X

ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന വാദമുയര്‍ത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ മുന്‍ ഉദ്യോഗസ്ഥന്‍ കെകെ മുഹമ്മദ് ആര്‍ എസ് എസ് പരിപാടിയിൽ

ബാബരി മസ്ജിദ് വിഷയത്തിലുൾപ്പെടെ സംഘപരിവാർ വാദങ്ങളെ പിന്തണയ്ക്കുന്ന തരത്തിൽ വാദങ്ങൾ ഉയർത്തിയ വ്യക്തികൂടിയായിരുന്നു മുഹമ്മദ്.

ആചാര ലംഘകർക്കെതിരെ വോട്ടിലൂടെ പ്രതികരിക്കാൻ ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് – ബി.ജെ.പി പിന്തുണയോടെ കോഴിക്കോട് നടന്ന ‘ഹൈന്ദവം’ പരിപാടിയിൽ ശ്രദ്ധാകേന്ദ്രമായി മുൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായ കെ കെ മുഹമ്മദ്. ഫെബ്രുവരി 28നായിരുന്നു സനാതന ധര്‍മ പരിഷത്ത് സംഘടിപ്പിച്ച മലബാര്‍ മേഖലയിലെ വിശ്വാസികളുടെ സംഗമം സംഘടിപിച്ചത്. ഹിന്ദുവിന്റെ ക്ഷേമത്തിനായി നരേന്ദ്ര മോദി സര്‍ക്കാരിനെ വീണ്ടും ഭരണത്തിലേറ്റണമെന്ന് ആഹ്വാനം ചെയ്തായിരുന്നു ചടങ്ങ് പുരോഗമിച്ചത്. ഈ പരിപാടിയിലാണ് നിലവിൽ ആഗാഖാൻ ട്രസ്റ്റ് ഫോർ കൾച്ചറിന്റെ പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ടിക്കുന്ന കെ കെ മുഹമ്മദ് പങ്കാളിയായത്.

ഇത്തവണ രാജ്യം പത്മശ്രീ നൽകി ആദരിച്ച് വ്യക്തികൂടിയായിരുന്നു കെ കെ മുഹമ്മദ്. സംഘപരിവാറുമായുള്ള അടുത്ത ബന്ധമാണ് മുഹമ്മദിനെ പത്മശ്രീക്ക് പരിഗണിച്ചതിന് പിന്നിലെന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് അദ്ദേഹം പരസ്യമായി കേരളത്തിലെ സംഘപരിവാർ വേദിയിലെത്തുന്നത്. വേദിയിൽ ആദരിക്കപ്പെട്ട ചുരുക്കം ചിലരിൽ ഒരാളായിരുന്നു കെകെ മുഹമ്മദ്.  ശബരിമല ക്ഷേത്രത്തില്‍ പാരമ്പര്യ അനുഷ്ഠാനങ്ങള്‍ നടത്തുന്ന വിവിധ സമ്പ്രദായങ്ങളിലും സമുദായങ്ങളിലുമുള്ള പ്രമുഖരെ ചടങ്ങില്‍ ആദരിച്ച കൂട്ടത്തിലായിരുന്നു നടപടി. ശബരിമല കര്‍മസമിതി ദേശീയ അധ്യക്ഷന്‍ ജസ്റ്റിസ് എന്‍. കുമാറായിരുന്നു അദ്ധ്യക്ഷൻ. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആര്‍എസ്എസ്, ശബരിമല കര്‍മസമിതി അടക്കുള്ളവര്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കടിഞ്ഞാണെടുക്കുന്നതായുള്ള സൂചനയും നല്‍കുന്നതായിരുന്നു ചടങ്ങ്.

ബാബരി മസ്ജിദ് വിഷയത്തിലുൾപ്പെടെ സംഘപരിവാർ വാദങ്ങളെ പിന്തണയ്ക്കുന്ന തരത്തിൽ വാദങ്ങൾ ഉയർത്തിയ വ്യക്തികൂടിയായിരുന്നു മുഹമ്മദ്. ‘ഞാന്‍ ഭാരതീയന്‍’ എന്ന കെ കെ മുഹമ്മദിന്റെ പുസ്തകത്തിലും ഇക്കാര്യം അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. ക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചതെന്ന വാദമാണ് അതിൽ ഉയർത്തിക്കാട്ടുന്നത്. താന്‍ ബാബരി മസ്ജിദിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ കൊത്തിയ ക്ഷേത്രത്തൂണുകള്‍ കണ്ടുവെന്നു മുഹമ്മദ് എഴുതിയിരുന്നു. വിഷയം സജീവമായി നിൽക്കെ ആര്‍എസ്എസ് വാരികയ്ക്ക് രാമക്ഷേത്രത്തിനനുകൂലമായ ആമുഖം നൽകിയ വ്യക്തികൂടിയാണ് പുരാവസ്തു വിദഗ്ധന്‍ കൂടിയായ അദ്ദേഹം. ബാബരി മസ്ജിദ് തർക്കം ഉയരുന്ന സാഹചര്യങ്ങളിൽ പലപ്പോഴും സംഘപരിവാർ നേതാക്കൾ പരാമര്‍ശിക്കുന്ന പേരുകളിൽ ഒന്നാണ് കെ കെ മുഹമ്മദിന്റേതെന്നതും പ്രത്യേകതയാണ്.

എന്നാൽ, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാത്രം സംഘടിപ്പിച്ച ഹൈദവം പരിപാടിയുടെ ഭാഗമാവുന്നതിലൂടെ കേരളത്തിലെ ഹിന്ദു ഇതര സംഘപരിവാർ അനുകുലർക്കിടയിൽ പ്രമുഖനാവാനുള്ള നീക്കം കൂടിയാണ് മുഹമ്മദ് നടപ്പാക്കുന്നുതെന്നാണ് കരുതുന്നത്. ശബരിമല വിഷയത്തിന് പിറകെ ബിജെപിയിലെത്തിയ മുന്‍ ഡിജിപി സെൻകുമാർ, കേരള പിഎസ്‌സി മുന്‍ ചെയര്‍മാനും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെഎസ് രാധാകൃഷ്ണന്‍, എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. കോഴിക്കോട്ടെ കൊടുവള്ളിയിൽ ബീരാൻ കുട്ടി ഹാജിയുടേയും മറിയത്തിന്റെയും അഞ്ച് മക്കളിൽ ഒരാളാണ് കെ കെ മുഹമ്മദ്. ഡെപ്യൂട്ടി സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ആയി യുപിഎസ്എസി വഴി നിയമിതനായ കെ കെ മുഹമ്മദ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഉത്തരമേഖലാ ഡയറക്ടറായാണ് വിരമിച്ചത്.

This post was last modified on March 2, 2019 6:59 pm