റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്‌ളോട്ട് ഒഴിവാക്കി. വൈക്കം സത്യഗ്രവും ക്ഷേത്ര പ്രവേശന വിളംബരവുമടക്കമുള്ള നവോത്ഥാന ചരിത്ര സംഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഫ്‌ളോട്ടാണ് തള്ളിയത്. കേരളത്തില്‍ ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരും ബിജെപി – സംഘപരിവാര്‍ സംഘടനകളും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടക്കുമ്പോള്‍ നവോത്ഥാന പ്രചാരണങ്ങളിലാണ് സിപിഎം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേരളത്തിന്റെ ഫ്‌ളോട്ട് തള്ളിയതെന്നാണ് സൂചനയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി ഒന്നിന് ബിജെപി – സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കെതിരെ നവോത്ഥാന സന്ദേശവുമായി വനിതാ മതില്‍ പരിപാടിയടക്കം സംഘടിപ്പിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് കേരളത്തിന്റെ ഫ്‌ളോട്ട് തള്ളിയത് എന്ന സൂചനയുണ്ട്.
കേരളമടക്കം 19 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് പരിഗണനയിലുണ്ടായിരുന്നത്. നാല് ഘട്ടങ്ങളിലുള്ള പരിശോധനയ്ക്ക് ശേഷം ഇതില്‍ 14 സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളാണ് തിരഞ്ഞെടുത്തത്. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങള്‍ 26ന് ഫ്‌ളോട്ടുകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് ഇത്തരത്തില്‍ യാതൊരു അറിയിപ്പും കിട്ടിയില്ലെന്നാണ് കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത് കുമാര്‍ മാതൃഭൂമിയോട് പറഞ്ഞത്. ഫ്‌ളോട്ടിന്റെ ത്രിഡി ദൃശ്യങ്ങളും ചലനവും സംഗീതത്തോടെ ദൃശ്യവത്കരിച്ചത് കമ്മിറ്റി കണ്ടിരുന്നു. നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ക്കനുസരിച്ച് ഡിസംബര്‍ 20ന് വീണ്ടും അവതരിപ്പിച്ചിരുന്നു. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ദൃശ്യത്തിലുണ്ട്. ബംഗാളി കലാകാരന്‍ ബാബ ചക്രബര്‍ത്തിയാണ് ഫ്‌ളോട്ട് നിര്‍മ്മിച്ചത്.
2014ല്‍ കേരളത്തിന് മികച്ച ഫ്‌ളോട്ടിനുള്ള സ്വര്‍ണ മെഡല്‍ ലഭിച്ചിരുന്നു. 2015ലും 2016ലും കേരളത്തിന്റെ ഫ്‌ളോട്ടുകള്‍ തിരഞ്ഞെടുക്കപ്പെട്ടില്ല. കഴിഞ്ഞ തവണ അഞ്ചാം സ്ഥാനമാണ് നേടിയത്. ഇത്തവണ പ്രതിരോധ മന്ത്രാലയ വിദഗ്ധ സമിതിക്ക് മുന്നില്‍ ആദ്യം ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിനായി പ്രത്യേക പ്രതിനിധിയെ കേരളം അയച്ചിരുന്നു.
This post was last modified on December 24, 2018 9:21 am
Leave a Comment