X

ശശികലയ്ക്ക് ജയിലില്‍ സുഖവാസം: തോന്നുമ്പോള്‍ പുറത്തുപോയി തിരിച്ചുവരുന്നതിന്റെ ദൃശ്യങ്ങള്‍

ജയില്‍ ഗാര്‍ഡുകള്‍ക്ക് മുന്നിലൂടെ സാധാരണ വസ്ത്രമണിഞ്ഞ ശശികലയും ഇളവരസിയും കയ്യില്‍ ബാഗുകളുമായി മെയിന്‍ ഗേറ്റിലൂടെ അകത്ത് കടക്കുന്നതിന്റെ വീഡിയോ ഫൂട്ടേജും ചിത്രങ്ങളുമാണ് കൈമാറിയിരിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന എഐഎഡിഎംകെ നേതാവ് ശശികല ജയിലില്‍ സ്വതന്ത്ര വിഹാരം നടത്തുന്നു. ശശികല സാധാരണ വസ്ത്രത്തില്‍ ജയിലില്‍ നിന്ന് പുറത്തുപോകുന്നതായി വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശശികലയും ബന്ധു ഇളവരസിയും ജയിലിലേയ്ക്ക് വരുന്ന ദൃശ്യങ്ങളാണ് മുന്‍ ജയില്‍ ഡിഐജി ഡി രൂപ, കര്‍ണാടക പൊലീസിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് (എസിബി) കൈമാറിയിരിക്കുന്നത്. ദ ഹിന്ദുവാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശശികലയ്ക്ക് വേണ്ടി ജയില്‍ അധികൃതര്‍ നിയമവിരുദ്ധ സഹായം ചെയ്യുന്നത് പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് രൂപയെ ഗതാഗത വകുപ്പിലേയ്ക്ക് മാറ്റിയിരുന്നു.

ജയില്‍ ഗാര്‍ഡുകള്‍ക്ക് മുന്നിലൂടെ സാധാരണ വസ്ത്രമണിഞ്ഞ ശശികലയും ഇളവരസിയും കയ്യില്‍ ബാഗുകളുമായി മെയിന്‍ ഗേറ്റിലൂടെ അകത്ത് കടക്കുന്നതിന്റെ വീഡിയോ ഫൂട്ടേജും ചിത്രങ്ങളുമാണ് രൂപ എസിബിക്ക് കൈമാറിയിരിക്കുന്നത്. വനിതാ ജയില്‍ സൂപ്രണ്ട് ഇവരെ അനുഗമിക്കുന്നുണ്ട്. എവിടെയാണ് അവര്‍ പോയതെന്നും ആരാണ് ഇത്തരത്തില്‍ പുറത്തുപോകാന്‍ അവര്‍ക്ക് അനുമതി നല്‍കിയതെന്നും അന്വേഷിക്കണമെന്ന് രൂപ ആവശ്യപ്പെട്ടു. 1988ലെ പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ട് സെക്ഷന്‍ 13 (1) (c) പ്രകാരം ഇത്തരത്തിലുള്ള സഹായം അധികാര ദുര്‍വിനിയോഗവും ശിക്ഷാര്‍ഹമായ കുറ്റവുമാണെന്ന് ഡി രൂപ ചൂണ്ടിക്കാട്ടുന്നു. ജയിലിലെ വനിതാ സെക്ഷന്റെ അകത്തോ പുറത്തോ പുരുഷ ഗാര്‍ഡുകള്‍ ഉണ്ടാകാറില്ല. ഇത് റോഡില്‍ നിന്നുള്ള ജയിലിന്റെ മെയിന്‍ ഗേറ്റാണെന്ന് വ്യക്തമാണെന്നും 12 പേജുള്ള റിപ്പോര്‍ട്ടില്‍ രൂപ പറയുന്നു.

ശശികലയ്ക്ക് സന്ദര്‍ശകരെ കാണാനായി ജയിലില്‍ പ്രത്യേക മുറി അനുവദിച്ചിട്ടുണ്ട്. ഇവിടെ സിസിടിവി ക്യാമറയുമുണ്ട്. എന്നാല്‍ ഈ മുറിയില്‍ അവര്‍ ആരെയും കാണുന്നില്ല. ശശികലയെ ആരൊക്കെ സന്ദര്‍ശിക്കുന്നു എന്ന കാര്യം പരിശോധിക്കേണ്ടതാണ് – രൂപ പറയുന്നു. ജയിലിലെ ക്രമക്കേടുകള്‍ അന്വേഷിക്കുന്ന വിനയ് കുമാര്‍ കമ്മിറ്റിക്കും രൂപ തെളിവ് കൈമാറിയിട്ടുണ്ട്. വിനയ് കുമാര്‍ കമ്മിറ്റി നേരത്തെ മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോര്‍ട്ട് കൈമാറിയിരുന്നു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിയിരിക്കുകയാണ്.

This post was last modified on August 21, 2017 10:12 am