സാധനങ്ങളിൽ മിക്കവയുടെയും ഗുണനിലവാരം ദയനീയമാണ്. മോശമാണെങ്കിൽക്കടിയും, വേറെ നിവൃത്തിയില്ലാത്തതിനാൽ കുറഞ്ഞ വിലയ്ക്ക് അവ വാങ്ങാന്‍ തള്ളിക്കയറുന്ന പാവങ്ങളുടെ കഞ്ഞിക്കലങ്ങളിൽ കൈയിട്ടുവാരാന്‍ അധികൃതര്‍ക്ക് ഒരു മടിയുമില്ല. എപ്പോഴാണ് സബ്‌സിഡി സാധനങ്ങള്‍ എത്തുക എന്ന് ജനത്തിനൊട്ടറിയുകയുമില്ല. വന്നാലുടനെ അത് കാലിയാകും. ഇങ്ങനെ കാലിയാകുന്നത് ഒരു തന്ത്രമാണ്. കണക്കുകളനുസരിച്ച് ജനങ്ങള്‍ വാങ്ങിക്കൂട്ടുന്നു, ന്യായവിലയും സബ്‌സിഡിയും ഏറ്റുവാങ്ങുന്നുവെന്ന് അധികൃതര്‍ക്ക് വീമ്പുപറയാം. അരി, മല്ലി, ചെറുപയര്‍, വന്‍പയര്‍ എന്നിങ്ങനെ വിപണിയിൽ സബ്‌സിഡി വിലയെക്കാള്‍ ഇരട്ടി വിലയുള്ളവ വിൽപ്പനകേന്ദ്രങ്ങളിൽ കൂടുതൽ അളവിൽ നൽകിയെന്ന് ബില്ലിൽ രേഖപ്പെടുത്തിയശേഷം ഗോഡൗണിൽ സൂക്ഷിച്ചതിനാണ് നെടുമങ്ങാട്ട് ഒരാള്‍ സസ്‌പെന്‍ഷനിലായത്. എല്ലായിടത്തും ഇതാണ് നടക്കുന്നത്. ഗോഡൗണിൽ നിന്നുതന്നെ കരിഞ്ചന്തയിലേക്ക് കടത്തുകയാണ് ഇപ്പോള്‍ പതിവ്. അതിൽ ഒന്നുമാത്രമാണ് പിടിയിലായത്.

ഇത്രയും ചെയ്യാന്‍ ഒരാളെക്കൊണ്ട് കഴിയില്ലെന്നുറപ്പാണ്. എന്നാൽ ഒരാള്‍ മാത്രമാണ് സസ്‌പെന്‍ഷനിലായത്. വിൽ‌പ്പനശാലകള്‍ക്ക് ഇത്രയും സാധനങ്ങള്‍ നൽകിയെന്ന് രേഖപ്പെടുത്തിയശേഷം അവ ഗോഡൗണിൽ തന്നെ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് എത്രപേരറിഞ്ഞുകൊണ്ടാവണം?!

അഴിമതിയിൽ ആണ്ടുമുഴുകാത്ത ഏതോ ഒരുദ്യോഗസ്ഥന്‍ ഇടപെട്ടതുകൊണ്ടാവണം ഈ വിവരം പുറത്തായത്. ഉടന്‍ പേരിന് ഒരാളെ സസ്‌പെന്‍ഡ് ചെയ്യുന്നു. ബാക്കിയുള്ളവര്‍ സുരക്ഷിതര്‍. അന്വേഷണം നീണ്ടാൽ സെക്രട്ടേറിയറ്റിൽ ഭരണം തിരിക്കുന്നവരുടെ അടുത്തേക്കുവരെ എത്താം.

