X

സ്വന്തം മാതാപിതാക്കളെക്കുറിച്ച് പോലും വി ടി ബല്‍റാം സംശയം പറയുമെന്ന് മന്ത്രി എം എം മണി

എകെജിയ്‌ക്കെതിരായ പരാമര്‍ശത്തിലൂടെ ബല്‍റാമിന്റെ സംസ്‌കാരമാണ് പുറത്തുവന്നതെന്നും എംഎം മണി

എകെ ഗോപാലനെതിരെ ബാലപീഡനം ആരോപിച്ച കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് മന്ത്രി എംഎം മണി. സ്വന്തം മാതാപിതാക്കളെക്കുറിച്ച് പോലും ബല്‍റാം സംശയം പറഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നാണ് മണി പറഞ്ഞത്. എകെജിയ്‌ക്കെതിരായ പരാമര്‍ശത്തിലൂടെ ബല്‍റാമിന്റെ സംസ്‌കാരമാണ് പുറത്തുവന്നത്.

അതേസമയം മണിയുടെ പരാമര്‍ശത്തെക്കുറിച്ച് തല്‍ക്കാലം പ്രതികരിക്കാനില്ലെന്നാണ് ബല്‍റാം പറഞ്ഞിരിക്കുന്നത്. എംഎല്‍എയ്‌ക്കെതിരെ സൈബര്‍ ലോകത്ത് ചൂടുപിടിച്ച ചര്‍ച്ചകളാണ് സിപിഎം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ശക്തമായ പ്രതിഷേധവും ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ന് വൈകിട്ട് എംഎല്‍എയുടെ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തും. സോഷ്യല്‍ മീഡിയയായ ഫേസ്ബുക്കിലെ എംഎല്‍എയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെ തൃത്താലയിലെ എംഎല്‍എ ഓഫീസിന് നേരെ ആക്രമണമുണ്ടായിരുന്നു. പുലര്‍ച്ചെ അജ്ഞാതര്‍ ഇവിടേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിയുകയായിരുന്നു.

സുശീല ഗോപലന് 12 വയസ്സുള്ളപ്പോള്‍ അവരുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എകെജി അവരെ ബാലപീഡനത്തിന് വിധേയയാക്കിയെന്നാണ് ബല്‍റാമിന്റെ കണ്ടെത്തല്‍. എകെജിയുടെ ആത്മകഥയെ ഉദ്ധരിച്ചാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ടിപി വധക്കേസ് അട്ടിമറിച്ചെന്ന സമൂഹ മാധ്യമത്തിലെ പോസ്റ്റും വിവാദമായതോടെ പോലീസിന് ലഭിച്ച പരാതിയില്‍ വെള്ളിയാഴ്ച വി ടി ബല്‍റാമിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

ബല്‍റാമേ, ചരിത്രത്തിലെ വനിതകള്‍ നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ

This post was last modified on January 6, 2018 5:09 pm