X

ഇസ്ളാമിക വസ്ത്രധാരണം; തിരുവനന്തപുരത്ത് പിതാവും സ്കൂളും തമ്മിലടിച്ചു; ഒരു വര്‍ഷമായി പഠനം നഷ്ടപ്പെട്ട് കുട്ടികള്‍

ഒരു സ്ഥാപനത്തിന്റെ ഇതേ പ്രവർത്തന സ്വാതന്ത്ര്യത്തിൽ ഊന്നിക്കൊണ്ടാണ് ഇപ്പോൾ എംഇഎസ്സും സ്വയം പ്രതിരോധിക്കുന്നത്.

ഒരു വിദ്യാർത്ഥിയ്ക്ക് തന്റെ മതപരമായ നിഷ്ഠകൾ പാലിച്ചുകൊണ്ട് വസ്ത്രം ധരിക്കാനുള്ള അവകാശമാണോ, ഒരു സ്ഥാപനത്തിന് അതിന്റെ ഗുണഭോക്താക്കളുടെ താല്പര്യാർത്ഥം ചില നിബന്ധനകൾ ഏർപ്പെടുത്താനുള്ള പൊതു അവകാശമാണോ വലുത് എന്ന നിയമ പ്രശ്നം കൂടി എംഇഎസിന്റെ മുഖാവരണ നിരോധനത്തെ തുടർന്ന് ഉയർന്നു വന്നിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഒരു പ്രത്യേക കേസിന്റെ വിധി ചൂണ്ടികാണിച്ചുകൊണ്ടാണ് എംഇഎസ് ഈ നിയമപ്രശ്‌നങ്ങളെ പ്രതിരോധിച്ചത്. എംഇഎസ് ചൂണ്ടിക്കാട്ടിയ തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്‌കൂൾ കേസിൽ മതപരമായ സ്വാതന്ത്ര്യത്തിനെതിരെ സ്‌കൂളിന്റെ സ്ഥാപനസ്വാതന്ത്ര്യം തന്നെയാണ് നിയമപോരാട്ടത്തിൽ ജയിച്ചത്.

ഇസ്ലാമികമായ ഫുൾ സ്ലീവ് വസ്ത്രങ്ങൾ ധരിച്ച് മാത്രമേ പെണ്മക്കളെ സ്‌കൂളിൽ വിടുകയുള്ളുവെന്ന് വാദിച്ചുകൊണ്ട് നിയമപോരാട്ടത്തിനിറങ്ങിയ ഒരച്ഛനും സ്‌കൂളിന് അതിന്റെതായ യൂണിഫോമുണ്ട് എന്ന് വാദിച്ചുകൊണ്ട് ഒരു സ്‌കൂളും തമ്മിൽ കൊമ്പുകോർത്തപ്പോൾ സ്‌കൂൾ തന്നെ താത്കാലിക വിജയം നേടി. എന്നാൽ ആ കുട്ടികൾ ഒരു വർഷമായി ഇപ്പോൾ വീടിനുള്ളിൽ തന്നെയാണ്. മതം അനുശാസിക്കുന്ന വസ്ത്രം ധരിപ്പിച്ച് മാത്രമേ കുട്ടികളെ സ്‌കൂളിലയക്കൂ എന്ന പിതാവിന്റെ വാശിയിൽ ഏഴാം ക്ലസ്സിലും മൂന്നാം ക്ലസ്സിലും പഠിച്ചിരുന്ന രണ്ട് പെൺകുട്ടികൾക്ക് നഷ്ടപ്പെട്ടത് അവരുടെ സ്‌കൂളും കൂട്ടുകാരും വിഭ്യാഭ്യാസവുമായിരുന്നു.