അതിന്, ഏറ്റവും വലിയ ഉദാഹരണമാണല്ലോ ഹോര്‍ലിക്‌സ് തിരിമറി. തിരുവനന്തപുരത്തെ വലിയതുറയിലുള്ള സപ്ലൈകോ ഗോഡൗണിൽ മൂന്നരലക്ഷം രൂപയുടെ ഹോര്‍ലിക്‌സ് കാണാതായി! ഐസ്‌ക്രീം അലിഞ്ഞുപോവുംപോലെ ഹോര്‍ലിക്‌സ് ഒലിച്ചുപോയെന്ന് ഉദ്യോഗസ്ഥര്‍ പറയാത്തത് ഭാഗ്യം. പ്രതികളായവര്‍ പറഞ്ഞിരുന്നെങ്കിൽ അന്വേഷണോദ്യോഗസ്ഥരും മന്ത്രിയും എന്തിന് അഴിമതിക്കെതിരെ എൽഡിഎഫിനോടു പോലും കുരിശുയുദ്ധം പ്രഖ്യാപിച്ച സിപിഐ നേതൃത്വവുമെല്ലാം വിശ്വസിച്ചുപോയേനെ! അങ്ങനെ പറയാത്തതിനാല്‍ സിപിഐയുടെ നിയന്ത്രണത്തിലുള്ള സംഘടനയുടെ സംസ്ഥാന നേതാവുള്‍പ്പെടെ ഏഴുപേര്‍ സസ്‌പെന്‍ഷനിലായി. ക്രമക്കേട് മൂടിവയ്ക്കാന്‍ കാലാവധി കഴിഞ്ഞ ഹോര്‍ലിക്‌സ് വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് കൊണ്ടുവന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചതും പുറത്തായി. കാണാതായ മൂന്നരലക്ഷം രൂപയുടെ ഉല്പന്നങ്ങള്‍ക്കുപകരം ഹോര്‍ലിക്‌സ് കമ്പനിയായ ഗ്ലാക്‌സോക്ക് നല്‍കാനുള്ള പണത്തില്‍ തട്ടിക്കിഴിച്ച് തടിതപ്പാനായിരുന്നു അടുത്തശ്രമം. എന്തായാലും മന്ത്രിയുടെ ഓഫീസും വേണ്ടപ്പെട്ടവരുമെല്ലാം ഇടപെട്ട് തൊണ്ടിമുതൽ കത്തിച്ചു! നോക്കണം, അഴിമതിക്കെതിരെ മിശിഹായായി സ്വയം പ്രഖ്യാപിച്ച് അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിന്റെ മൂക്കിന്‍ തുമ്പത്ത്, ജനങ്ങള്‍ക്കേറ്റവും പ്രയോജനകരമായ ഒരു മേഖലയിലാണിത് നടന്നത്.

ഈ വാര്‍ത്തകള്‍ വന്നിട്ടും ഒന്നും മിണ്ടാതെ അഴിമതിക്കാര്‍ക്കുവേണ്ടി ചുക്കാന്‍ പിടിക്കുന്നത് എൽഡിഎഫിനെപ്പോലും തിരുത്താന്‍ തുനിഞ്ഞിറങ്ങാറുള്ള സിപിഐ. കാരണം, ഇവിടെ ഇതെല്ലാം നടക്കുന്നത് സിപിഐ കയ്യാളുന്ന വകുപ്പിലാണല്ലോ.

ഇതിന്റെ ഫലമെന്തെന്നോ? ഹോര്‍ലിക്‌സ് ഉള്‍പ്പെടെ ഗ്ലാക്‌സോ കമ്പനിയുടെ ഉല്പന്നങ്ങള്‍ വാങ്ങുന്നതിൽ മാത്രം സപ്ലൈകോയുടെ നഷ്ടം 30 കോടി രൂപ. സംസ്ഥാനത്തെ പൊലീസ് കാന്റീന് 16 വില്പനാ കേന്ദ്രങ്ങളാണുള്ളത്. അവിടെ ഗ്‌ളാക്‌സോ കമ്പനിയുടെ ഉല്പനങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ കൂടുതൽ നൽകിയാണ് 1536 വില്പനകേന്ദ്രങ്ങളുള്ള സപ്ലൈകോ വാങ്ങുന്നത്. കൂടുതല്‍ വിപണനകേന്ദ്രങ്ങള്‍ ഉള്ളിടത്തേക്ക് മൊത്തമായി സാധനങ്ങള്‍ വാങ്ങുമ്പോള്‍ വില വലിയതോതിൽ കുറയുന്നതാണ് സാധാരണ രീതി. സപ്ലൈകോയിൽ അടിത്തട്ടുമുതൽ സെക്രട്ടേറിയറ്റിൽ ഭരിക്കുന്നവര്‍ക്കുള്‍പ്പെടെ വിഹിതം എത്തിക്കേണ്ടതിനാൽ ജനങ്ങള്‍ക്ക് പോകേണ്ട ആശ്വാസം ഇത്തരക്കാരുടെ കീശയിലേക്ക് കൈമറിയുന്നു. ഇതിന്റെ നഷ്ടം നികത്തുന്നത് പലവിധ നികുതിയിലൂടെ പാവം പൊതുജനങ്ങളെ പിഴിഞ്ഞുകൊണ്ടാണല്ലോ.

