9000 കോടിയിലേറെ രൂപ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി വിധി പറയാനിരിക്കെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ അതീവ സുരക്ഷ സൗകര്യങ്ങളോടുകൂടിയ സെല്‍ മല്യക്ക് വേണ്ടി തയ്യാറാക്കി കഴിഞ്ഞു. മല്യയെ വിട്ടുകിട്ടിയാല്‍ ഈ സെല്ലില്‍ ആയിരിക്കും പാര്‍പ്പിക്കുക എന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ജയില്‍ സമുച്ചയത്തിലെ രണ്ട് നില കെട്ടിടത്തിനുള്ളിലുള്ള അതീവ സുരക്ഷ സൗകര്യമുള്ള സെല്ലില്‍ ആയിരിക്കും വിജയ് മല്യയെ പാര്‍പ്പിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതേ ജയില്‍ സമുച്ചയത്തില്‍ തന്നെയായിരുന്നു മുംബൈ ഭീകരാക്രമണത്തില്‍ പങ്കെടുത്ത തീവ്രവാദി അജ്മല്‍ കസബിനെയും പാര്‍പ്പിച്ചിരുന്നത്. മധ്യ മുംബൈയിലായാണ് ജയില്‍ സ്ഥിതി ചെയ്യുന്നത്. ഞങ്ങള്‍ പൂര്‍ണസജ്ജരായി നില്‍ക്കുകയാണ്, ഇന്ത്യക്ക് വിട്ടു കിട്ടിയാല്‍ മല്യയുടെ സുരക്ഷ പൂര്‍ണമായും ഞങ്ങള്‍ നോക്കും; ജയില്‍ അധികൃതര്‍ അറിയിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോഗ്യസംബന്ധമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ മല്യക്ക് നേരിടുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം എത്തിക്കാനായി ജയില്‍ ബാരക്കിനോട് ചേര്‍ന്ന് തന്നെ ഒരു ഡിസ്‌പെന്‍സറി സജ്ജീകരിച്ചിട്ടുണ്ട്. അവിടെ ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ചികിത്സ ലഭ്യമാക്കാന്‍ ഉണ്ടാകും.
മറ്റ് സെല്ലുകളില്‍ നിന്നൊഴിഞ്ഞാണ് അതീവ സുരക്ഷയൊരുക്കിയിരിക്കുന്ന ഈ പ്രത്യേക സെല്‍ സ്ഥിതി ചെയ്യുന്നതെന്നും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സെല്ലിന് ചുറ്റും സിസിടിവി കാമറകള്‍ നിരീക്ഷണത്തിനുണ്ട്. അയുധങ്ങളേന്തിയ സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും എപ്പോഴും സെല്ലിനു ചുറ്റും കാണും. ഇന്ത്യയിലെ ഏറ്റവും മികച്ച ജയില്‍ ആണ് ആര്‍തര്‍ റോഡ് ജയില്‍ എന്നാണ് പറയപ്പെടുന്നത്. അന്താരാഷ്ട്രനിലവാരത്തില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ജയിലിനുള്ളില്‍ മല്യക്ക് ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
This post was last modified on December 10, 2018 4:34 pm
Leave a Comment