തിരുവനന്തപുരം നഗരത്തിനടുത്ത് തിരുവല്ലത്തുള്ള ക്രൈസ്റ്റ് നഗർ സീനിയർ സെക്കണ്ടറി സ്‌കൂളിലാണ് 2018 ൽ ഫുൾ സ്ലീവുള്ള വസ്ത്രങ്ങളുടെ പേരിലുള്ള വിവാദം പൊട്ടിപ്പുറപ്പെട്ടത്. ബിസിനസ്സുകാരനായ സുനീർ എന്നയാളുടെ രണ്ട് പെണ്മക്കളാണ് 2018 ൽ ഫുൾ സ്ലീവ് ധരിച്ചുകൊണ്ട് സ്‌കൂളിലെത്തുന്നത്. അന്ന് ഏഴാം ക്ലസ്സിലും മൂന്നാം ക്ലസ്സിലും പഠിച്ചിരുന്ന ഈ പെൺകുട്ടികൾ സ്‌കൂൾ ചട്ടങ്ങളനുസരിച്ച് ഹാഫ് കയ്യുള്ള ഷർട്ടും പാവാടയുമാണ് ധരിക്കേണ്ടിയിരുന്നത്. അടുത്ത അധ്യയന വർഷം മറ്റ് കുട്ടികളെപ്പോലെ ഹാഫ് കൈ ഷർട്ട് ധരിച്ച് വരാൻ സ്‌കൂൾ അധികൃതർ നിർദ്ദേശിച്ചതോടെയാണ് കഥ മാറിയത്. ശരീരം മുഴുവൻ മറയ്ക്കാതെ തന്റെ മക്കളെ സ്‌കൂളിൽ വിടില്ലെന്ന തീരുമാനത്തിൽ സുനീറും, ഒരു പ്രത്യേക വ്യക്തിയുടെ താല്പര്യത്തിനു വേണ്ടി യൂണിഫോമിൽ മാറ്റം വരുത്തില്ലെന്ന് തീരുമാനത്തിൽ സ്‌കൂളും ഉറച്ചുനിന്നു. ഒടുവിൽ കേസ് കോടതിയിലെത്തി. ജഡ്ജ് എ മുഹമ്മദ് മുസ്താഖിന്റെ അധ്യക്ഷതയിലുള്ള സിംഗിൾ ബെഞ്ച് സ്‌കൂളിന് അനുകൂലമായ വിധി പറഞ്ഞു.

ഒരു സ്ഥാപനത്തിന്റെ ഇതേ പ്രവർത്തനസ്വാതന്ത്ര്യത്തിൽ ഊന്നിക്കൊണ്ടാണ് ഇപ്പോൾ എംഇഎസ്സും സ്വയം പ്രതിരോധിക്കുന്നത്.

എന്നാൽ ഇസ്ലാമികമായി ഫുൾ സ്ലീവ് ധരിച്ച് സ്വന്തം ശരീരം മറച്ച് സ്‌കൂളിൽ വരാനുള്ള വ്യക്തിയുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഇത് ലംഘിക്കുന്നുവെന്ന് വാദിച്ചുകൊണ്ട് സുനീർ അപ്പീൽ നൽകുകയായിരുന്നു. ഇന്ന് ഈ വ്യക്തിയ്ക്ക് വേണ്ടി ഒരു അയവ് കൊടുത്താൽ നാളെ മറ്റു മതചിഹ്നങ്ങളായ വെള്ളമുണ്ടും ചന്ദനക്കുറിയും അനുവദിക്കേണ്ടി വരുമെന്നും മൊത്തത്തിലുള്ള സ്‌കൂളിന്റെ ഏകതാന സ്വഭാവത്തിന് മാറ്റം വരുമെന്നുമാണ് സ്‌കൂൾ പ്രിൻസിപ്പൽ മാത്യു ചക്കാലയ്ക്കൽ ഇന്ത്യൻ എക്സ്പ്രെസ്സിനോട് വ്യക്തമാക്കുന്നത്.

പിടിഎ അംഗങ്ങൾ കുട്ടികളെ തിരികെ സ്‌കൂളിൽ വിടാൻ നിർബന്ധിച്ചിട്ടും, കുട്ടികൾ സ്വന്തം വിദ്യാലയവും കൂട്ടുകാരെയും മിസ് ചെയ്യുന്നുണ്ടെന്ന് മനസ്സിലായിട്ടും സ്‌കൂൾ അധികൃതർ അയയുന്നതുവരെ തന്റെ മക്കളെ സ്‌കൂളിൽ വിടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും സുനീർ.

കൂടുതൽ വായനയ്ക്ക്: https://indianexpress.com/article/india/kerala-muslim-educational-society-burqa-veil-ban-high-court-5710772/?pfrom=HP

This post was last modified on May 5, 2019 5:32 pm