സപ്ലൈകോയുടെ മെഡിക്കൽ സ്‌റ്റോറുകളിൽ ഇതിനെക്കാള്‍ വലിയ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്. അക്കാര്യത്തിൽ സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കണ്‍സ്യൂമര്‍ഫെഡും മോശക്കാരല്ല. അവരുടെ നീതി മെഡിക്കൽ സ്‌റ്റോറിലേക്കുള്ള മരുന്നുവാങ്ങലും ബഹുകേമമാണ്. വളരെ വേഗത്തി‌ൽ വിറ്റുപോവുന്ന ഒരു മരുന്നുകമ്പനിയുടെ സംസ്ഥാന ചുമതലക്കാരനായ മലയാളിക്ക് മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് സ്വന്തം നാട്ടുകാര്‍ക്ക് നൽകാന്‍ താല്പര്യം. ഈ മരുന്നുകമ്പനി സ്വകാര്യ വിതരണക്കാര്‍ക്ക് 50 ശതമാനംവരെ ഇളവ് നൽകുന്നുണ്ട്. ആ ഇളവ് സപ്ലൈകോ, നീതി മെഡിക്കൽ സ്റ്റോറുകള്‍ക്കും നൽകാം. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് മരുന്നുതരാം. അപ്പോള്‍ പകുതി വിലയ്ക്ക് വിൽക്കാം. ഇതുകേട്ട് നീതി സ്റ്റോറിന്റെ ചുമതലക്കാരന്‍ പറഞ്ഞത് ഇങ്ങനെ: ”സാറേ, 20 ശതമാനം വില കുറച്ചുതന്നാ മതി. ബാക്കി 10 ശതമാനം ഞങ്ങളുടെ വിഹിതമായി തന്നാ മതി. സാറിന്റെ കമ്പനിയുടെ എത്ര ഉല്പനങ്ങള്‍ വേണമെങ്കിലും ഞങ്ങള്‍ എടുത്തുവയ്ക്കാം”. ഇതേവാചകങ്ങള്‍തന്നെ സപ്ലൈകോയി നിന്നും കേട്ടതോടെ അയാള്‍ പകുതിവിലയ്ക്ക് മരുന്ന് നൽകാനുള്ള ഇടപാട് മതിയാക്കി. ഈ ഉദ്യോഗസ്ഥരും സംവിധാനവും ഉള്ളിടത്തോളം അത് നടക്കില്ല എന്ന് മനസ്സിലാക്കാന്‍ മാത്രം ബുദ്ധിയുള്ള ആളായിരുന്നു അയാള്‍.

