X

മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിയ്ക്കരുതെന്ന് എംഇഎസ്: എതിര്‍പ്പുമായി മുസ്ലിം സംഘടനകള്‍

പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത മതാചാരങ്ങളുടെ പേരിലോ, ആധുനികതയുടെ പേരിലോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

എം.ഇ.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത മതാചാരങ്ങളുടെ പേരിലോ, ആധുനികതയുടെ പേരിലോ ഉള്ള വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

ഇതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ മുഖം മറച്ചുകൊണ്ടുള്ള യാതൊരു തരത്തിലുള്ള വസ്ത്രധാരണത്തിലും ക്ലാസില്‍ വരരുതെന്നും,വിവാദത്തിന് ഇടംകൊടുക്കാതെ ഇത് 2019-20 അദ്ധ്യായന വര്‍ഷം മുതല്‍ പ്രാവര്‍ത്തികമാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

വിയോജിപ്പുമായി സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നു. പ്രസിഡന്റ് പി.എ. ഫസല്‍ ഗഫൂര്‍ ഇറക്കിയ സര്‍ക്കുലറിനെതിരെയാണ് മതസംഘടനകള്‍ രംഗത്ത് വന്നിരിക്കുന്നത്.

മത മൗലികവാദത്തിനെതിരായ തീരുമാനമാണിതെന്ന് ഫസല്‍ ഗഫൂര്‍ പറയുന്നു. ഡ്രസ് കോഡ് തീരുമാനിക്കാന്‍ മാനേജ്‌മെന്റിന് അധികാരമുണ്ടെന്നും ഫസല്‍ ഗഫൂര്‍ പറയുന്നു. സ്ത്രീകള്‍ നഗ്നരായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടരുതെന്നാണ് ഇസ്ലാം അനുശാസിക്കുന്നതെന്നും അതില്‍ മുഖവും ഉള്‍പ്പെടുമെന്നുമാണ് സമസ്ത വക്താവ് ഉമര്‍ ഫൈസി ഇന്നലെ ന്യൂസ് 18ന്റെ ചാനല്‍ ചര്‍ച്ചയില്‍ പ്രതികരിച്ചത്.