X

‘ചേട്ടാ വർക്ക് വല്ലതും ഉണ്ടോ?’ ഈ ചോദ്യം ചോദിച്ച യുവാവ് ആരെന്നു തിരിച്ചറിഞ്ഞപ്പോള്‍ അരൂരിലെ വ്യവസായി പ്രദീപിന്റെ ഉറക്കം നഷ്ടമായി

സ്റ്റീൽ ഫാബ്രിക്കേഷൻ കരാറുമായി ബന്ധപ്പെട്ട് ആറുമാസം മുന്‍പ് ലുലുമാളിൽ പ്രദീപ് എത്തിയപ്പോഴാണ് അഭിമന്യുവിനെ കണ്ടത്

അരൂരിലെ വ്യവസായി സി എ പ്രദീപിന്റെ അഭിമന്യുവുമായി ബന്ധപ്പെട്ട ഒരോർമ മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഏതൊരു മനുഷ്യനെയും ഈറനണിയിക്കുന്നതാണ്. തന്റെയടുത്ത് ഒരിക്കൽ ജോലി ചോദിച്ചെത്തിയ ഒരാൾ മാത്രം ആണ് പ്രദീപിന് അഭിമന്യു പക്ഷേ, ആ ഓർമ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് കിലോമീറ്റർ ബൈക്കിൽ കുതിച്ച് വട്ടവടയിൽ എത്താൻ, അഭിമന്യുവിന്റെ അച്ഛനെ കെട്ടിപ്പിടിച്ച് അദ്ദേഹം കരഞ്ഞു. കുടുംബത്തെ കണ്ടു മുഴുവൻ പിന്തുണയും, സ്നേഹവും ഉറപ്പു നൽകിയ ശേഷം ആണ് അദ്ദേഹം മടങ്ങിയത്. ദേശാഭിമാനിയാണ് പ്രദീപിന്റെ അനുഭവം പങ്കു വെച്ചത്.

സ്റ്റീൽ ഫാബ്രിക്കേഷൻ കരാറുമായി ബന്ധപ്പെട്ട് ആറുമാസം മുന്‍പ് ലുലുമാളിൽ പ്രദീപ് എത്തിയപ്പോഴാണ് അഭിമന്യുവിനെ കണ്ടത്. മുഷിഞ്ഞ പാന്റും ഷർട്ടും ധരിച്ച് ഒരു പിവിസി പൈപ്പും പിടിച്ച് ആ ചെറുപ്പക്കാരൻ പ്രദീപിന്റെയടുത്ത് എത്തി. അവിടെ നടക്കുന്ന ഏതോ ജോലിയിൽ സഹായിയായി എത്തിയതായിരുന്നു അവൻ. പ്രദീപ് കരാറുകാരനാണെന്ന് മനസ്സിലാക്കിയാണ് അവൻ അടുത്തെത്തിയത്. ചേട്ടാ വർക്ക് വല്ലതും ഉണ്ടോയെന്ന് ചോദിച്ചു. മഹാരാജാസ് കോളേജ് വിദ്യാർഥിയാണെന്നും പഠിക്കാനുള്ള പണംകിട്ടാനാണ് ജോലിചെയ്യുന്നതെന്നും പറഞ്ഞപ്പോൾ മനസുപിടഞ്ഞു. വെൽഡിങ‌് അറിയാമോ എന്നുചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. പരിചയമില്ലാത്തവർ അത് ചെയ്താൽ അപകടമാകും എന്നുപറഞ്ഞ് മടക്കുകയും ചെയ്തു. രാത്രി അവനെക്കുറിച്ച് ഓർത്തപ്പോൾ ബിഎക്ക് പഠിക്കുന്ന സ്വന്തം മകൻ ആദിത്യന്റെ മുഖമാണ് പ്രദീപിന്റെ മനസ്സിൽ തെളിഞ്ഞത്. അതുകൊണ്ടുതന്നെ, ഏതോ കുഗ്രാമത്തിൽ നിന്നെത്തി പഠിക്കാൻ വേണ്ടി തൊഴിലെടുക്കുന്ന വിദ്യാർഥിയുടെ രൂപം ഇന്നും മനസ്സിൽ നിന്നും പോയില്ല.

പോപ്പുലര്‍ ഫ്രണ്ട് ഭീകരത പുറത്തുവരണം, അതുപക്ഷേ ആര്‍ എസ് എസിനെ വെള്ളപൂശി ആകരുത്

മഹാരാജാസിലെ കൊലപാതക വാർത്ത പത്രത്തിൽ കണ്ടപ്പോഴാണ് അഭിമന്യുവിനെ തിരിച്ചറിഞ്ഞത്. അവന്റെ ഒറ്റ മുറി വീടും സ്വപ്നങ്ങൾ തകർന്ന ഊരിന്റെ വിലാപവും എല്ലാം വായിച്ചതോടെ ഉറക്കം നഷ്ടപ്പെട്ടു. ഇത്രയും ദൂരം ബൈക്കിൽ പുറപ്പെടാൻ ഒരുങ്ങുമ്പോൾ ഭാര്യ വിജി വിലക്കി നോക്കി. ഒന്നും നോക്കിയില്ല. ബൈക്കിൽതന്നെ പുറപ്പെട്ടു. അഭിമന്യുവിന്റെ നാടുകാണാൻ. യാത്രക്കിടെ മഴ തകർത്തുപെയ്തതൊന്നും അറിഞ്ഞില്ല. കുത്തനെയുള്ള കയറ്റങ്ങളും ഹെയർപിൻ വളവുകളും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും ഓർത്തില്ല. വൈകിട്ട് നാലരയോടെ കൊട്ടക്കാമ്പൂരിലെ ഉൗരിലെത്തി. ആ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞു. അവൻ ജോലി ചോദിച്ച കഥ പറഞ്ഞു. നൽകാതെ തിരിച്ചയച്ചതിലെ കുറ്റബോധം കണ്ണീർക്കടലായി. അമ്മ ഭൂപതിയെയും സഹോദരങ്ങളായ പരിജിത്തിനെയും കൗസല്യയെയും ആശ്വസിപ്പിച്ചു. ഇനിയും വരുമെന്നും മരണം വരെ കൂടെയുണ്ടാകുമെന്നും ഉറപ്പുനൽകി.

മഹാരാജാസ് കോളേജിൽ മത തീവ്രവാദികൾ കൊലപ്പെടുത്തിയ എസ് എഫ് ഐ പ്രവർത്തകനും വിദ്യാർത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തിന്റെ അലയൊലികൾ സോഷ്യൽ മീഡിയയിൽ ഇനിയും കെട്ടടങ്ങിയിട്ടില്ല. സുഹൃത്തുക്കളുടെയും, അധ്യാപികമാരുടെയും, നാട്ടുകാരുടെയും അഭിമന്യുവിന്റെ കുറിച്ചുള്ള ഓർമകളും, അനുഭവങ്ങളും ഓരോ ദിവസവും സോഷ്യൽ മീഡിയ ന്യൂസ് ഫീഡുകളിൽ തിങ്ങി നിറയുമ്പോൾ അദ്ദേഹം മഹാരാജാസിന് മാത്രമല്ല കേരളം സമൂഹത്തിന്റെയാകെ നൊമ്പരമായി മാറുകയാണ്.

This post was last modified on July 9, 2018 3:29 pm