കണ്‍സ്യൂമര്‍ഫെഡ് ഇപ്പോള്‍ പച്ചപിടിച്ചു വരുന്നുണ്ടെന്നാണ് പ്രചാരണം. നല്ലത്. അടുത്ത ഒരു സര്‍ക്കാര്‍ വരുമ്പോള്‍ ഇപ്പോഴത്തെ സ്ഥിതി അറിയാം. പിന്നെ, ഒരു കാര്യമുള്ളത്, അഴിമതിക്കാരെ ശിക്ഷിക്കുന്ന കാര്യത്തിൽ സര്‍ക്കാരുകള്‍ക്ക് ഒരു താൽപര്യവുമില്ല എന്നതാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡിൽ അഴിമതിയുടെ കുംഭമേളയായിരുന്നുവെന്ന് ഈ സര്‍ക്കാരിന്റെ മന്ത്രിയാണ് വെളിപ്പെടുത്തിയത്. അഴിമതിക്കുത്തരവാദിയായ എം.ഡി മുതൽ താഴോട്ടുള്ളവരെ സസ്പെന്‍ഡു ചെയ്തു. അതിൽ എംഡി ഒഴികെ ബാക്കിയുള്ളവര്‍ തിരിച്ചുകയറിയതായാണ് അറിയുന്നത്. അവരിൽ ചിലര്‍ ഇപ്പോള്‍ താക്കോല്‍ സ്ഥാനങ്ങളിലുമാണ്. എംഡി തിരിച്ചുകയറാത്തത്, സര്‍ക്കാരിന്റെ എതിര്‍പ്പുകൊണ്ടല്ല. ഡെപ്യുട്ടേഷനിലായിരുന്ന അദ്ദേഹം പെന്‍ഷന്‍പറ്റിയതിനാലാണ്!

പച്ചക്കറിവില പൊള്ളുമ്പോഴൊന്നും കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഹോര്‍ട്ടികോര്‍പ്പ് അറിയാറേയില്ല. തമിഴ്‌നാട്ടിൽ നിന്ന് നിലവാരമില്ലാത്ത പച്ചക്കറി വാങ്ങി വന്‍ വിലയിൽ ഇവിടെ ഉപഭോക്താക്കള്‍ക്ക് നാടന്‍ പച്ചക്കറി എന്നുപറഞ്ഞ് നൽകി വഞ്ചിച്ച സ്ഥാപനമാണിത്. അന്നു നടന്ന അഴിമതിയിൽ കൃഷിമന്ത്രി കുറേയേറെ ഇടപെടലുകള്‍ നടത്തി. അദ്ദേഹം തമിഴ്നാട്ടിൽ നിന്നുള്ള (രാസവളമിട്ട) ‘നാടന്‍ ജൈവപച്ചക്കറി’ കൈയോടെ പിടികൂടുകയും ചെയ്തു. ഇവിടത്തെ പാവപ്പെട്ട കൃഷിക്കാര്‍ സ്വന്തം ചെലവിൽ സര്‍ക്കാരിന്റെ കാര്‍ഷികമൊത്തവിപണിയിൽ കാര്‍ഷികോൽപന്നങ്ങള്‍ കൊണ്ടുവരുമ്പോള്‍ അത് സ്വീകരിക്കാതെയായിരുന്നു ഈ കള്ളക്കളി. എം.ഡി ഉള്‍പ്പെടെയുള്ളവര്‍ ഇതേതുടര്‍ന്ന് പുറത്തുപോയെങ്കിലും തുടര്‍നടപടികള്‍ ഇഴയുകതന്നെയാണ്.

അതെ. കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി…! കിട്ടുന്നതൊക്കെ ലാഭം. അല്പമെന്തെങ്കിലും മെച്ചം കിട്ടിയാൽ ചക്കരയിൽ ഈച്ച പൊതിയുംപോലെ ജനം കൂടും. അവരെ പറ്റിച്ചുമാത്രം കഴിയുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും. ഭരണം മാറിയാൽ ഉദ്യോഗസ്ഥര്‍ യൂണിയന്‍ മാറും. എല്ലാക്കാലത്തും ഭരണപക്ഷക്കാരാവുന്ന ഈ അഴിമതിക്കാരെ സംരക്ഷിക്കലാണ് അഞ്ചാണ്ടു കൂടുമ്പോള്‍ മാറിവരുന്ന ഭരണപക്ഷത്തിന്റെ പണി. അതിന് കൈക്കൂലി പല രൂപത്തിൽ ഭരിക്കുന്നവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാണ്. ഇല്ലെങ്കിൽ അധികാരത്തിലേറും മുമ്പ് അഴിമതിക്കെതിരെ പറഞ്ഞതു മുഴുവന്‍ സത്യപ്രതിജ്ഞ കഴിയുന്നതോടെ, കൊടിഭേദമില്ലാതെ ഇവര്‍ മറന്നു പോകുന്നതെന്തു കൊണ്ടാണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:

This post was last modified on May 11, 2018 5:52 pm